ADVERTISEMENT

ന്യൂയോര്‍ക്ക്∙ അമേരിക്കയില്‍ സ്ത്രീകളെ ലൈംഗിക അടിമകളാക്കി നെക്‌സിയം സംഘടന നടത്തിയിരുന്ന സ്വയം പ്രഖ്യാപിത 'ഗുരു'വിന് 120 വര്‍ഷം തടവുശിക്ഷ.

കെയ്ത്ത് റാനിയര്‍ (60) എന്നയാളെയാണ് ന്യൂയോര്‍ക്ക് കോടതി 120 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചത്. ആയിരക്കണക്കിനു സമ്പന്നരും പ്രശ്‌സ്തരായ വ്യക്തികളുമാണ് കെയ്ത്തിന്റെ ശിഷ്യഗണത്തിലുള്ളത്. സ്ത്രീകളെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിനു പ്രേരിപ്പിച്ചു, കുട്ടികളെ കടത്തിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത ജോലി എടുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

5000 ഡോളര്‍ ഫീസ് ഈടാക്കി അഞ്ചു ദിവസത്തെ കോഴ്‌സിലേക്കാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ പിന്നീട് ഇവരെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. പിരമിഡ് മാതൃകയിലുള്ള പരിപാടിയില്‍ സ്ത്രീകള്‍ ലൈംഗിക അടിമകളും കെയ്ത്ത് ഏറ്റവും മുകളില്‍ ഗ്രാന്‍ഡ് മാസ്റ്ററുമാണ്. തുടര്‍ന്ന് ഗുരുവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കും. പിന്നീട് ഇവരുടെ വ്യക്തിവിവരങ്ങളും ചിത്രങ്ങളും ശേഖരിക്കുകയും ചെയ്യും. 

15 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ 2019ല്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഇയാളുടെ ഇരകളില്‍ 13 സ്ത്രീകള്‍ കോടതിയില്‍ എത്തിയിരുന്നു. 90 പേര്‍ ജഡ്ജി നിക്കോളാസ് ഗരൗഫിസിനു കത്തെഴുതുകയും ചെയ്തു. സ്വയം ഗുരുവായി പ്രഖ്യാപിച്ച കെയ്ത്ത് യഥാര്‍ഥത്തില്‍ ഒരു തട്ടിപ്പുകാരനാണെന്ന് ജഡ്ജി പറഞ്ഞു. 

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കെയ്ത്ത് കോടതിയില്‍ പറഞ്ഞു. തന്റെ അനുയായികള്‍ക്ക് ഏതെങ്കിലും തരത്തില്‍ വിഷമമുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്നും കെയ്ത്ത് വ്യക്തമാക്കി. കേസില്‍ പ്രശസ്തരായ മറ്റ് അഞ്ചു പേര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. 1998ല്‍ ന്യൂയോര്‍ക്കില്‍ സ്ഥാപിച്ച നെക്‌സിയം എന്ന സംഘടന സ്വയം നവീകരണ കോഴ്‌സുകള്‍ നടത്തിയാണു പ്രശസ്തമായത്.  

English Summary: US Self-Styled Guru, Guilty Of Leading Sex Cult, Jailed For 120 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com