സോളർ കേസ് പ്രതിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളിക്കെതിരെ കേസെടുത്തു

mullappally-ramachandran-1
മുല്ലപ്പള്ളി രാമചന്ദ്രൻ
SHARE

തിരുവനന്തപുരം ∙ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സ്വമേധയാ കേസെടുത്ത് വനിത കമ്മിഷന്‍. യുഡിഎഫ് സമരവേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പളളി രംഗത്തെത്തിയതിനു പിന്നാലെയാണു നടപടി. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം പൊള്ളയെന്നും നടപടിയെടുക്കുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പ്രതികരിച്ചിരുന്നു. 

പീഡനത്തിനിരയായ സ്ത്രീ ആത്മാഭിമാനമുണ്ടെങ്കില്‍ മരിക്കുമെന്നും ഇല്ലെങ്കില്‍ പീഡനം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നുമാണു സോളര്‍ കേസ് പ്രതിയെ ഉദ്ദേശിച്ച് മുല്ലപ്പള്ളി പറഞ്ഞത്. സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തെന്നു വിലപിക്കുന്ന സ്ത്രീയാണിതെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നു അതേവേദിയില്‍ വച്ചുതന്നെ മുല്ലപ്പള്ളി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു.

കോണ്‍ഗ്രസ് നേതാവ് എ.പി.അനില്‍കുമാര്‍ ബലാത്സംഗം ചെയ്തതായി സോളര്‍ കേസ് പ്രതി വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കിയ പശ്ചാത്തലത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശങ്ങള്‍. മുങ്ങിത്താഴാനിരിക്കെ അഭിസാരികയായ സ്ത്രീയെ അണിയറയില്‍ വേഷം കെട്ടിച്ച് നിര്‍ത്തിയിരിക്കുകയാണ് മുഖ്യമന്ത്രി എന്നു പറഞ്ഞാണ് മുല്ലപ്പള്ളി തുടങ്ങിയത്.

പ്രസംഗം അവസാനിപ്പിച്ച ഉടനെ പരാമര്‍ശങ്ങള്‍ വിവാദമായ കാര്യം വേദിയില്‍ ഇരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുല്ലപ്പള്ളിയെ അറിയിച്ചു. ചാനലുകളില്‍ വരുന്ന വാര്‍ത്ത മൊബൈൽ ഫോണില്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനുമായി വേദയില്‍ വച്ചുതന്നെ കൂടിയാലോചിച്ച് മുല്ലപ്പള്ളി മൈക്കിനടുത്തു വന്ന് ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

മുമ്പും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടന്ന സമരവേദയില്‍ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ കോവിഡ് രാജകുമാരി, നിപ്പ റാണി എന്നെല്ലാം മുല്ലപ്പള്ളി വിളിച്ചതാണ് അന്നു വിവാദമായത്.

English Summary : State women Commission registered case against Mullapaplly Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ