ADVERTISEMENT

വാഷിങ്ടൻ ∙ അടുത്ത യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇന്ത്യൻ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. പോളിങ് പൂർത്തിയായാലുടൻ വോട്ടെണ്ണൽ ആരംഭിക്കുകയും ആദ്യഫല സൂചനകൾ ലഭിച്ചുതുടങ്ങുകയും ചെയ്യും. എന്നാൽ, തപാൽ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ വൈകുമെന്നതിനാൽ അന്തിമഫലം വൈകും. എല്ലാ സ്ഥലങ്ങളിലും വോട്ടിങ്ങ് കേന്ദ്രങ്ങൾക്ക് മുന്നിൽ ജനങ്ങളുടെ വലിയ നിരതന്നെയാണുള്ളത്. പലരും നേരത്തെ വന്ന് ക്യൂവിൽ ഇടം പിടിച്ചു. മിക്കവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിച്ചുമാണ് പോളിങ് കേന്ദ്രങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈ‍ഡൻ എന്നിവർ വളരെ പ്രതീക്ഷയിലാണ്. താൻ ജയിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. യാത്ര വൈറ്റ് ഹൗസിലേക്കാകുമെന്ന് ബൈഡനും സൂചിപ്പിക്കുന്നു.

മുൻകൂറായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അവസരം ഇതിനോടകം 10 കോടി വോട്ടർമാർ ഉപയോഗിച്ച സാഹചര്യത്തിൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനം ഇത്തവണ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഡമോക്രാറ്റ് സ്ഥാനാർഥിയായ ജോ ബൈ‍ഡനും പോളിങ്ങിനു മുൻപുള്ള അവസാന മണിക്കൂറുകളിൽ നിർണായക സംസ്ഥാനങ്ങളിൽ പ്രചാരണത്തിലായിരുന്നു.

ഡോണൾഡ് ട്രംപിനെക്കാൾ ജോ ബൈ‍ഡന് മുൻതൂക്കമുണ്ടെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഫ്ലോറിഡയും പെൻസിൽവേനിയയും പോലെ നിർണായക സംസ്ഥാനങ്ങളിൽ നേരിയ വ്യത്യാസത്തിനാണെങ്കിലും വിജയം ഉറപ്പാക്കാനായാൽ ഇലക്ടറൽ വോട്ടിൽ ഭൂരിപക്ഷം നേടി ട്രംപിനു വീണ്ടും പ്രസിഡന്റാകാൻ കഴിഞ്ഞേക്കും.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്ങനെ?

ഇലക്‌ടറൽ കോളജ്?

യുഎസിലെ മറ്റു തിരഞ്ഞെടുപ്പുകളിൽ പ്രതിനിധികളെ ജനം നേരിട്ട് തിരഞ്ഞെടുക്കുമ്പോൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ അങ്ങനെയല്ല. ഓരോ സ്റ്റേറ്റിലും തിരഞ്ഞെടുക്കപ്പെടുന്ന ഇലക്ടര്‍മാരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ഇലക്ടറൽ കോളജ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതനുസരിച്ച് ഓരോ സ്റ്റേറ്റിനും നിശ്ചിത എണ്ണം ഇലക്ടർമാരെ ലഭിക്കും. യുഎസിലെ 50 സ്റ്റേറ്റുകളിലെയും തലസ്ഥാനമായ വാഷിങ്ടൻ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെ മൂന്നു വോട്ടുകളുമടക്കം 538 ഇലക്ടറൽ വോട്ടുകൾ ചേർന്നതാണ് ഇലക്ടറർ കോളജ്

ഇന്ത്യയുടെ പാർലമെന്റിനു സമാനമായി യുഎസിൽ കോൺഗ്രസ് ആണ്. നമ്മുടെ ലോക്‌സഭയും രാജ്യസഭയും പോലെ അവിടെ ജനപ്രതിനിധി സഭയും സെനറ്റും. സെനറ്റ്, ജനപ്രതിനിധി സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പും നവംബർ മൂന്നിനാണ്.

270 വോട്ടുകളാണ് ജയിക്കാനുള്ള ഭൂരിപക്ഷം. നവംബർ മൂന്നിനാണ് പ്രധാന തിരഞ്ഞെടുപ്പ്. അതിനു മുന്നോടിയായി ചില സ്റ്റേറ്റുകളിൽ പോളിങ് ബൂത്തുകൾ സജ്ജമാക്കി വോട്ടിന് അവസരമൊരുക്കാറുണ്ട്. ഇന്ത്യയിലേതു പോലെയല്ല. ബാലറ്റ് സംവിധാനമാണ് യുഎസിൽ. ഇത് പോസ്റ്റല്‍ വോട്ടായും ചെയ്യാം. ഓരോ സ്റ്റേറ്റിലും ജയിച്ച പാർട്ടിയുടെ ഇലക്ടറൽ കോളജ് പ്രതിനിധികൾ അവരുടെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ഡിസംബർ 14ന് വോട്ടു ചെയ്യും. അതിനു മുൻപുതന്നെ ആരാണു വിജയിയെന്നതിന്റെ ഏകദേശ രൂപം ആദ്യഫലങ്ങളിലൂടെയും സർവേകളിലൂടെയും മറ്റും പുറത്തുവന്നിട്ടുണ്ടാകും.

ജനപ്രതിനിധി സഭയും സെനറ്റും ജനുവരി ആറിന് ഉച്ചയ്ക്ക് ഒന്നിന് സംയുക്ത സമ്മേളനം നടത്തി ഇലക്ടറൽ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജനുവരി 20ന് പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യും

2020ൽ ആരെല്ലാമാണ് മത്സരക്കളത്തിൽ?

യുഎസിൽ പ്രധാനമായും രണ്ടു പാർട്ടികളാണ്– റിപ്പബ്ലിക്കൻ പാർട്ടിയും (ഗ്രാൻഡ് ഓൾഡ് പാർട്ടി അഥവാ ജിഒപിയെന്നു വിളിപ്പേര്) ഡമോക്രാറ്റിക് പാർട്ടിയും. നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇത്തവണയും റിപ്പബ്ലിക്കൻ സ്ഥാനാർഥി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് മൈക്ക് പെൻസും. ജോ ബൈഡനാണ് ഡമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാർഥി. ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുന്നു. നവംബർ മൂന്നിലെ തിരഞ്ഞെടുപ്പിനു പിന്നാലെ ആദ്യഫല സൂചനകൾ അറിയാനാകും.

ട്രംപ് പരാജയപ്പെട്ടാൽ, 1992നു ശേഷം പ്രസിഡന്റായിരിക്കെ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട് തോൽവി ഏറ്റുവാങ്ങുന്ന ആദ്യ പ്രസിഡന്റാകും. പ്രസിഡന്റായിരിക്കെ 1992ൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട ജോർജ് ബുഷ് സീനിയർ ഡമോക്രാറ്റ് സ്ഥാനാർഥി ബിൽ ക്ലിന്റനോട് പരാജയപ്പെട്ടിരുന്നു.

English Summary: US Presidential election voting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com