ADVERTISEMENT

കേന്ദ്ര ഏജൻസികളെ കേരള സർക്കാർ ഇത്രമേൽ ഭയപ്പെടുന്നതും പ്രതിരോധിക്കുന്നതും മുൻപുണ്ടായിട്ടില്ല; ഇത്രയും ചുറ്റിവരിഞ്ഞ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉൾ‌പ്പെടെയുള്ളവ നിലകൊണ്ടിട്ടുമില്ല. തീർത്തും അസാധാരണ സാഹചര്യം. സ്വർണക്കടത്തിൽ തുടങ്ങിയ അന്വേഷണം ഇപ്പോൾ ഇടതു സർക്കാരിന്റെ അഭിമാന പദ്ധതികളിലേക്കും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റിലേക്കുംവരെ കടന്നിരിക്കുന്നു. ബാലാവകാശ കമ്മിഷനെ അടക്കം അണിനിരത്തിയുള്ള അറ്റകൈ പ്രതിരോധമാണു സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ആവശ്യപ്പെട്ട ഇഡി ഉദ്യോഗസ്ഥരോടു വിശദീകരണം തേടാൻ നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയും തീരുമാനിച്ചു. 7 ദിവസത്തിനകം വിശദീകരണം നൽകാനാണു നിർദേശം. കേന്ദ്ര ഏജൻസിയോടു വിശദീകരണം തേടുന്നത് അപൂർവമാണ്. ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്നു കാട്ടി ജയിംസ് മാത്യു എംഎൽഎയാണു സ്പീക്കർക്കു പരാതി നൽകിയത്. സ്പീക്കർ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്കു പരാതി കൈമാറുകയായിരുന്നു.

ലൈഫ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നതായി എംഎൽഎ പരാതിയിൽ പറയുന്നു. ഭവനരഹിതരായ മുഴുവൻ പേർക്കും വീട് നൽകുമെന്നു സഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. ഇതു തടസ്സപ്പെടുത്തുന്നത് അവകാശലംഘനമാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഇഡി അന്വേഷിക്കുന്ന ബിനീഷ് കോടിയേരി വിഷയവും രാഷ്ട്രീയമായി നേരിടാനാണു സിപിഎം തീരുമാനം. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്നാണു സിപിഎം ആരോപണം. ഇഡി നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടാനും പാർട്ടി തീരുമാനിച്ചു.

ed-raid-at-bineesh-s-house-relatives-protesting-1
ഇഡി റെയ്ഡ് നടക്കുമ്പോൾ ബിനീഷിന്റെ വീടിനു പുറത്തു പ്രതിഷേധിക്കുന്ന ബന്ധുക്കൾ.

∙ വിമർശനവും പരാതിയുമായി കുടുംബം

വീട്ടില്‍നിന്നു കണ്ടെടുത്ത സാധനങ്ങളുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നും ഇല്ലെങ്കിൽ ബിനീഷ് ഇനിയും കുടുങ്ങുമെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞതായി ഭാര്യ റെനീറ്റ മാധ്യമങ്ങളോടു വെളിപ്പെടുത്തി. ഇഡി ഉദ്യോഗസ്ഥർ ആകെ എടുത്തത് അമ്മയുടെ ഐഫോൺ മാത്രമാണ്. ബിനീഷ് ബോസും ഡോണും അല്ല, സാധാരണ മനുഷ്യന്‍ മാത്രമാണെന്നും പറഞ്ഞപ്പോൾ റെനീറ്റ വിങ്ങിപ്പൊട്ടി. അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയെന്ന മഹസറില്‍ ഒപ്പിട്ടില്ലെന്നും റെനീറ്റ പറഞ്ഞു.

മണിക്കൂറുകളോളം തടഞ്ഞുവച്ചുള്ള ഇഡിയുടെ പരിശോധനയ്ക്കെതിരെ ബിനീഷിന്റെ കുടുംബം സിജെഎം കോടതിയിൽ ഹർജി നൽകി . ബിനീഷിന്റെ കുട്ടിയെ അന്യായമായി തടവിൽ വച്ചുവെന്ന് അഭിഭാഷകൻ പറഞ്ഞു. ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയിൽ ഇഡിക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. ഇഡിക്കെതിരെ ബാലാവകാശ കമ്മിഷന്റെ നടപടിയും അപൂർവമാണ്. ബിനീഷിന്റെ കുട്ടിയെ ഇഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നും ഭയപ്പെടുത്തിയെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോട് അന്വേഷിക്കാനും ആവശ്യമെങ്കില്‍ കേസെടുക്കാനും കമ്മിഷൻ നിര്‍ദേശിച്ചു. വ്യാജ തെളിവിൽ ഒപ്പിടാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ഇഡി ഡയറക്ടർക്കും ബിനീഷിന്റെ കുടുംബം പരാതി നൽകി. ഒപ്പിടാൻ വിസ്സമ്മതിച്ചതിനെ തുടർന്നു മാനസികമായി ഉപദ്രവിച്ചെന്നും ആക്ഷേപമുണ്ട്. റെയ്ഡ് തടസപ്പെടുത്തിയെന്നാരോപിച്ച് ഇഡിയും പൊലീസിനെ സമീപിച്ചു.

1200-m-sivasankar-pinarayi-swapna-suresh
എം.ശിവശങ്കർ, പിണറായി വിജയൻ, സ്വപ്ന സുരേഷ്

ബെംഗളൂരു ലഹരിയിടപാടുമായി ബന്ധപ്പെട്ട പണമിടപാടു കേസിലെ പ്രതിയായ ബിനീഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡിക്കെതിരെ കേസെടുക്കാനുളള പൊലീസ് നീക്കം പാളി. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് നിയമപരമെന്നും സെര്‍ച്ച് വാറന്റ് ഉണ്ടായിരുന്നെന്നും ഇഡി പൊലീസിനോടു വിശദീകരിച്ചു. വിശദീകരണം തേടിയ ശേഷം കേസെടുക്കാനായിരുന്നു പൊലീസ് നീക്കം. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യമാണെന്നും ഇഡി അന്വേഷണത്തില്‍ പ്രവചനത്തിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

∙ സിപിഎം നേരിടുന്നത് കടുത്ത പ്രതിസന്ധി

കേരളത്തിൽ സമീപകാലത്തൊന്നും ഇത്രയും കടുത്ത പ്രതിസന്ധി എൽഡിഎഫ് നേരിട്ടിട്ടില്ല, പ്രത്യേകിച്ചും സിപിഎം. രാജ്യത്തു ഭരണമുള്ള ഏക സംസ്ഥാനത്ത് ഒരേ സമയം മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ആരോപണ മുൾമുനയിൽ. സംസ്ഥാനത്തു പാർട്ടിയെ നയിക്കുന്ന രണ്ടു പൊളിറ്റ്ബ്യൂറോ അംഗങ്ങളാണ് ഇരുവരുമെന്നതു വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ഓരോ ദിവസവും കേന്ദ്ര ഏജൻസികൾ പുതിയ അന്വേഷണവുമായി രംഗത്തു വരുന്നതു പാർട്ടിക്കും സർക്കാരിനുമുണ്ടാക്കുന്ന ക്ഷീണം വലുതാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ഓഫിസും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വീടും ചതിച്ചുവെന്ന വികാരമാണ് എൽഡിഎഫ് നേതാക്കൾ പങ്കിടുന്നത്.

സ്വർണക്കടത്ത് കേസിൽ തുടങ്ങിയ ആരോപണങ്ങളും അന്വേഷണങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസും പിന്നിട്ട് മുന്നേറുകയാണ്. മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരായ അന്വേഷണങ്ങളെ ആദ്യഘട്ടത്തിൽ സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിന്നീടു നിലപാട് മാറ്റി. ശിവശങ്കറിന്റെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ മൊഴി രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പാർട്ടിയുമായി ഏറെ അടുപ്പമുള്ള, മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ ഇഡി വിളിപ്പിക്കുമ്പോൾ സിപിഎമ്മിൽ ചങ്കിടിപ്പേറുന്നു.

Kodiyeri-Balakrishnan-Bineesh-Kodiyeri
കോടിയേരി ബാലകൃഷ്ണൻ, ബിനീഷ് കോടിയേരി

സർക്കാരിനെതിരെ എട്ടു കേന്ദ്ര ഏജൻസികളാണ് അരയുംതലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. സിബിഐ, ഐബി, ഐടി, ഇഡി, എൻസിബി, എൻഐഎ, കസ്റ്റംസ്, റോ. ഇതു കൂടാതെ കേരള പൊലീസും സംസ്ഥാന വിജിലൻസും വിവിധ അന്വേഷണങ്ങൾ നടത്തുന്നു. ഇതിനെയെല്ലാം പ്രതിരോധിച്ചു വരവെയാണു കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇഡി പിടികൂടിയത്. ബെംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ പണമിടപാടിലാണു നടപടി. ബിനീഷിനു ലഹരിമരുന്ന് ഉപയോഗവും ഇടപാടുമുണ്ടെന്നും ഇഡി ആരോപിക്കുന്നു.

∙ തടയിടാൻ വഴിതേടി സർക്കാർ

സർക്കാരിന്റെ അഭിമാന പദ്ധതികളിൽ ഇഡി നടത്താനൊരുങ്ങുന്ന അന്വേഷണത്തിനു തടയിടാൻ വഴിതേടുകയാണു സർക്കാർ. അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയെന്നു സൂചനയെങ്കിലും സ്ഥിരീകരിക്കാൻ സർക്കാർ വൃത്തങ്ങൾ തയാറായില്ല. ഇഡി ആവശ്യപ്പെട്ട രേഖകൾ കൈമാറുന്ന കാര്യത്തിൽ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുത്താൽ മതിയെന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വിവരാവകാശ നിയമപ്രകാരം ഏതൊരാളും ചോദിച്ചാൽ സർക്കാർ നൽകാൻ ബാധ്യസ്ഥമായ രേഖകളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

സിബിഐ അന്വേഷണത്തിനു തടയിട്ടതു പോലെ ഇഡിയോടു മുഖം തിരിക്കാൻ കഴിയില്ലെന്നാണു നിയമവിദഗ്ധരുടെ പക്ഷം. എം.ശിവശങ്കർ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇൗ സമ്പാദ്യവും നിക്ഷേപവും എവിടെനിന്നു വന്നുവെന്നു കണ്ടെത്തേണ്ടതു കേസിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ശിവശങ്കർ ഇതേക്കുറിച്ചു മറുപടി നൽകുന്നില്ല. തുടർന്നാണു ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ നിലകളിൽ നടത്തിയ മുഖ്യ ഇടപെടലുകൾ ഇഡി പരിശോധിക്കുന്നത്.

ദിവസങ്ങളായി ഇഡി ബിനീഷിനെ ചോദ്യം ചെയ്യുകയാണ്. ഒപ്പം കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വീട്ടിൽ 26 മണിക്കൂർ നീണ്ട റെയ്ഡും നടത്തി. ബിനീഷുമായി ബന്ധപ്പെട്ട തിരുവനന്തപുരത്തെ ആറിടങ്ങളിലാണ് ഇഡി സർവ സന്നാഹത്തോടെ പരിശോധന നടത്തിയത്. കേരള പൊലീസിനു സൂചന പോലും നൽകിയില്ല. സിആർപിഎഫാണു സുരക്ഷ ഒരുക്കിയത്. ഇഡി സംഘത്തിനൊപ്പം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കേരള പൊലീസിന്റെ സഹായമില്ലാതെ ഇഡി നടത്തിയ മിന്നൽ റെയ്ഡ് സർക്കാരിനെയും സിപിഎമ്മിനെയും ഞെട്ടിച്ചു. ഇതോടെ കേന്ദ്ര ഏജൻസികൾക്കെതിരെ പ്രതിരോധം ശക്തമാക്കാൻ അടവുകൾ പലതും പയറ്റുകയാണു പാർട്ടി.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പൊതുജനമധ്യത്തിൽ സിപിഎം കടുത്ത വിചാരണ നേരിടുകയാണ്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രതിരോധത്തിനു പക്ഷേ സഖ്യകക്ഷികളുടെ പോലും കാര്യമായ പിന്തുണയില്ല. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും രാജിക്കായും മുറവിളി ഉയരുന്നു. സിപിഎമ്മിനുണ്ടായ ഇരട്ടപ്രഹരം പരമാവധി മുതലെടുക്കുകയാണു പ്രതിപക്ഷവും ബിജെപിയും. അടിതടകൾ പിഴച്ചുവോ എന്ന ആധിയെ മറികടക്കാനാണു തീരുമാനമെങ്കിലും അതെത്ര ഫലിക്കുമെന്നു കണ്ടറിയണം.

English Summary: CPM, LDF Government under pressure over investigation by Central Agencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com