ADVERTISEMENT

തിരുവനന്തപുരം∙സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളില്‍. കോവിഡ് പശ്ചാത്തലത്തിൽ 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ പറ‍ഞ്ഞു. നവംബര്‍ 12-ന് വിജ്ഞാപനം പുറപ്പെടുവിക്കും.

ഒന്നാം ഘട്ടം -ഡിസംബർ 8 (ചൊവ്വ)– തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. ഇടുക്കി, 

രണ്ടാം ഘട്ടം– ഡിസംബർ 10(വ്യാഴം)– കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്.

മൂന്നാം ഘട്ടം– ഡിസംബർ 14(തിങ്കൾ)– മലപ്പുറം. കോഴിക്കോട്, കണ്ണൂർ, കാസർകോട്

ഡിസംബർ 16ന് വോട്ടെണ്ണൽ നടക്കും. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകിട്ട് 6വരെ. രാവിലെ 8 മണിക്കു വോട്ടെണ്ണൽ ആരംഭിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ്.

മട്ടന്നൂർ മുനിസിപ്പാലിറ്റിയിലാണ് തിരഞ്ഞെടുപ്പ് നടക്കാത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനങ്ങൾ. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ ശാരീരിക അകലം എന്നിവ നിർബന്ധമാണ്. ഡിസംബർ 31നു മുൻപ് ഭരണസമിതികൾ അധികാരത്തിലേറുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. അന്തിമ വോട്ടർപട്ടിക ഒക്ടോബർ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. 2,71,20,823 വോട്ടർമാരാണുള്ളത്. നവംബർ 10ന് അഡീ.വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 34774 പോളിങ് സ്റ്റേഷൻ സജ്ജമാക്കി.

ക്വാറന്റീനിൽ കഴിയുന്നവർക്കും, കോവിഡ് ബാധിച്ചവർക്കും പോസ്റ്റൽ വോട്ടിനു സൗകര്യമുണ്ടായിരിക്കും. പോളിങിനു 3 ദിവസം മുൻപ് അപേക്ഷിക്കണം.

നവംബർ 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 20 ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 23 ആണ്. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു (6) മുതൽ നിലവിൽ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു. 

കോവിഡ് പോസിറ്റീവായാൽ സ്ഥാനാർഥികൾ പ്രചരണത്തിൽനിന്ന് മാറി നിൽക്കണം. നെഗറ്റീവായതിനുശേഷം ആരോഗ്യവിദഗ്ധരുടെ നിർദേശത്തിനുശേഷമേ പുറത്തിറങ്ങാവൂ. പോളിങ് സ്റ്റേഷനിലെത്തുമ്പോൾ വോട്ടർമാരെ തിരിച്ചറിയുന്നതിനു മാസ്ക് മാറ്റണം. സീനിയർ സിറ്റിസൺസ് 1 മണി മുതൽ 2 മണിവരെ തിരക്കില്ലാത്ത സമയത്ത് വോട്ടിങിനു വരുന്നതാകും ഉചിതം. ഒരു ബൂത്തിൽ 1 പൊലീസുകാരൻ. മറ്റിടങ്ങളിൽ കൂടുതൽ പൊലീസ് ഉണ്ടാകും. പ്രശ്നബാധിത ബൂത്തുകളിൽ ക്യാമറ സ്ഥാപിക്കും. വോട്ടർപട്ടിക സംബന്ധിച്ച് കിട്ടിയ പരാതികളിൽ നടപടിയെടുക്കുമെന്നു കമ്മിഷൻ വ്യക്തമാക്കി. 

തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം, ഇവിഎം ഫസ്റ്റ് ലെവല്‍ ചെക്കിങ് എന്നിവ പുരോഗമിച്ച് വരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പു നടത്തിപ്പിന് ഏകദേശം 2 ലക്ഷം ജീവനക്കാരെ കമ്മിഷൻ നിയോഗിക്കും. കോവിഡ് പശ്ചാത്തലത്തിൽ സ്ഥാനാർഥികളുടെ യോഗത്തിനു നിയന്ത്രണമുണ്ട്. സ്ഥാനാർഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണ പരിപാടി പാടില്ല.

കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും തിരഞ്ഞെടുപ്പ് നടക്കുക. പോളിങ് സ്റ്റേഷനുകളിൽ സാനിറ്റൈസർ നിർബന്ധമാക്കും. നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ കാലാവധി ഈ മാസം 11 ന് അവസാനിക്കും. 1995 മുതൽ നടന്ന 5 തദ്ദേശ തിരഞ്ഞെടുപ്പുകളും 2 ദിവസങ്ങളിലായാണു നടന്നത്. ആദ്യ 3 തിരഞ്ഞെടുപ്പുകൾ സെപ്റ്റംബറിലും 2010 ലേത് ഒക്ടോബർ അവസാന വാരവും കഴിഞ്ഞ തവണ നവംബർ ആദ്യവാരവുമാണു നടന്നത്. 

Content Highlight: Kerala Local Body Election, Election Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com