രാഷ്ട്രീയ വിഷയങ്ങൾ ഒരുപിടി, ‘തലപുകച്ച്’ മുന്നണികൾ; തിരഞ്ഞെടുപ്പ് കളമൊരുങ്ങുന്നു

bjp-cpm-udf
SHARE

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിനു ഒരു മാസം ശേഷിക്കേ, വിജയ പ്രതീക്ഷയുമായി മുന്നണികൾ. സ്ഥാനാർഥി നിർണയം ഏകദേശം പൂർത്തിയാക്കിയ മുന്നണികൾ‌ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്കിറങ്ങി കഴിഞ്ഞു. കോവിഡ് സാഹചര്യത്തിൽ പതിവ് പ്രചാരണ രീതികൾ മാറ്റേണ്ടതുള്ളതിനാൽ വോട്ടർമാരെ ആകർഷിക്കാനുള്ള പുതിയ മാർഗങ്ങളെക്കുറിച്ച് തലപുകയ്ക്കുകയാണ് മുന്നണികൾ.

പ്രചാരണത്തിൽ നിയന്ത്രണങ്ങളുള്ളപ്പോഴും രാഷ്ട്രീയ വിഷയങ്ങൾക്ക് കുറവില്ലാത്തതാണ് മുന്നണികൾക്ക് ആശ്വാസം. സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ സർക്കാരിനെതിരെ പ്രയോഗിക്കാൻ യുഡിഎഫ് തയാറെടുക്കുമ്പോൾ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് വോട്ടു തേടാനാണ് എൽഡിഎഫ് ശ്രമം. രണ്ടു മുന്നണികളുടേയും വീഴ്ചകൾ തുറന്നുകാട്ടാൻ ബിജെപിയും തയാറെടുക്കുന്നു.

തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഉയർന്നുവന്ന സ്വർണക്കടത്തു ആരോപണം സജീവമായി നിലനിൽക്കുന്നത് എൽഡിഎഫിനു തലവേദനയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും ഇഡി കസ്റ്റഡിയിലാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനകളാണ് അന്വേഷണ ഏജൻസികൾ നൽകുന്നത്. 

വിവാദങ്ങൾ ബാധിക്കില്ലെന്ന് ആവർത്തിക്കുന്ന ഇടതു മുന്നണി, സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ജോസ്.കെ. മാണിയുടെ സാന്നിധ്യം മധ്യകേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. എൽഡിഎഫിനു വലിയ സാധ്യതയാണുള്ളതെന്നും വലതുപക്ഷ രാഷ്ട്രീയ സഖ്യത്തെ ജനം തിരസ്കരിക്കുമെന്നുമായിരുന്നു എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ പ്രതികരണം.

സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. യുഡിഎഫ് സീറ്റുകൾ തൂത്തുവാരുമെന്നും എൽഡിഎഫ് തകർച്ചയിലാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ സീറ്റുകൾ ലഭിക്കുന്ന പ്രതീക്ഷയിലാണ് ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി സംസ്ഥാനത്ത് വൻമുന്നേറ്റം നടത്തുമെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രതികരണം. മൂന്നു മുന്നണികളും ഇപ്പോൾ തന്നെ സൈബർ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളമെങ്ങും ഇടതുമുന്നണിക്കായിരുന്നു മുൻതൂക്കം. യുഡിഎഫിനു തിരിച്ചടി നേരിട്ടപ്പോൾ, ഇരുമുന്നണികളെയും അമ്പരപ്പിച്ചു ബിജെപി ശക്തമായ മുന്നേറ്റം നടത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കെടുത്താൽ 47 ശതമാനത്തോളം ഇടങ്ങളിൽ എൽഡിഎഫ് വിജയിച്ചു. യുഡിഎഫിനു 40%. ബിജെപിക്ക് ആറു ശതമാനവും. ആറു കോർപറേഷനുകളിൽ കൊല്ലവും കോഴിക്കോടും ഇടതുമുന്നണി നിലനിർത്തി; കൊച്ചി യുഡിഎഫും.

തിരുവനന്തപുരത്തും തൃശൂരും കണ്ണൂരും ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയായിരുന്നു ഫലപ്രഖ്യാപന സമയത്ത്. തിരുവനന്തപുരം കോർപറേഷനിൽ 35 സീറ്റ് നേടി ഇരുമുന്നണികളെയും ബിജെപി ഞെട്ടിച്ചു. യുഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ജില്ലാ പഞ്ചായത്തുകളിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കാസർകോട് എന്നിവ നേടി യുഡിഎഫും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവ പിടിച്ച് എൽഡിഎഫും തുല്യനില പാലിച്ചു.

English Summary : Local body elections: Parties in hope for victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ