ബൈഡൻ മാജിക്കിൽ വിപണി; ഇന്ത്യൻ വിപണിയിൽ ‘ദീപാവലി’ ഇത്തവണ നേരത്തെ

sensex-image-1200
പ്രതീകാത്മക ചിത്രം
SHARE

അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെ മറപറ്റി ഇന്ത്യൻ വിപണിയും കഴിഞ്ഞയാഴ്ച പുതിയ ഉയരങ്ങൾ താണ്ടി. അമേരിക്കൻ തിരെഞ്ഞെടുപ്പ് അനിശ്ചിതത്വങ്ങൾ മുന്നിൽ കണ്ട് വിപണിയിൽ നിന്നു വിട്ടു നിന്നിരുന്ന ഫണ്ടുകൾ അനുകൂല സാഹചര്യം മുതലെടുക്കാനായി വിപണിയിലിറങ്ങിയതാണ് അമേരിക്കൻ വിപണി മുന്നേറ്റത്തിന് കാരണമായത്. ഇന്ത്യയിലും വിദേശ നിക്ഷേപകർ വാങ്ങൽ തുടരുന്നത് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചു. കഴിഞ്ഞ ആഴ്ചയിലെ അവസാന രണ്ടു ദിവസങ്ങളിലായി മാത്രം 10,237 കോടി രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ ഇറക്കിയത്.

വിദേശ നിക്ഷേപകർ അടുത്ത സെഷനുകളിലും വാങ്ങൽ തുടർന്നേക്കാമെന്നത് ഇന്ത്യൻ വിപണിയുടെ സാധ്യതകൾ വർധിപ്പിക്കുന്നു. എങ്കിലും ഈ മുന്നേറ്റം ദീപാവലി വരെ തുടരുമോ എന്ന ആശങ്കയും വിപണിയിൽ ശക്തമാണ്. വിപണിയിലെ അടുത്ത തിരുത്തൽ അവസരമാണ്. ജിഎസ്ടി കലക്‌ഷൻ വർധിക്കുന്നതും പിഎംഐ ഡേറ്റ മെച്ചപ്പെട്ടതും വ്യാപാരക്കമ്മി കുറയുന്നതും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്കും വിപണിക്കും അനുകൂലമാണ്. പുതിയ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങൾ ഓഹരി വിപണിയിലുയർത്തുന്ന പ്രതീക്ഷകളും കയറ്റിയിറക്കങ്ങളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ. 

നിഫ്റ്റിയും ദീപാവലിയും

12,000 പോയിന്റിലെ വലിയ കടമ്പ നിഫ്റ്റി അനായാസമായി കടന്നത് വിപണിയിൽ ദീപാവലി നേരത്തെ എത്തിച്ചു. കഴിഞ്ഞ വാരം മാത്രം അഞ്ചര ശതമാനം മുന്നേറ്റമാണ് നിഫ്റ്റി നേടിയത്. ബാങ്ക് നിഫ്റ്റി 12%വും മെറ്റൽ 6.7%വും മുന്നേറ്റത്തോടെ വിപണിയെ മുന്നിൽ നിന്നും നയിച്ചപ്പോൾ, ഫാർമ, ഓട്ടോ, മീഡിയ മുതലായ മുതലായ സെക്ടറുകൾ മൂന്നു ശതമാനത്തിനടുത്തും നേട്ടം കഴിഞ്ഞ വാരം സ്വന്തമാക്കി. നിഫ്റ്റി മിഡ് ക്യാപ് ഇൻഡക്സ് 4% മുന്നേറിയപ്പോൾ നിഫ്റ്റി സ്‌മോൾ ക്യാപ് നേട്ടമുണ്ടാക്കാതിരുന്നതും ശ്രദ്ധിക്കുക.

ഈ ദീപാവലി വാരത്തിൽ പ്രധാന മന്ത്രിയുടെ ദീവാലി സമ്മാനങ്ങൾ പ്രതീക്ഷിക്കുന്ന ഇന്ത്യൻ വിപണി ഇനിയും മുന്നേറിയേക്കാം. അടുത്ത തിരുത്തലിൽ 12,000 പോയിന്റിന് താഴെ പോവാതിരുന്നാൽ നിഫ്റ്റി 12,430 എന്ന റെക്കോർഡ് നിരക്കും അനായാസമായി മറികടന്നേക്കാം. 11,800-11,850 പോയിന്റ് നിരക്കിലാണ് നിഫ്റ്റിയുടെ പ്രധാന പിന്തുണ മേഖല. ബാങ്കിങ്, മെറ്റൽ, ഫാർമ, ഇൻഫ്രാ സെക്ടറുകൾ ഈ വാരം ശ്രദ്ധിക്കുക.

ജോ ബൈഡനും ഉത്തേജന പാക്കേജും

ഡോണൾഡ് ട്രംപിന് പ്രെസിഡെൻസി നഷ്ടപ്പെട്ടുകഴിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടി അവർക്ക് സ്വാധീനം കുറവായിരുന്ന ഹൗസിൽ നില മെച്ചപ്പെടുത്തുകയും സെനറ്റിലെ നിയന്ത്രണം അടുത്ത രണ്ടു വർഷത്തേക്ക് തുടരുകയും ചെയ്യുന്നത് വിപണിക്ക് അനുകൂലമാണ്. അടുത്ത രണ്ടു  കൊല്ലത്തേക്ക് ജോ ബൈഡൻ കൊണ്ടു വന്നേക്കാവുന്ന പ്രോഗ്രസീവ് ബില്ലുകൾ സെനറ്റ് മജോറിറ്റി ലീഡറായ മിച്ഛ് മക്കോണലിന് തടയാവുന്നത് അമേരിക്കൻ കോർപറേറ്റ് ലോകത്തിനും, അമേരിക്കൻ വിപണിക്ക് പൊതുവെയും അനുകൂലമാണ്. അതിനാൽ തന്നെ ബൈഡൻ വിഭാവനം ചെയ്തിരുന്ന കൂടിയ നിരക്കിലുള്ള ‘ടാക്‌സ് പ്ലാൻ’ നടപ്പിലാവില്ല എന്നതും വിപണിയുടെ ആശ്വാസമാണ്.

അമേരിക്കൻ തിരെഞ്ഞെടുപ്പ് ഫലം ലോക വിപണിക്ക് മുന്നേറ്റത്തിന്റെ രണ്ടു വർഷങ്ങൾ പ്രധാനം ചെയ്‌തേക്കുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നതിന് പ്രധാന കാരണം ബൈഡൻ ഒരിക്കലും ട്രംപിന്റെ പ്രധാന ‘ഹോബി’ ആയിരുന്ന ട്രേഡ് വാർ പോളിസികൾ പിന്തുടരില്ല എന്ന് മാത്രമല്ല അവ തിരുത്തുകയും ചെയ്തേക്കുമെന്നതാണ്. ചരിത്രപരമായി അമേരിക്കൻ ഇക്കോണമി ഡെമോക്രറ്റുകളുടെ കയ്യിൽ ഭദ്രമായിരുന്നു എന്നതും വിപണിയുടെ ആവേശമേറ്റുന്ന ഘടകമാണ്. എല്ലാറ്റിനുമുപരി ട്രംപിനെ പോലൊരു ‘ഡൈ ഹാർഡ്’ നെഗോഷ്യേറ്റർക്ക് പകരം ‘ഒബാമ’ ശൈലി പിന്തുടരുന്ന ബൈഡൻ വിപണിക്ക് അപ്രതീക്ഷിത മലക്കം മറിയലുകളിലൂടെ ആഘാതമേൽപ്പിക്കില്ല എന്നതും വിപണി പ്രതീക്ഷയോടെ കാണുന്നു. കൂടാതെ, സെനറ്റിൽ റിപ്പബ്ലിക്കന്മാർക്ക് ഭൂരിപക്ഷമുള്ളിടത്തോളവും, കമല ഹാരിസിനെപ്പോലൊരാൾ വൈസ് പ്രസിഡന്റായിരിക്കുന്ന കാലത്തോളവും ആപ്പിളും ആൽഫബെറ്റും ആമസോണും ഫെയ്സ്ബുക്കും പോലുള്ള കോർപറേറ്റ് ഭീമന്മാരെ വിഭജിക്കുന്ന ബില്ലുകൾ പാസാക്കാനാവില്ല എന്നത് ടെക് ഓഹരി മുന്നേറ്റത്തിന് കാരണമാണ്.

ജോ ബൈഡൻ വൈറ്റ് ഹൗസിന്റെ അവകാശം ഉറപ്പിച്ച നിലക്ക്, സ്റ്റിമുലസ് പാക്കേജിന്റെ വ്യാപ്തിയെ കുറിച്ചും സാധ്യതകളെക്കുറിച്ചുമാണ് ഇനി വിപണിയുടെ പ്രതീക്ഷകൾ.

ഓഹരിയും സെക്ടറും

ഇന്ത്യൻ വിപണിയുടെ മുന്നേറ്റം രാജ്യാന്തര ഘടകങ്ങൾക്കപ്പുറം മികച്ച പാദഫലങ്ങളിൽ അധിഷ്ഠിതമാണെന്നതും വിപണിക്ക് അനുകൂലമാണ്. ഈയാഴ്ച ഇന്ത്യൻ വിപണിയിൽ അഞ്ഞൂറിൽ പരം കമ്പനികളുടെ പാദഫലങ്ങൾ പ്രഖ്യാപിക്കപ്പെടുന്നുണ്ട്.

∙ കഴിഞ്ഞ ആഴ്ച നടന്ന വെർച്വൽ ഗ്ലോബൽ ഇൻവെസ്റ്റർ റൗണ്ട്ടേബിളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രൊഡക്‌ഷൻ ഇൻസെൻറ്റിവ്സ് സ്‌കീമിന് നൽകുന്ന പ്രാധാന്യം ഇന്ത്യൻ ഉത്പാദക കമ്പനികൾക്ക് പുതിയ അവസരമാണ് സൃഷ്ടിക്കുന്നത്. ഹാവെൽസ്, ആംബർ എന്റർപ്രൈസസ്, ഡിക്‌സൺ ടെക്നോളോജിസ്, പോളിക്യാബ്‌സ് പോലുള്ള കമ്പനികൾക്ക് പുതിയ അവസരങ്ങൾ കൈവരുന്നു. ഇന്ത്യൻ ഉൽപാദന മേഖല പുതിയ മാനങ്ങൾ കയ്യടക്കും. രാജ്യാന്തര ഉൽപാദന കമ്പനികളുടെ കടന്നു വരവ് ബിഇഎൽ, ഭെൽ, ബിഇഎംഎൽ പോലുള്ള കമ്പനികൾക്ക് പുത്തൻ സംയുക്ത സംരംഭ സാധ്യതകളും ഒരുക്കുന്നു.

∙ പ്രധാനമന്ത്രി പ്രഖ്യാപിച്ച 1.5 ട്രില്യൺ ഡോളറിന്റെ ഇൻഫ്രാ സ്ട്രക്ച്ചർ പൈപ്പ് ലൈനും ഇൻഫ്രാ സ്ട്രക്ച്ചർ മേഖലയ്ക്ക് സാധ്യത നൽകുന്നു. ഇൻഫ്രാ, സിമന്റ് കമ്പനികൾ അടുത്ത ആറു മാസക്കാലം വലിയ മുന്നേറ്റം നേടുമെന്നു കരുതുന്നു. സിമന്റ് കമ്പനികളുടെ മികച്ച പാദ ഫലങ്ങൾ ഇനിയും മെച്ചപ്പെട്ടേക്കാം.

∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ വർഷത്തിൽ നിന്ന് 52% ലാഭ വളർച്ചയോടെ 4574 കോടി രൂപ നേടിയെങ്കിലും മുൻ വർഷത്തെ മൂന്നാം പാദത്തിലെ 5,583 കോടി രൂപയിൽ നിന്ന് ആയിരം കോടി രൂപ കുറവാണ് ഇത്തവണത്തെ അറ്റാദായമെന്നത് വിപണിയുടെ ആശങ്കയാണ്. 4189 കോടി രൂപയാണ് കഴിഞ്ഞ പാദത്തിലെ ബാങ്കിന്റെ അറ്റാദായം. കരുതൽ ധനം കുറച്ചതും, പലിശ വരുമാനം വർധിച്ചതുമാണ് ഭേദപ്പെട്ട പാദഫല പ്രഖ്യാപനത്തിന് ബാങ്കിനെ പ്രാപ്തമാക്കിയത്.

∙റിലയൻസ് ഇൻഡസ്ട്രീസിന്റെ വരുമാനത്തിലും അറ്റാദായത്തിലും വൻ പുരോഗതി പ്രത്യാശിച്ചിരുന്ന വിപണിക്ക് കമ്പനിയുടെ രണ്ടാംപാദത്തിലെ വരുമാനത്തിൽ വന്ന 1.16 കോടിയുടെയും, അറ്റാദായത്തിലെ 6.6%ന്റെയും ഉൾക്കൊള്ളാനായില്ല. എങ്കിലും ജിയോക്ക് പിന്നാലെ റിലയൻസ് റീടെയിലിലും സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഓഹരി പങ്കാളിത്തം നേടുന്നത് റിലയൻസിന് വിപണിയിൽ തിരിച്ചു വരവ് നൽകി. ജിയോയിൽ 2.32% ഓഹരി പങ്കാളിത്തമുള്ള സൗദി ഫണ്ട് 9,555 കോടി രൂപക്ക് റിലയൻസ് റീടെയ്‍ലിന്റെ 2.04% ഓഹരികളാണ് സ്വന്തമാക്കുക. ഓഹരി മുന്നേറ്റം നേടും.

∙ അൾട്രാ ടെക്, എസിസി, അംബുജ, ഡാൽമിയ, ജെകെ ലക്ഷ്മി മുതലായ മുൻനിര കമ്പനികളെല്ലാം മികച്ച രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചത് സിമന്റ് സെക്ടറിന് തന്നെ മുന്നേറ്റം നൽകി കഴിഞ്ഞു. നിർമാണ സീസൺ ആരംഭിക്കുന്നതും, സിമന്റിന്റെ ആവശ്യകത വർധിക്കുന്നതും, സിമന്റ് ഓഹരികൾക്ക് മുന്നേറ്റം പ്രവചിക്കുന്നു.

∙ എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ രണ്ടാം പാദ അറ്റാദായം മുൻ വർഷത്തിൽ നിന്നും 27.5% കുറഞ്ഞു 2,870 രൂപയിലവസാനിച്ചെങ്കിലും ഭവന വായ്പ കമ്പനിയുടെ ഇതേ കാലയളവിലെ പലിശ വരുമാനം 21% മുന്നേറി 3,647 രൂപയായതും വായ്പ വിതരണം 10% മുന്നേറിയതും ശുഭ സൂചനയാണ്. ഓഹരി അടുത്ത ഇറക്കത്തിൽ 2,600 രൂപ ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപത്തിന് പരിഗണിക്കാം.

∙ 300 കോടി രൂപയുടെ കോവിഡ് കരുതൽ ധനം മാറ്റിവച്ച ശേഷവും ബന്ധൻ ബാങ്കിന്റെ അറ്റാദായം മുൻ വർഷത്തിൽ നിന്നും 5% മാത്രം കുറഞ്ഞു 920 കോടി രൂപയിലവസാനിച്ചത് ഓഹരിക്ക് ഇന്നലെ വിപണി മുന്നേറ്റം നൽകി. ബാങ്കിന്റെ പലിശ വരുമാനം 26% വളർച്ചയും നേടി. ഓഹരിക്ക് 400 രൂപ ലക്ഷ്യം കാണാവുന്നതാണ്.

∙ എംആർഎഫ് മുൻ വർഷത്തിൽ നിന്ന് 79% നേട്ടത്തോടെ 410 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കിയപ്പോൾ സിയറ്റ് കഴിഞ്ഞ പാദത്തിൽ 31% മുന്നേറ്റം സ്വന്തമാക്കിയത് ടയർ മേഖലയ്ക്ക് അനുകൂലമാണ്. ഗുഡ് ഇയറിന്റെ മുൻ വർഷത്തിൽ നിന്നുള്ള വരുമാന വർധന 118 ശതമാനമാണ്. വാഹന വിൽപന, ടയർ വിപണനവും ഉയർത്തുമെന്നത് ടയർ ഓഹരികൾക്ക് അനുകൂലമാണ്. ജെകെ ടയർ, അപ്പോളോ ടയർ, സിയറ്റ്, ബാലകൃഷ്‌ണ ഇൻഡസ്ട്രീസ് എന്നിവ ശ്രദ്ധിക്കുക.

∙ കോൾ ഇന്ത്യ ബുധനാഴ്ച ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചേക്കാമെന്നത് ഓഹരിക്ക് അനുകൂലമാണ്. ഈ മാസം ഇരുപതിനായിരിക്കും റെക്കോർഡ് തീയതി. മറ്റു പൊതു മേഖല സ്ഥാപനങ്ങളും ലാഭ വിഹിതമോ, ഓഹരി തിരികെ വാങ്ങാലോ പ്രഖ്യാപിച്ചേക്കാമെന്നതും പൊതുമേഖല ഓഹരികൾക്ക് അനുകൂലമാണ്.

∙ മുൻ വർഷത്തിൽ നിന്നും 35% വളർച്ചയോടെ 8.06 ലക്ഷം ബൈക്കുകളാണ് ഹീറോ മോട്ടോഴ്‌സ് കഴിഞ്ഞ മാസം വിൽപന നടത്തിയത്. മാരുതി 18% വർധനവോടെ 182,448 കാറുകൾ കഴിഞ്ഞ മാസം വിൽപന നടത്തി. ടാറ്റ മോട്ടോഴ്സിന്റെ കാർ വിൽപന മുൻ വർഷത്തിൽ നിന്ന് 79% വർധനവോടെ 23,600 യൂണിറ്റിലെത്തി. മഹീന്ദ്ര കഴിഞ്ഞ മാസവും ട്രാക്ടർ വിൽപനയിൽ 2% മുന്നേറ്റം നേടികൊണ്ട് 46,558 ട്രാക്ടറുകൾ വിറ്റഴിച്ചു. എന്നാൽ ഐഷർ ട്രക്ക് വിൽപനയിൽ മുന്നേറിയപ്പോൾ ബൈക്ക് വിൽപനയിൽ പിന്നോട്ട് പോയി.

∙ ഡാൽമിയ ഭാരത് മുൻ വർഷത്തിൽ നിന്ന് 544% വർധനവോടെ 232 കോടി രൂപയുടെ അറ്റാദായം നേടി. ഓഹരിക്ക് 1000 രൂപ ലക്ഷ്യം കാണാവുന്നതാണ്.

∙ ഗോൾഡ്‌മാൻ സാക്‌സ് ബയോകോണിന്റെ ഉപകമ്പനിയായ ബയോകോൺ ബയോളജിക്സിലേക്ക് 1125 കോടി മൂലധന നിക്ഷേപം നടത്തിയത് ബയോകോണിന് അനുകൂലമാണ്. ഓഹരിക്ക് 450 രൂപ ലക്ഷ്യം ഉറപ്പിക്കാം.

∙ സിങ്കിന്റെയും, വെള്ളിയുടെയും വില ഉയരുന്നത് ഹിന്ദ് സിങ്കിന് അനുകൂലമാണ്.7% ഡിവിഡന്റ് യീൽഡുള്ള ഓഹരിക്ക് 300 രൂപ ലക്ഷ്യം ഉറപ്പിക്കാം.

∙ ലാൽപാത്ത് ലാബ്‌സ് വരുമാനത്തിലും ലാഭത്തിലും വൻ വർധന നേടിയത് ഓഹരിക്ക് അനുകൂലമാണ്. അടുത്ത പാദത്തിൽ ഓഹരി ഇനിയും മുന്നേറിയേക്കാം. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം.

∙ ഐഷർ മോട്ടോർസ് അടുത്ത വർഷം മുതൽ അഞ്ചിലൊന്ന് വരുമാനമെങ്കിലും വിദേശ വിപണികളിൽ നിന്നു കരസ്ഥമാക്കാനൊരുങ്ങുന്നത് ഓഹരിക്ക് അനുകൂലമാണ്.

∙ മുൻ പാദത്തിലെ 132 കോടി രൂപയുടെയും മുൻ വർഷത്തിലെ 25 കോടി രൂപയുടെയും നഷ്ടങ്ങളുടെ സ്ഥാനത്ത് ബിഇഎംഎൽ 18 കോടി രൂപയുടെ ലാഭം സ്വന്തമാക്കിയത് ഓഹരിക്ക് അനുകൂലമാണ്. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം.

∙ ഡാബർ, അജന്ത ഫാർമ, ആൽകെം ലാബ്‌സ്, ദിലീപ് ബിൽഡ്‌കോൺ, ഇൻഡോക റെമെഡീസ്, ടിവി ടുഡേ, വോൾട്ടാസ്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യ സിമന്റ്സ്, കണ്ടെയ്നർ കോർപറേഷൻ, അദാനി പവർ, ഡാൽമിയ ഭാരത്, ബിർള കോർപറേഷൻ, ബജാജ് ഇലക്ട്രിക്കൽസ്, ഗോദ്‌റെജ്‌ കൺസ്യൂമർ, ഇമാമി, ലുപിൻ, ജൂബിലന്റ് ലൈഫ്, എബിബി, ആസ്ട്ര സെനേക്കാ, ഗുജറാത്ത് ഗ്യാസ്, ബെർജർ പെയിന്റ്സ്,യുണൈറ്റഡ് ബ്രൂവറീസ്, സന്ദർ ടെക്നോളോജിസ്, സീക്വന്റ് സയന്റിഫിക്, ആക്‌ഷൻ കൺസ്ട്രക്‌ഷൻ എക്വിപ്മെന്റ്, ഗുഡ് ഇയർ, മാർക്കൻസ് ഫാർമ, മണപ്പുറം ഫൈനാൻസ് , മുതലായ കമ്പനികൾ കഴിഞ്ഞ വാരം മെച്ചപ്പെട്ട പാദഫലങ്ങൾ പ്രഖ്യാപിച്ചു.

സ്വർണം

ഡമോക്രാറ്റുകളുടെ ഭരണ കാലഘട്ടത്തിൽ സ്വർണം സാധാരണ നിലയിൽ ശക്തിപ്രാപിക്കാറില്ല എന്നത് ഇത്തവണയും വിപണി ഉറ്റു നോക്കുന്നു. 2012 മുതൽ നാലുകൊല്ലം കൊണ്ട് രാജ്യാന്തര വിപണിയിൽ ഔൺസിന് 1700 ഡോളറിന് മുകളിൽ നിന്നും സ്വർണവില 1100 ഡോളറിൽ താഴെ വിലയിലെത്തി. എന്നാൽ ട്രംപ് അധികാരത്തിലിരുന്ന 2016 മുതലുള്ള നാലു കൊല്ലം കൊണ്ട് രാജ്യാന്തര വിപണിയിൽ സ്വർണ വില 1100 ഡോളറിൽ നിന്നും 2100 ഡോളറിലേക്കെത്തി. ഉത്തര കൊറിയയുമായുള്ള ട്രംപിന്റെ വടംവലികളും, ചൈനയുമായുള്ള വ്യാപാര യുദ്ധവും പിന്നീട് കൊറോണയും സ്വർണത്തെ റെക്കോർഡ് ഉയരത്തിൽ എത്തിച്ചു. ട്രംപ് വന്നിരുന്നെങ്കിൽ ലോക ക്രമം വീണ്ടും അസ്ഥിരപ്പെടുമെന്നു സ്വർണം കയറുമെന്നുമായിരുന്നു വിലയിരുത്തൽ. ജോ ബൈഡൻ എന്ന ‘ഡെമോക്രാറ്റ്’ സ്വർണത്തിന് അത്ര അഭിമതനല്ല. 1980 ഡോളറിന്റെ കടമ്പ കടന്നാൽ സ്വർണം മുന്നേറിയാക്കാം.

Whatsap: 8606666722, Email: buddingportfolios@gmail.com

Content Highlight: Market Analysis Nifty, Sensex, Gold, Silver

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA