ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ വിപണിയിൽ ഇന്നു രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ സെൻസെക്സും നിഫ്റ്റിയും അതിന്റെ എക്കാലത്തെയും ഉയർന്ന നിലയിലേക്ക് കുതിക്കുന്നതായിരുന്നു കാഴ്ച. രാവിലെ തന്നെ ഉയർച്ചയുടെ പ്രവണത വിപണിയിൽ ശക്തമായിരുന്നു. ഇന്ത്യൻ വിപണി തുറക്കുമ്പോഴേക്ക് ജപ്പാൻ, ഹോങ്കോങ്, ചൈന തുടങ്ങി പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഏകദേശം രണ്ടു ശതമാനം നേട്ടമാണ് കാഴ്ചവച്ചത്. അതുകൊണ്ടു തന്നെ ഇന്ത്യൻ വിപണിയിലും തുടക്കം വളരെ മെച്ചപ്പെട്ടതായി. ആഗോള വിപണിക്കുണ്ടാകുന്ന ചലനങ്ങൾ ഈ ദിവസങ്ങളിൽ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കാം. അതുപോലെ തുടർച്ചയായ മുന്നേറ്റത്തിനൊടുവിൽ ഇന്ത്യൻ വിപണിയിൽ ഒരു ലാഭമെടുപ്പിനും സാധ്യതയുണ്ട്. ദീപാവലിക്കു ശേഷമായിരിക്കും ഇത് പ്രതീക്ഷിക്കുന്നതെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.

ഇന്നു രാവിലെ 42273.97ൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് സൂചിക ഒരുവേള 42566.34 വരെ ഉയർച്ച രേഖപ്പെടുത്തി. നിഫ്റ്റിയാകട്ടെ 12399.40ൽ വ്യാപാരം ആരംഭിച്ച് അതിന്റെ ഏറ്റവും ഉയർന്ന നിലയായ 12451.80 വരെ ഉയർന്നു. വിപണി അതിന്റെ റെക്കോർഡ് തലത്തിലെത്തിയ ശേഷവും നേട്ടം നിലനിൽക്കുകയാണ്. ഇന്ന് എല്ലാ സെക്ടറുകളിലും മികച്ച നേട്ടം പ്രകടമാണ്. എന്നിരുന്നാലും എഫ്എംസിജി, ബാങ്ക്, ഫാർമ സെക്ടറുകളുടെ ഉയർച്ചയാണ് എക്കാലത്തെയും ഉയർന്ന നിലയിലേക്ക് വിപണിയെ എത്തിച്ചത്. ഐസിഐസി ബാങ്ക്, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളിലെല്ലാം ശക്തമായ നേട്ടം വിപണിയിൽ കാണാൻ കഴിഞ്ഞു.

കഴിഞ്ഞ വളരെ കുറച്ചു ദിവസം കൊണ്ടാണ് ഇന്ത്യൻ വിപണിയിൽ ഇത്ര ശക്തമായ റാലി വന്നിരിക്കുന്നത്. പ്രത്യേകിച്ച് കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങൾകൊണ്ട് നിഫ്റ്റിയിൽ 900 പോയിന്റിന്റെയും ബാങ്ക് നിഫ്റ്റിയിൽ 3750 പോയിന്റിന്റെയും നേട്ടമാണ് ലഭിച്ചിരിക്കുന്നത്. പ്രധാനമായും ആഗോള വിപണിയിലെ പോസിറ്റീവ് പ്രവണതയാണ് ഇന്ത്യൻ വിപണിയെ സഹായിച്ചിരിക്കുന്നത്. യുഎസിൽ ജോ ബൈഡൻ പ്രസിഡന്റാകും എന്ന റിപ്പോർട്ടുകളോടെ ആഗോള വിപണി ഉയരങ്ങളിലെത്തുകയായിരുന്നു. നേരത്തെ വിചാരിച്ചിരുന്നതിൽനിന്നു വ്യത്യസ്തമായി യുഎസ് സെനറ്റിൽ റിപ്പബ്ലിക്കൻസിനു നേരിയ ഭൂരിപക്ഷമുണ്ട്. അതുകൊണ്ടു തന്നെ ബൈഡനു ശക്തമായ നികുതി വർധിപ്പിക്കൽ സാധ്യമല്ല എന്ന വിലയിരുത്തലുണ്ട്. ഇത് ആഗോള വിപണിയുടെ ഉയർച്ചയ്ക്ക് കാരണമായി.

യുഎസ് ഡോളർ നേരിയ തോതിൽ ഇടിവ് കാണിക്കുന്നുണ്ട്. ഇത് ഇന്ത്യ പോലെയുള്ള എമേർജിങ് വിപണികൾക്ക് ഗുണകരമാണ്. ഇതിനു പുറമേ മോർഗൻ സ്റ്റാൻലി മൂലധന നിക്ഷേപത്തിലുള്ള എംഎസ്‍സിഐ സൂചികയിൽ വൈകാതെ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഇത്തവണ എമേർജിങ് മാർക്കറ്റുകളിൽ ഇന്ത്യയ്ക്ക് കൂടുതൽ വെയ്റ്റേജ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. ഇതും ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് കാരണമാണ്.

ഇന്ന് ഏകദേശം 250 മധ്യനിര, ചെറുകിട കമ്പനികളുടെ രണ്ടാംപാദ പ്രവർത്തന ഫലം പുറത്തു വിടുന്നുണ്ട്. ഈ സെഗ്‌മെന്റിൽ ഓഹരി കേന്ദ്രീകൃതമായ ചലനങ്ങൾ വിപണി പ്രതീക്ഷിക്കുന്നുണ്ട്. വിപണി ദീപാവലി മുഹൂർത്ത വ്യാപാരത്തിലേക്ക് പോകുമ്പോൾ ഈ പ്രവണത തുടരുമെന്നാണ് വിലയിരുത്തൽ. ആഗോള വിപണിയിലെ ഉയർച്ചാ പ്രവണതയ്ക്കുണ്ടാകുന്ന എന്തെങ്കിലും എതിർ ചലനങ്ങൾ അതുപോലെ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കാം. അതുപോലെ തുടർച്ചയായ മുന്നേറ്റത്തിനൊടുവിൽ ഇന്ത്യൻ വിപണിയിൽ ഒരു ലാഭമെടുപ്പിനുള്ള സാധ്യതയും പ്രതീക്ഷിക്കണം.

English Summary: Sensex, Nifty hit fresh record highs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com