ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റു ചെയ്ത ദിവസം തന്നെയും അറസ്റ്റു ചെയ്യാന്‍ സിപിഎം-പൊലീസ് മാഫിയ കൂട്ടുകെട്ട് ഗൂഢാലോചന നടത്തിയിരുന്നതായി ബിജെപിയുടെ മുതിര്‍ന്ന നേതാവും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. മനസാ വാചാ അറിയാത്ത കാര്യത്തിനാണു തനിക്കെതിരെ കേസെടുത്തതെന്നും കുമ്മനം മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ അംഗമായി തിരഞ്ഞെടുത്തതില്‍ സന്തോഷം മാത്രം. ക്ഷേത്രത്തിലെ തൂപ്പുകാരനാക്കിയാലും ആ ജോലി സ്വീകരിക്കും. പാര്‍ട്ടി ഓഫിസില്‍നിന്നു നേതാക്കള്‍ ഇറക്കിവിട്ടെന്ന പ്രചാരണം ചിലരുടെ ഭാവനാ സൃഷ്ടിയാണെന്നും താനിപ്പോഴും പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എത്രത്തോളം സാധ്യതയുണ്ട്?

എന്‍ഡിഎയ്ക്ക് അനുകൂല അന്തരീക്ഷമാണ് തദ്ദേശ തിരഞ്ഞെടുപ്പിലുള്ളത്. അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയത് മോദി സര്‍ക്കാരാണ്. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തി. തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ പദ്ധതി തുക ലഭിച്ചു. വീട് നിര്‍മാണം, തൊഴില്‍, രോഗ ചികില്‍സ തുടങ്ങിയ കാര്യങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അനുവദിച്ചു. അതിനാല്‍ ബിജെപിക്ക് അനുകൂലമായി വലിയ ജനമുന്നേറ്റം ഉണ്ടാകും. മാറി മാറി ഭരിക്കുന്ന എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ക്ക് നേട്ടം ഉണ്ടാക്കാനായില്ലെന്ന തിരിച്ചറിവ് ജനത്തിനുണ്ട്. ഈ രണ്ടു മുന്നണികളും കേന്ദ്ര പദ്ധതികള്‍ ഗുണകരമായി നടപ്പിലാക്കുന്നില്ല. ഇതെല്ലാം തിരിച്ചറിയുന്ന ജനം മോദി സര്‍ക്കാരിന്റെ പിന്നില്‍ അണിനിരക്കും. 

പാര്‍ട്ടിയുടെ പ്രചാരണ വിഷയങ്ങള്‍ എന്തായിരിക്കും?

അധികാരം ജനങ്ങളിലേക്ക് എത്തിക്കുക, പദ്ധതികളുടെ ഗുണഫലം മധ്യസ്ഥരില്ലാതെ നേരിട്ടു ലഭ്യമാക്കുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതിയും തുറന്നു കാണിക്കും. എല്‍ഡിഎഫിന്റെ ഭരണത്തില്‍ കളങ്കം ഉണ്ടായി. സാധാരണക്കാരായ ജനങ്ങള്‍ക്കായുള്ള പദ്ധതികളില്‍പോലും അഴിമതി നടന്നു. സ്വന്തം ആളുകള്‍ക്ക് കമ്മിഷന്‍ അടിസ്ഥാനത്തില്‍ പദ്ധതി വീതിച്ചു നല്‍കി. പദ്ധതി തുകയുടെ 40% പോലും ജനങ്ങളിൽ എത്തുന്നില്ല. കമ്മിഷനും കൈക്കൂലിയുമായി ഇടനിലക്കാരും രാഷ്ട്രീയ നേതാക്കളും ബാക്കി തുക പങ്കുവെക്കുകയാണ്. യുഡിഎഫ് ആണെങ്കിലും ഇതുതന്നെ അവസ്ഥ. കേരളത്തിന്റെ വികസന മുരടിപ്പിനു കാരണം എല്‍ഡിഎഫാണ്. പദ്ധതികളിലെ പണം ഇടനിലക്കാരില്ലാതെ ജനത്തിലെത്തിക്കുന്നതിനു ബിജെപി മുന്‍തൂക്കം നല്‍കും. 

Kummanam-Rajasekharan-1-
കുമ്മനം രാജശേഖരൻ

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് എത്തും. സാധ്യതകളെങ്ങനെ? 

നിയമസഭയില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റ് ഉണ്ടാകും. അതിന്റെ കേളികൊട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പ്. പാര്‍ട്ടിക്കു വലിയ വിജയം ലഭിക്കും. നിര്‍ണായക ശക്തിയാകും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?

മത്സരിക്കണമെന്നോ മത്സരിക്കരുതെന്നോ പാർട്ടി പറഞ്ഞാൽ അനുസരിക്കുക മാത്രമേ ഞാൻ ചെയ്യാറുള്ളൂ. ഏതായാലും പാർട്ടി തീരുമാനം വരട്ടെ. അപ്പോൾ തീരുമാനം എടുക്കാം. 

ഗവര്‍ണറായിരുന്നയാളെ ക്ഷേത്രസമിതിയില്‍ നിയോഗിച്ചത് തരംതാഴ്ത്തലാണെന്നാണ് വിമര്‍ശനം?

ക്ഷേത്ര ഭരണസമിതിയെ വിലകുറച്ച് കാണിക്കുന്നവരുടെ മനോനിലയാണത്. അവരുടെ മാനസിക അവസ്ഥ അത്രേയേ ഉള്ളൂ. പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലെ നിയമനം വലിയ ഉത്തരവാദിത്തമാണ്. പത്മനാഭസ്വാമി ക്ഷേത്രം ലോകത്തിലെതന്നെ വലിയ ക്ഷേത്രമാണ്. അതുമായി ബന്ധപ്പെട്ട ചുമതല എന്നെ സംബന്ധിച്ചു വലിയ കാര്യമാണ്. ക്ഷേത്രത്തില്‍ തൂപ്പുകാരന്‍ ആക്കിയാലും സന്തോഷം. പാര്‍ട്ടിയില്‍ ഒതുക്കാന്‍ വേണ്ടിയാണ് ക്ഷേത്രത്തില്‍ സ്ഥാനം കൊടുത്തതെന്നൊക്കെ ഭാവനയില്‍ പറയുന്ന കാര്യമാണ്. ഒരു പദവി മുന്‍പ് നല്‍കിയതുകൊണ്ട് മറ്റൊന്ന് പാടില്ല എന്നോ വേറൊന്നു നല്‍കണമെന്നോ പറയാന്‍ കഴിയുമോ.

പാര്‍ട്ടി ഓഫിസില്‍നിന്ന് ഇറക്കിവിട്ടെന്നാണ് മറ്റൊരു പ്രചാരണം?

വെറുതേ പറയുന്നതാണ്. ഞാനിപ്പോഴും പാര്‍ട്ടി ഓഫിസിലാണ്. എനിക്കു പോകാന്‍ വേറെ വീടില്ല. മുന്‍പ് ആര്‍എസ്എസ് കാര്യാലയത്തിലായിരുന്നു താമസം. ലോഡ്ജില്‍ താമസിക്കാറില്ല. ഏത് ജില്ലയില്‍ പോയാലും പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. പ്രചരിപ്പിക്കുന്നവര്‍ക്ക് എന്തും ആകാം. 

കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ
കെ. സുരേന്ദ്രനും കുമ്മനം രാജശേഖരനും

സാമ്പത്തിക തട്ടിപ്പു കേസിനു പിന്നിലെന്താണ്?

മനസാ വാചാ അറിയാത്ത കാര്യമാണ്. സിപിഎം-പൊലീസ് മാഫിയ കൂട്ടുകെട്ടാണ് കേസില്‍ പ്രതിയാക്കിയത്. ആറന്‍മുള വിമാനത്താവളത്തിനെതിരെ സമരം ചെയ്തതില്‍ ചില കുത്തക വ്യവസായി മാഫിയ എനിക്കെതിരാണ്. കേന്ദ്ര ഏജന്‍സികള്‍ എത്രയോ പ്രാവശ്യം മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കി വിളിപ്പിച്ചു. എന്നെ നാലാം പ്രതിയാക്കിയിട്ടും പൊലീസ് ഫോണ്‍ വിളിച്ചുപോലും കാര്യങ്ങള്‍ അന്വേഷിച്ചില്ല. എം. ശിവശങ്കറിനെ അറസ്റ്റു ചെയ്ത ദിവസം എന്നെ അറസ്റ്റു ചെയ്യാനുള്ള നീക്കമായിരുന്നു. കേരള പൊലീസ് അങ്ങനെയാണ്. മനപൂര്‍വം കേസുണ്ടാക്കാന്‍ അവര്‍ക്കു സാധിക്കും. മറ്റു സംസ്ഥാനങ്ങളില്‍ അതു നടക്കില്ല.

ബിജെപി നേതാക്കളുടെ പരസ്യ പ്രതികരണം തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ?‌

നേതാക്കളുടെ പ്രതികരണത്തെക്കുറിച്ചു അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണ്. അതേക്കുറിച്ചു അദ്ദേഹം അഭിപ്രായം പറഞ്ഞു കഴിഞ്ഞു. അതാണ് പാർട്ടിയുടെ അഭിപ്രായം. പരസ്യപ്രതികരണം ഒഴിവാക്കേണ്ടതാണ്. 

English Summary : They tried to arrest me on the day M Sivasankar arrested : Kummanam Rajasekharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com