ADVERTISEMENT

ഹൈദരാബാദ്∙ ബിഹാറിൽ 5 സീറ്റുകൾ പിടിക്കുകയും മഹാസഖ്യത്തിന്റെ വിജയപ്രതീക്ഷയുടെ കടയ്ക്കൽ കത്തിവയ്ക്കുകയും ചെയ്തെന്ന വിമര്‍ശനങ്ങള്‍ക്കിടെ കൂടുതൽ സംസ്ഥാനങ്ങളിൽ മൽസരിക്കാൻ അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) ഒരുങ്ങുന്നു. ഉത്തർ പ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ കൂടി മൽസരിക്കുമെന്ന് ഒവൈസി ഹൈദരാബാദിൽ വ്യക്തമാക്കി.

കിഷന്‍ഗഞ്ച്, പൂര്‍ണിയ, കതിഹാര്‍, അരാരിയ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയിലാണ് ഒവൈസി വോട്ടു പിടിച്ചത്. മേഖലയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തന്റെ പാർട്ടി ഭാഗമാകുമെന്ന് ഒവൈസി വ്യക്തമാക്കി. അതേസമയം, എഐഎംഐഎം മൽസരിച്ചത് ബിജെപി – വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കിയെന്ന ആരോപണത്തോട് – താനൊരു രാഷ്ട്രീയ പാർട്ടിയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്, അതിന് സ്വന്തമായി മത്സരിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കോൺഗ്രസിനോടായി ഒവൈസി പറയുന്നത് ഇതാണ്: 'നിങ്ങള്‍ പറയുന്നത് ഞങ്ങൾ തിരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്നാണ്. മഹാരാഷ്ട്രയിൽ നിങ്ങൾ പോയി ശിവസേനയുടെ മടിയിൽ ഇരുന്നില്ലേ. ആരെങ്കിലും ഞങ്ങൾ എന്തിനാണ് മൽസരിച്ചതെന്ന് ചോദിച്ചാൽ, ഞങ്ങൾ ബംഗാളിലും മഹാരാഷ്ട്രയിലും രാജ്യത്ത് ഇനി വരാൻ പോകുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മൽസരിക്കുമെന്നാണ് മറുപടി പറയുന്നത്. എനിക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആരുടെയും അനുവാദം വേണ്ട'. അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ മൽസരിക്കുന്നത് തനിച്ചാണോ ഏതെങ്കിലും പാർട്ടിയുമായി സഖ്യത്തിലായാണോ എന്നതിൽ അദ്ദേഹം വ്യക്തത വരുത്തിയില്ല.

2022ൽ യുപിയിൽ മത്സരിക്കും. ആരുമായി സഖ്യം ചേരണമെന്ന് കാലം പറയുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ വോട്ടുകൾ ഇല്ലാതാക്കിയത് എഐഎംഐഎം ആണെന്ന ബംഗാൾ കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ അധിർ രഞ്ജൻ ചൗധരിയുടെ പരാമർശത്തോട് – സ്വന്തം മണ്ഡലത്തിലെ മുസ്‌ലിംകൾക്ക് അദ്ദേഹം എന്താണ് ചെയ്തു കൊടുത്തിട്ടുള്ളത് എന്ന മറുചോദ്യമാണ് ഒവൈസി ഉന്നയിക്കുന്നത്. എഐഎംഐഎം ബംഗാളിലേക്കു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിൽ 20 സീറ്റുകളിലാണ് എഐഎംഐഎം മൽസരിച്ചത്. ഇവയിൽ ഭൂരിഭാഗം മണ്ഡലങ്ങളും മൂന്നാം ഘട്ടമായ നവംബർ ഏഴിനാണ് പോളിങ് ബൂത്തിലെത്തിയത്. ഉപേന്ദ്ര കുഷ്‌വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടി, ബിഎസ്പി എന്നിവരടങ്ങിയ ഗ്രാൻഡ് ഡെമോക്രാറ്റിക് സെക്യുലർ ഫ്രണ്ടിന്റെ ഭാഗമായാണ് ഒവൈസിയുടെ പാർട്ടി ബിഹാറിൽ മത്സരിച്ചത്. പോൾ ചെയ്ത നാലു കോടിയിലധികം വോട്ടുകളിൽ 1.24% ആണ് എഐഎംഐഎമ്മിനു ലഭിച്ചത്. 2015ൽ പാർട്ടിക്ക് 0.5% മാത്രമായിരുന്നു വോട്ട് വിഹിതം.

English Summary: Asaduddin Owaisi says "Will Fight Polls In Bengal"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com