ADVERTISEMENT

ബിഹാർ തിരഞ്ഞെടുപ്പിൽ നിരീക്ഷകനായി നിയമിക്കപ്പെട്ട ഡോ.ബി.അശോക് ഐഎഎസ് ബുദ്ധന്റെ നാട്ടിലെ കാഴ്ചകൾ എഴുതുന്നു

2005ൽ ആദ്യം നിരീക്ഷിച്ച തിരഞ്ഞെടുപ്പിൽ ദീർഘകാലം ഭരിച്ച ലാലു പ്രസാദ് സർക്കാർ പുറത്തുപോയി. പിന്നെ 15 വർഷം നിതീഷ് കുമാർ സർക്കാർ നാടു ഭരിച്ചു. 2005ൽ ബിഹാറിൽ അടിസ്ഥാന സൗകര്യങ്ങൾ തീർത്തും കുറവായിരുന്നു എന്നും പറയാം. 15 വർഷത്തിനുശേഷം അടിസ്ഥാന ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. സദ്ഭരണം ലക്ഷ്യമിട്ടതുകൊണ്ടാകാം കുറെയേറെ വികസനം കീഴ്ത്തട്ടിൽ നടന്നിട്ടുണ്ട്. അതുകൊണ്ടു കൂടി ഭരണം തീവ്രമായിരുന്നു. നക്സലൈറ്റ് സാന്നിധ്യവും ആക്രമണങ്ങളും ഒക്കെ തുലോം കുറവായിരിക്കുന്നു. രാഷ്ട്രീയത്തിലും സമൂഹത്തിലും ആഴത്തിൽ വേരോടിയ ഒരു വന്യതയും ജാതിമത സ്വാധീനവും ബിഹാറിന്റെ എക്കാലത്തെയും ശാപമാണ്. ഫ്യൂഡൽ സ്വഭാവം വെടിയാത്ത ബ്യൂറോക്രസിയും സമൂഹവും വലിയ തോതിൽ ഇന്നും തുടരുന്നു.

തദ്ദേശ സ്വയംഭരണത്തിന്റെ ശക്തി ഇനിയും ബിഹാർ വേണ്ടത്ര പരീക്ഷിച്ചിട്ടില്ല. മുനിസിപ്പാലിറ്റികൾ ശക്തിപ്പെടുത്തി പ്രാദേശിക ഭരണമികവിൽ എത്താനുള്ള ക്രമങ്ങൾ ഇനിയും തുടങ്ങേണ്ടതുണ്ട്. മുനിസിപ്പൽ കമ്മിഷൻമാരെയൊക്കെ യുവ ഐഎഎസ്കാർ നിയമിക്കുന്നു എന്നല്ലാതെ വേണ്ടത്ര ഫണ്ടുകൾ ധാരാളംചുമതലയുള്ള വലിയ മുൻസിപ്പാലിറ്റിക്കു പോലും ഇനിയും ലഭ്യമായിട്ടില്ല.

വികേന്ദ്രീകൃത പ്ലാനിങ്ങും മാസ്റ്റർ പ്ലാൻ നിർമാണവുമൊക്കെ ഇവിടെ തുടങ്ങുന്നതേയുള്ളൂ. മുനിസിപ്പൽ മെയിൻ റോഡുകളിൽപ്പോലും റോഡിൽനിന്നും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം പണിയാറില്ല. അതുകൊണ്ട് ഓരുജലം ജൈവമാലിന്യവുമായി കലർന്ന് ഏതാണ്ടെല്ലാ സാംക്രമിക രോഗശേഖരണത്തിനായി സദാ നിലകൊള്ളും.

ഒക്ടോബർ 28ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനായി മസൗർഹിയിലെ പോളിങ് സ്റ്റേഷനിലെത്തിയവർ. (Photo by Prakash SINGH / AFP)
ഒക്ടോബർ 28ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനായി മസൗർഹിയിലെ പോളിങ് സ്റ്റേഷനിലെത്തിയവർ. (Photo by Prakash SINGH / AFP)

തദ്ദേശഭരണം ശാക്തീകരിക്കുന്നതൊപ്പം പുതിയ സങ്കേതങ്ങളും വ്യവസായങ്ങളും വിപുലീകരിച്ച് കാർഷിക അനുബന്ധ തൊഴിലുകൾ വലിയ തോതിൽ സൃഷ്ടിക്കേണ്ടി വരും. കാർഷിക സമ്പദ്‌വ്യവസ്ഥയുടെ സാങ്കേതിക ഉന്നത വ്യവസ്ഥയിലേക്കുള്ള മാറ്റത്തിനു സർക്കാരിനു മധ്യസ്ഥം വഹിക്കേണ്ടിവരും. ആരോഗ്യ ശുചിത്വ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും ബിഹാറിന് ഒട്ടേറെ ഇനിയും വളരാനുണ്ട്. ഞാനുള്ള ഷിയോഹർ ജില്ലയിൽ ഒരു ഡിഗ്രി കോളജ് ഇനിയും ഇല്ല എന്നു പറഞ്ഞാൽ മലയാളികൾ വിശ്വസിക്കില്ല. മുസഫർപൂരിൽ പോയി വേണം ‍ഡിഗ്രിക്കു പഠിക്കാൻ. അതായത്‌ ഏതാണ്ട് 150 കിലോമീറ്റർ. (ആലപ്പുഴക്കാരന് തിരുവനന്തപുരത്തേ ഡിഗ്രി എടുക്കാനാവൂ എന്ന് പറയും പോലെയാണ് കാര്യങ്ങൾ). എത്ര അവസര നിഷേധമാണ് ഇതെന്നു പറയേണ്ടതില്ലല്ലോ. പറയാൻ ഒരു ഹൈസ്കൂൾ - ഇന്റർ കോളജ് ഉണ്ട്.

എന്നാൽ മുസഫർപൂരിൽനിന്ന് അധ്യാപകർ ഒട്ടും പഠിപ്പിക്കാനായി ഷിയോഹറിൽ വരാറില്ല. കലക്ടർ പറഞ്ഞത് കൊറോണക്കാലത്ത് ഓൺലൈൻ ഏർപ്പാടാക്കിയതു കാരണം കോളജ് വിദ്യാർഥികൾക്കു കുറെയേറെ വിദ്യാഭ്യാസം കിട്ടി എന്നാണ്. മുമ്പില്ലാത്തവണ്ണം മൊബൈൽ, ലാപ്ടോപ് വഴി ദൂരെനിന്നും ഓൺലൈനായിപഠിപ്പിക്കുന്നത് വിദ്യാർഥികൾക്കു കേൾക്കാനും കാണാനുമായി.

വോട്ടെടുപ്പു കഴിഞ്ഞ് രണ്ടു ദിവസം ഗ്യാപ്പ് വന്നപ്പോൾ സുഹൃത്തുക്കളുടെ സഹായത്താൽ പട്ന വഴി വാരണസിവരെ പോയി. ഒന്നു ചുറ്റിക്കറങ്ങി.... പഴയതിനെയപേക്ഷിച്ച് വാരണാസി വളരെ വൃത്തിയായിരിക്കുന്നു. ശവം സംസ്കരിക്കുന്ന ഘാട്ടുകളുൾപ്പെടെ പ്രധാനമന്ത്രിയുടെ മണ്ഡലം ശ്രദ്ധയോടെ വൃത്തിയാക്കി വയ്ക്കുന്നു. പുലർച്ചെ 8 മണി മുതൽ പാഞ്ഞു വരുന്ന ചവറ് വണ്ടികൾ നഗരത്തിൽ സജീവമാണ്. വിഐപി മണ്ഡലം കൂടിയായതുകൊണ്ടാണോ ഈ ശുചിത്വ– വികസന ഊന്നൽ എന്ന് ഡിവിഷനൽ കമ്മീഷണർ അഗ്രവാളിനോടു ചോദിച്ചു. വാരണാസി രാജ്യാന്തര വിമാനത്താവളം, ഗംഗാ ശുചീകരണം എന്നീ പദ്ധതികളുടെ നേട്ടം ജില്ലയ്ക്കുണ്ട് എന്ന് അഗ്രവാൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം മൂന്നു മാസത്തിൽ ഒരിക്കൽ എന്തായാലും ഉണ്ട്. മുഖ്യമന്ത്രിയാകട്ടെ എല്ലാ 15 ദിവസവും എത്തുന്നു. ഉദ്യോഗസ്ഥർക്ക് വീട്ടിൽ പോകാനാവാത്ത തിരക്ക്.

വിളക്കുകളുടെ നഗരത്തിൽ എന്തൊക്കെയൊ ഗുണപരമായി സംഭവിക്കുന്നു എന്ന പ്രതീതിയാണ് കിട്ടിയത്. എൻടിപിസിയുടെ നേതൃത്വത്തിൽ ചവറിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന വൻകിട പ്ലാന്റ് വാരണാസിക്കു പുറത്തു പണി ധൃതഗതിയിൽ പൂർത്തീകരിക്കുകയാണ്. പത്തു പതിനഞ്ചു കൊല്ലമായി ശ്രമിച്ചിട്ടും പണിതീരാത്ത, നമ്മുടെ മാലിന്യത്തിൽനിന്നും വൈദ്യുതി വളം പ്ലാന്റുകൾ എന്നാകും എന്നു ഞാൻ ചിന്തിക്കാതിരുന്നില്ല. ഖരമാലിന്യ നിർമാർജന ശ്രമങ്ങളിൽ പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾ വ്യക്തമായ പദ്ധതികൾ ഇന്നു നഗരങ്ങൾക്കു ആസുത്രണം ചെയ്തു നടപ്പാക്കി വരുന്നു. അവരുടെ അനുഭവങ്ങൾ മനസ്സിലാക്കി നമ്മൾ പരിശ്രമിക്കുന്നതും നല്ലതായിരിക്കും.

വികസനത്തിന്റെയും ഭരണ മികവിന്റെയും അവസ്ഥയിൽ കേരളത്തെ ബിഹാറും യുപിയുമൊക്കെയായി താരതമ്യം ചെയ്തുകൂടാ. അവർ പിച്ചവച്ചു നടക്കുന്ന പുത്തൻവഴികളും കേരളം 1960–70 കളിൽ തന്നെ സ്വകാര്യ–പൊതു മേഖലകളുടെ ഒത്തൊരുമിച്ചുള്ള ശ്രമത്താൽ മറികടന്നതാണ്. എന്നാൽ കേരളം കഴിഞ്ഞ 30 വർഷം കൊണ്ടെത്തിയ വരുമാനവും വികസനവും കൂടിയേറ്റത്തിന്റെ പിൻബലമില്ലാതെ തന്നെ ബിഹാറും യുപിയുമൊക്കെ അടുത്ത 10 വർ‌ഷം കൊണ്ട് കൈവരിക്കും. സാങ്കേതിക വിദ്യയിൽ വന്ന മാറ്റവും മികച്ച മാതൃകകൾ ഒട്ടേറെ ലഭ്യമായതും ഈ സംസ്ഥാനങ്ങളെ തവളച്ചാട്ടം ചാടിച്ചു മുന്നിലെത്തിക്കും.

ദുർബലവും വിഘടിച്ചു നിൽക്കുന്നതുമായ ഒരു സമൂഹത്തിന്മേലാണ് ബിഹാറിന് ഈ വളർച്ച കൈവരിക്കേണ്ടത് എന്നതും നമ്മൾ ഓർക്കേണ്ടതാണ്. സമൂഹത്തിലെ ഉച്ചനീചത്വത്തിൽ മെരുക്കിയെടുക്കാൻ ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പി സ്വാമികളെയും മകതി തങ്ങളെയും ശ്രീകുമാര ഗുരുദേവനെയും ഒക്കെ ലഭിച്ചതും ക്രിസ്ത്യൻ മിഷനുകളും ഒക്കെയാണ് നമ്മുടെ സാമൂഹ്യ മൂലധനത്തിന്റെ നിക്ഷേപകർ, വളക്കൂറുള്ള ഭൗതിക മണ്ണിനും സമാനമായ സാമൂഹ്യ നിക്ഷേപം ഇല്ലായ്മയുമാണ് ബിഹാറിനെ കേരളത്തിന്റെ നേട്ടത്തിൽനിന്നു പിന്നാക്കംനിർത്തുന്നത്. ആ ഗ്യാപ്പ് ഇനി വരുന്ന വർഷങ്ങളിൽകുറയും എന്ന് പ്രതീക്ഷിക്കാം.

ഒന്നാം ഭാഗം: മധുബനിയുടെ മണ്ണിലുറങ്ങുന്ന ഡൈനാമിറ്റ്

രണ്ടാം ഭാഗം: പ്രളയത്തിൽ മുങ്ങിനിവരുന്ന ഷോഹർ

Content Highlight: Bihar Assembly election 2020
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com