ADVERTISEMENT

ന്യൂഡൽഹി∙ ട്വിറ്ററിലൂടെ ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ അറിയിച്ചത് ജോ ബൈഡന് വിനയായി. ദീപാവലിക്ക് ‘സാൽ മുബാറക്’ ആശംസിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. ‘ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന ലക്ഷക്കണക്കിന് ഹിന്ദുക്കൾ, ജൈനന്മാർ, സിഖുകാർ, ബുദ്ധമതക്കാർ എന്നിവർക്ക്, ഞാനും ദീപാവലി ആശംസകൾ നേരുന്നു. നിങ്ങളുടെ പുതുവർഷത്തിൽ പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും നിറയട്ടെ. സാൽ മുബാറക്’– ബൈഡൻ ട്വീറ്റ് ചെയ്തു.

ഇതോടെ ട്വിറ്ററിൽ ബൈഡനെതിരെ പ്രതിഷേധം ഉയർന്നു. സാൽ മുബാറക് ഇസ്‌ലാമിക രീതിയിലുള്ള ആശംസയാണെന്നും ദീപാവലിക്ക് അത്തരത്തിൽ ആശംസിച്ച് ശരിയായില്ലെന്നും ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. എന്നാൽ സാൽ മുബാറക്കിന് ഇസ്‌ലാമിക ഉത്സവങ്ങളുമായി ബന്ധമില്ല. ഗുജറാത്തിലെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ടതാണ് സാൽ മുബാറക്. ദീപാവലിയുടെ തൊട്ടടുത്ത ദിവസമാണ് ഗുജറാത്തിൽ പുതുവത്സരാഘോഷിക്കുക. പാഴ്സി, ഹിന്ദുക്കൾ, ജൈനന്മാർ, സിഖുകാർ എന്നിവരും ആഘോഷിക്കാറുണ്ട്.

2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റ് ‘വൈറൽ’ ആയതോടെ ബൈഡന്റെ ആശംസയിൽ അഭിമാനം പ്രകടിപ്പിച്ച് ഗുജറാത്തിൽ നിന്നുള്ള പലരും രംഗത്തെത്തി. ഇന്ത്യയിലും പാക്കിസ്ഥാനിലും ആഘോഷിക്കുന്ന സൗരാഷ്ട്രിയൻ പുതുവത്സരമായ ‘നൗറോസ്’ ആഘോഷിക്കാൻ പാഴ്സി സമൂഹം ‘സാൽ മുബാറക്’ ഉപയോഗിക്കുന്നു. അറബിക്കിൽ ‘സാൽ’ എന്നാൽ വർഷം എന്നും ‘മുബാറക്’ എന്നാൽ അഭിനന്ദനങ്ങൾ എന്നുമാണ് അർഥം.

 

English Summary: Joe Biden Greets Indians with 'Sal Mubarak' on Diwali, Twitter Divided.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com