ADVERTISEMENT

‘യുദ്ധം നരകത്തിന്റെ നല്ല ഉദാഹരണമാണ്’ – 2019 ഡിസംബറിൽ ഓസ്‌ലോയിലെ വേദിയിൽ സമാധാന നൊബേൽ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവേ ഇത്യോപ്യ പ്രധാനമന്ത്രി അബി അഹമ്മദ് അലി പറഞ്ഞ വാക്കുകൾ. അയൽരാജ്യമായ എറിട്രിയയുമായി സമാധാന ഉടമ്പടി സ്ഥാപിക്കാന്‍ നടത്തിയ പ്രയത്നങ്ങളാണ് അബിയെ പുരസ്കാരത്തിന് അർഹനാക്കിയത്. വർഷം ഒന്നു കടന്നപ്പോൾ അബി ഒരു യുദ്ധമുഖത്താണ് – സ്വന്തം ജനതയാണ് ശത്രുപക്ഷത്തെന്നതാണ് പുതുമ.

2018ൽ പ്രധാനമന്ത്രിയായി അബി അഹമ്മദ് അധികാരമേറ്റെടുക്കുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. വംശീയമായി വിഘടിച്ചുനിൽക്കുന്ന ഒരു രാജ്യത്ത് മുൻ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻകൂടിയായ അബി ഒരു ‘നവ പ്രഭാതം’ പ്രദാനം ചെയ്യുമെന്ന് മനക്കോട്ട കെട്ടിയിരുന്നവർ അനവധി. ആദ്യ നാളുകളിൽ രാഷ്ട്രീയ എതിരാളികളിലേക്ക് ഇറങ്ങിച്ചെല്ലുകയും മാധ്യമങ്ങൾക്കുമേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുകയും അയൽരാജ്യമായ എറിട്രിയയുമായി സമാധാനത്തിൽ ഏർപ്പെടുകയും ചെയ്ത് അബി ജനകീയനായി. തെറ്റുകളിൽനിന്ന് പാഠം പഠിക്കേണ്ട സമയം അതിക്രമിച്ചുവെന്നാണ് അധികാരമേറ്റതിനു പിന്നാലെ അബി പ്രഖ്യാപിച്ചത്. രാഷ്ട്രീയ തടവുകാരെ വിട്ടയച്ചും പുറംരാജ്യങ്ങളിൽ അഭയംതേടിപ്പോയ പ്രതിപക്ഷ നേതാക്കളെ രാജ്യത്തേക്കു മടങ്ങാൻ സ്വാഗതമോതിയും തുറന്ന രാഷ്ട്രീയ കാലാവസ്ഥയും സുതാര്യമായ തിരഞ്ഞെടുപ്പും ഉറപ്പുനൽകിയും അബി അഹമ്മദ് രാജ്യത്തെ അമ്പരപ്പിച്ചു.

എന്നാൽ കാര്യങ്ങൾ തകിടംമറിഞ്ഞത് വളരെപ്പെട്ടെന്നായിരുന്നു. ട്രിഗ്രെ പ്രവിശ്യ ഭരിക്കുന്ന ട്രിഗ്രെ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (ടിപിഎൽഎഫ്) എന്ന പാർട്ടിക്കെതിരെ പ്രവിശ്യയെ ഒന്നാകെ മുൾമുനയിൽനിർത്തി അബി തിരിഞ്ഞു. ടിഗ്രെയിലെ ഫെഡറൽ മിലിറ്ററി ബേസിനുനേർക്ക് ടിപിഎൽഎഫ് ആക്രമണം നടത്തിയതാണ് അബിയെ പ്രകോപിപ്പിച്ചത്. എന്നാൽ നാളുകളായി നീറിക്കൊണ്ടിരുന്ന അസ്വസ്ഥതകൾ മറനീക്കി പുറത്തുവരുന്നതിന്റെ തുടക്കം മാത്രമായിരുന്നു അത്.

ടിഗ്രെയിൽനിന്ന് സുഡാനിലേക്കു രക്ഷപ്പെട്ട എത്യോപ്യൻ അഭയാർഥികൾ. സുഡാൻ സംസ്ഥാനമായ കസാലയിലെ ഹംദിയെറ്റിലെ കേന്ദ്രത്തിൽനിന്നുള്ള ചിത്രം. (Photo by Ebrahim HAMID / AFP)
ടിഗ്രെയിൽനിന്ന് സുഡാനിലേക്കു രക്ഷപ്പെട്ട ഇത്യോപ്യൻ അഭയാർഥികൾ. സുഡാൻ സംസ്ഥാനമായ കസാലയിലെ ഹംദിയെറ്റിലെ കേന്ദ്രത്തിൽനിന്നുള്ള ചിത്രം. (Photo by Ebrahim HAMID / AFP)

അധികാരം കൈപ്പിടിയിലൊതുക്കാൻ നീക്കം

ടിഗ്രെയിലെ ഏറ്റവും ശക്തമായ പാർട്ടിയാണ് ടിപിഎൽഎഫ്. പാർട്ടി രൂപീകരിക്കുന്നതിനുമുന്‍പ് പ്രദേശത്തെ യുവാക്കളെ കൂട്ടി സായുധ വിപ്ലവം നടത്തിയ സേനയും 1991ൽ പട്ടാളഭരണം അവസാനിപ്പിക്കാൻ മുൻകയ്യെടുത്ത ഇത്യോപ്യൻ പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് സഖ്യത്തിൽ പ്രമുഖ പങ്കു വഹിച്ച സംഘവുമായിരുന്നു ഇവർ. പിന്നീട് ആയുധങ്ങൾ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങി ടിഗ്രെയിലെയും അതുവഴി ഇത്യോപ്യയിലെയും നിർണായക ശക്തിയായി ടിപിഎൽഎഫ് മാറി.

എന്നാൽ അധികാരത്തിലെത്തിയതിനു പിന്നാലെ അബി ചെയ്തത് ടിപിഎൽഎഫിന്റെ നേതാക്കളെ മുതിർന്ന സർക്കാർ പദവികളിൽനിന്നു നീക്കുകയായിരുന്നു. കൂടുതൽ അധികാരം കൈവശം വയ്ക്കാനുള്ള അബിയുടെ നീക്കത്തിന്റെ ഭാഗമായിരുന്നു അതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ ടിപിഎൽഎഫും അബിയും തമ്മിൽ അസ്വാരസ്യങ്ങൾക്ക് തുടക്കമായി. ഓഗസ്റ്റിൽ നടക്കേണ്ട പൊതുതിരഞ്ഞെടുപ്പ് കോവിഡ് മഹാമാരി ചൂണ്ടിക്കാട്ടി അബി 2021ലേക്ക് മാറ്റി. ഇതു ടിപിഎൽഎഫ് അംഗീകരിച്ചില്ല. അധികാരം കവർന്നെടുക്കാൻ അബി അഹമ്മദ് ശ്രമിക്കുകയാണെന്ന് ആരോപിച്ച് ടിഗ്രെയിൽ സെപ്റ്റംബറിൽ അവർ തിരഞ്ഞെടുപ്പ് നടത്തി. അധികാരത്തിലേറുകയും ചെയ്തു. ഈ പ്രശ്നങ്ങളാണ് സ്വന്തം ജനതയ്ക്കുനേരെ യുദ്ധം നടത്തുന്ന അവസ്ഥയിലേക്ക് അബിയെ എത്തിച്ചത്.

പ്രബലരായ ഒറോമോ വിഭാഗം

ഇത്യോപ്യയുടെ 11 കോടി ജനത്തിൽ ആറു ശതമാനം മാത്രമാണ് ടിഗ്രെ വിഭാഗത്തിൽനിന്നുള്ളവർ. എന്നാൽ കാലങ്ങളായി ഭരണകൂടത്തിൽ നിർണായക സ്ഥാനങ്ങളിൽ ഇവർ മേധാവിത്തം പുലർത്തിപ്പോന്നു. ഇതിനോട് രാജ്യത്തെ ഏറ്റവും വലിയ വംശീയ വിഭാഗമായ ഒറോമോകൾക്ക് എതിർപ്പുണ്ടായിരുന്നു. ട്രിഗ്രെക്കാർ പൂർണമായും അവഗണിക്കുകയാണെന്ന വികാരമായിരുന്നു ഈ സമൂഹത്തിനുണ്ടായിരുന്നത്. അബി അഹമ്മദ് ഒറോമോ വിഭാഗത്തിൽനിന്നുള്ളയാളാണ്. പ്രാദേശികമായ താൽപര്യങ്ങൾക്കുമുകളിൽ ഇത്യോപ്യയ്ക്കു ഗുണകരമാകുന്ന കാര്യങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുകയെന്നും അസമത്വം നിറഞ്ഞ അധികാരം ശരിയായി വിഭജിക്കുമെന്നും സ്ഥാനമേൽക്കുമ്പോൾ അബി പറഞ്ഞെങ്കിലും പ്രവൃത്തിയിൽ അതു കണ്ടില്ല. പ്രാദേശിക ഭരണകൂടത്തിൽനിന്ന് അധികാരം കവരാനാണ് അബി ശ്രമിക്കുന്നതെന്ന ചിന്ത ഒറോമോ മേഖലയിലും അധികാരം കവർന്നെടുക്കാനാണ് ശ്രമമെന്ന് ടിഗ്രെ വിഭാഗവും അബിയുടെ പ്രവർത്തനങ്ങളെ ഇതോടെ വിലയിരുത്തി.

ടിഗ്രെയിൽനിന്ന് സുഡാനിലേക്കു രക്ഷപ്പെട്ട എത്യോപ്യൻ അഭയാർഥി സംഘത്തിൽപ്പെട്ട പെൺകുട്ടി കുടിവെള്ളം ശേഖരിച്ച് എത്തുന്നു. സുഡാൻ സംസ്ഥാനമായ കസാലയിലെ ഹംദിയെറ്റിലെ കേന്ദ്രത്തിൽനിന്നുള്ള ചിത്രം. (Photo by Ebrahim HAMID / AFP)
ടിഗ്രെയിൽനിന്ന് സുഡാനിലേക്കു രക്ഷപ്പെട്ട ഇത്യോപ്യൻ അഭയാർഥി സംഘത്തിൽപ്പെട്ട പെൺകുട്ടി കുടിവെള്ളം ശേഖരിച്ച് എത്തുന്നു. സുഡാൻ സംസ്ഥാനമായ കസാലയിലെ ഹംദിയെറ്റിലെ കേന്ദ്രത്തിൽനിന്നുള്ള ചിത്രം. (Photo by Ebrahim HAMID / AFP)

വംശീയമായി വിഘടിക്കപ്പെട്ട ഇത്യോപ്യ

അബി അഹമ്മദ് അധികാരത്തിൽ വരുന്നതിനു മുൻപ് സർക്കാരിനെതിരെ പ്രതിഷേധങ്ങൾ നടന്നിരുന്നു. ജനരോഷം വർധിച്ചതിനാലാണ് അന്നത്തെ പ്രധാനമന്ത്രി ഹെയ്‍ലെമറിയം ഡേസാലെൻ‍ മാറിനിന്ന് അത്ര അറിയപ്പെടാതിരുന്ന അബിയെ ഭരണസാരഥ്യത്തിൽ എത്തിച്ചത്. ഈ സമരങ്ങൾക്കു നേതൃത്വം നൽകിയവരിൽ ഒരാളായിരുന്ന പ്രശസ്ത ഗായകൻ ഒറോമോ വിഭാഗക്കാരനായ ഹചാലു ഹുൻഡെസ്സയെ ഈ ജൂലൈയിൽ ഒരു കൂട്ടം അക്രമികൾ വെടിവച്ചുകൊന്നിരുന്നു. പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനുപേർ അറസ്റ്റിലാകുകയും ചെയ്തു. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത അബി പറഞ്ഞത് താൻ സമാധാനം വാഗ്ദാനം ചെയ്തവർ സർക്കാരിനെതിരെ ‘ആയുധങ്ങൾ കയ്യിലെടുത്തു’ എന്നാണ്. തനിക്കുനേരെയുണ്ടായ ഗ്രനേഡ് ആക്രമണവും അട്ടിമറി ശ്രമവും പരമാർശിച്ചായിരുന്നു അബിയുടെ പ്രസ്താവന.

ഗായകന്റെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധം നേരിടാൻ സൈന്യത്തെ വിന്യസിച്ചു. ആഴ്ചകളോളം ഇന്റർനെറ്റ് വിച്ഛേദിച്ചു. കർശന സർക്കാർ നിയന്ത്രണങ്ങൾ വരികയാണെന്ന ഭീതി മനുഷ്യാവകാശ സംഘടനകൾ മുന്നോട്ടുവച്ചു. ടിഗ്രെയിൽ ആറു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രവിശ്യയെ എല്ലാ അർഥത്തിലും ഒറ്റപ്പെടുത്തി. പിന്നീടായിരുന്നു പൊതുതിരഞ്ഞെടുപ്പ് മാറ്റിവച്ചതും ശേഷം ടിഗ്രെയിൽ തിര‍ഞ്ഞെടുപ്പു നടന്നതും. ഈ തിരഞ്ഞെടുപ്പ് അംഗീകരിക്കാൻ അബി ഭരണകൂടം തയാറായിട്ടില്ല. ടിഗ്രെയിൽ രൂപീകരിച്ച സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് ‘യുദ്ധപ്രഖ്യാപനമായി കണക്കാകുമെന്ന്’ ടിഗ്രെ നേതൃത്വം പറഞ്ഞെങ്കിലും അബി അതു വകവച്ചിട്ടില്ല. സൈനിക ഇടപെടൽ തള്ളിക്കളഞ്ഞ അബി പക്ഷേ, പൊതുതിരഞ്ഞെടുപ്പിൽ ഒരു പാർട്ടി പങ്കെടുത്തില്ലെങ്കിൽ അതു അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ടിഗ്രെ ഭരണകൂടം വഴി പ്രാദേശിക ഭരണകൂടങ്ങൾക്കു നൽകേണ്ട ധനസഹായം നേരിട്ടാക്കി ടിപിഎൽഎഫ് നേതൃത്വത്തെ അബിയുടെ സർക്കാർ ചൊടിപ്പിക്കുകയും ചെയ്തു.

വംശീയ ന്യൂനപക്ഷമാണെങ്കിലും വൻ അധികാരവും മേധാവിത്തവുമാണ് ടിഗ്രെ വിഭാഗക്കാർ കയ്യാളിയിരുന്നത്. രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുകയും നിരോധിത പാർട്ടികളെ അംഗീകരിക്കുകയും ചെയ്തത് പരമ്പരാഗതമായി മേധാവിത്തം പുലർത്തിയിരുന്ന ടിഗ്രെ വിഭാഗക്കാരെ പിന്നിലേക്കു മാറ്റി. രാജ്യത്തുനിന്ന് അഴിമതിയും മനുഷ്യാവകാശ ലംഘനവും തുടച്ചുമാറ്റുമെന്നും ഭരണ നടപടികളില്‍ സുതാര്യത കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച് അധികാരത്തിൽകയറിയ അബി അതിനുള്ള ശ്രമങ്ങൾ തുടങ്ങിയതും ടിഗ്രെ വിഭാഗക്കാരെ അസ്വസ്ഥരാക്കി. 2018 നവംബറിൽ രഹസ്യാന്വേഷണ, സുരക്ഷ, ജയിൽ സംവിധാനം രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള മെറ്റൽസ് ആൻഡ് എൻജിനീയറിങ് കോർപ്പറേഷൻ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്ത ‘ശുദ്ധിക്രിയ’ നടപടികൾ അബിക്കെതിരെ വാളോങ്ങാൻ ടിഗ്രെക്കാരെ പ്രേരിപ്പിച്ചു. 30 വർഷത്തോളം നീണ്ട ടിഗ്രെ മേധാവിത്തത്തിനാണ് അബി അന്ത്യംകുറിച്ചത്.

വംശീയമായി വിഘടിച്ചുനിന്ന എത്യോപ്യയെ ആഫ്രിക്കയിലെ ‘സാമ്പത്തിക വികസനത്തിന്റെ മികച്ച മാതൃക’യായി ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികളെന്നാണ് അബിയുടെ വാദം. എന്നാൽ അഴിമതിക്കെതിരെ നടത്തുന്ന കുരിശുയുദ്ധം, വംശീയ അസന്തുലിതാവസ്ഥ പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങൾ തുടങ്ങിയവ രാഷ്ട്രീയ, സാമ്പത്തിക മേൽക്കൈ തകർക്കാനുള്ള അബിയുടെ ശ്രമമായിട്ടാണ് ടിഗ്രെ വിഭാഗക്കാർ വ്യാഖ്യാനിക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് നിർദേശിച്ചിട്ടും അതനുസരിക്കാതെ മുന്നോട്ടുപോയ ടിഗ്രെയുടെ നീക്കങ്ങളെ തന്റെ അധികാരപരിധിയിൽ കയ്യിടുന്ന നടപടിയായാണ് അബിയും കരുതുന്നത്.

ആഭ്യന്തര കലാപത്തിന്റെ വക്കിൽ

നവംബർ നാലിന് ലോകം യുഎസ് തിരഞ്ഞെടുപ്പിന്റെ ഫലത്തിനായി കാതോർത്തപ്പോൾ ഇത്യോപ്യയിൽ ടിഗ്രെ ഭരണകൂടത്തെ നേരിടാൻ സൈന്യത്തിന് ഉത്തരവു നൽകുകയാണ് അബി ചെയ്തത്. മേഖലയിലെ ഫെഡറൽ മിലിറ്ററി ബേസ് ടിഗ്രെ സൈന്യം ആക്രമിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. നാളുകളായി നീറിക്കൊണ്ടിരുന്ന അസ്വസ്ഥതകൾക്ക് യുദ്ധമെന്ന പുതുരൂപം പ്രാപിക്കൽ മാത്രമായിരുന്നു ഇത് വഴിവച്ചതെന്നു രാജ്യാന്തര നിരീക്ഷകർ വിലയിരുത്തുന്നു. മിസൈൽ ആക്രമണത്തിലും മറ്റും ഇരുപക്ഷത്തും ആളപായം സംഭവിച്ചു.

അതിനിടെ, അയൽരാജ്യമായ എറിട്രിയയുമായി അബിയുണ്ടായി സമാധാന കരാർ ലംഘിച്ച് ടിഗ്രെ മേഖലയിൽനിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. എറിട്രിയയുടെ തലസ്ഥാനമായ അസ്മാരയിലെ വിമാനത്താവളത്തിനുനേർക്കായിരുന്നു ആക്രമണം. ഇത്യോപ്യൻ ഭരണകൂടം എറിട്രിയയുമായി ചേർന്ന് സ്വന്തം രാജ്യത്തെ പ്രവിശ്യയ്ക്കെതിരെ യുദ്ധം നടത്തുകയാണെന്നും രാജ്യദ്രോഹമാണിതെന്നുമാണ് ടിഗ്രെ നേതാവ് ഡെബ്രെറ്റ്സ്യൻ രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് അയച്ച സന്ദേശത്തിൽ പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച അബി സർക്കാരിനെ പിന്തുണയ്ക്കാൻ അതിർത്തിയിലേക്ക് എറിട്രിയ സൈന്യത്തെ അയച്ചെന്നും ഡെബ്രെറ്റ്സ്യൻ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ തെളിവു ഹാജരാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ആരോപണം തെറ്റാണെന്ന് എറിട്രിയൻ വിദേശകാര്യമന്ത്രി ഉസ്മാൻ സാലെ മുഹമ്മദ് റോയിട്ടേഴ്സിനോടു വ്യക്തമാക്കി. 1998–2000 കാലത്തെ എറിട്രിയ – ഇത്യോപ്യ യുദ്ധത്തിൽ ടിഗ്രെ വിഭാഗക്കാരുടെ പങ്ക് നിർണായകമായിരുന്നു. ഇതേത്തുടർന്ന് അബിയുടെ നേതൃത്വത്തിൽ സമാധാന കരാർ ഉണ്ടാക്കിയെങ്കിലും ടിഗ്രെക്കാരെ അംഗീകരിച്ചുകൊടുക്കാൻ പ്രസിഡന്റ് ഇസായ്സ് അഫ്‌വെർകിയുടെ എറിട്രിയൻ ഭരണകൂടം തയാറായിട്ടില്ല. അതേസമയം, അഭ്യന്തര സംഘർഷം രൂക്ഷമായതിനെത്തുടർന്ന് 14,500ൽ അധികം ഇത്യോപ്യക്കാരാണ് അയൽരാജ്യമായ സുഡാനിലേക്ക് അഭയാർഥികളായി പോയതെന്ന് യുഎസ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വ്യക്തമാക്കുകയും ചെയ്തു.

ടിഗ്രെയിൽനിന്ന് സുഡാനിലേക്കു രക്ഷപ്പെട്ട എത്യോപ്യൻ അഭയാർഥികൾ. സുഡാൻ സംസ്ഥാനമായ കസാലയിലെ ഹംദിയെറ്റിലെ കേന്ദ്രത്തിൽനിന്നുള്ള ചിത്രം. (Photo by Ebrahim HAMID / AFP)
ടിഗ്രെയിൽനിന്ന് സുഡാനിലേക്കു രക്ഷപ്പെട്ട ഇത്യോപ്യൻ അഭയാർഥികൾ. സുഡാൻ സംസ്ഥാനമായ കസാലയിലെ ഹംദിയെറ്റിലെ കേന്ദ്രത്തിൽനിന്നുള്ള ചിത്രം. (Photo by Ebrahim HAMID / AFP)

ഏകാധിപത്യമോ പതനമോ, അബിയെ കാത്തിരിക്കുന്നത്?

സമാധാന ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിനുവേണ്ടി അബി നടത്തിയ നീക്കങ്ങൾ ആദ്യം മുതൽ പാളിയെന്നാണ് ചില രാജ്യാന്തര മാധ്യമങ്ങളുടെ നിരീക്ഷണം. എന്തുവന്നാലും അബിയും ഇതേ ഏകാധിപത്യ ഭരണസംവിധാനത്തിന്റെ ഭാഗമാണ്. സമാധാന നൊബേൽ കൈവശമെത്തിയെങ്കിലും അതു സമാധാനത്തിനുള്ള ഗാരന്റിയാകണമെന്നില്ലെന്നതാണ് അബിയുടെ കാര്യത്തിൽനിന്നു വ്യക്തമാകുന്നത്. ടിഗ്രെയ്ക്കു നേർക്കു അബി നടത്തുന്ന നീക്കങ്ങൾ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്ന നിലയിലേക്കാണ് പോക്ക്. ഇത്യോപ്യയുടേതു മാത്രമല്ല, ആ മേഖലയിലെ രാജ്യങ്ങളിലേക്കും ഈ അസ്ഥിരതയും അസ്വസ്ഥതയും പടരുന്നു.

ആഭ്യന്തരകലാപത്തിൽനിന്നു രക്ഷ നേടാൻ അതിർത്തി കടന്ന് സുഡാനിലേക്കും സൊമാലിയയിലേക്കും എറിട്രിയയിലേക്കുമാണ് ജനങ്ങൾ പോകുന്നത്. രണ്ടുലക്ഷത്തോളം പേർ ഇങ്ങനെ അഭയാർഥികളാകുമെന്നാണ് കണക്കാക്കുന്നതും. ഇവരിൽ പകുതിയോളവും കുട്ടികളാണ്. 90 ലക്ഷത്തോളം പേരെ ഈ മാറ്റങ്ങൾ ബാധിക്കും. സ്ഫോടനാത്മകമായ സാഹചര്യമാണിവിടെയെന്ന് ആഫ്രിക്കയ്ക്കു വേണ്ടിയുള്ള ഇന്റർനാഷനൽ ക്രൈസിസ് ഗ്രൂപ്പ് (ഐസിജി) ഡപ്യൂട്ടി ഡയറക്ടർ ഡിനോ മഹ്താനി പറഞ്ഞു.

44കാരനായ, ആഫ്രിക്കയുടെ യുവ നേതാവിന്റെ പോക്കും മുൻപുണ്ടായിരുന്ന ഭരണാധികാരികളുടേതിനു സമാനമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ജനാധിപത്യത്തിന്റെ കീഴിൽ ഇത്യോപ്യയെ ഒന്നിച്ച് അണിനിരത്തുന്ന നേതാവെന്ന പ്രതിച്ഛായാണ് അബിക്ക് നഷ്ടപ്പെടാൻ പോകുന്നത്. രാജ്യത്തെ പുതുക്കിപ്പണിയാനുള്ള അബിയുടെ പരാജയപ്പെട്ട പദ്ധതി ഇപ്പോൾ ആഭ്യന്തര കലാപത്തിലേക്കു മാറിയെന്നാണ് എത്യോപ്യയിലെ സ്വതന്ത്ര മാധ്യമ പോർട്ടലായ അഡിസ് സ്റ്റാൻഡേർഡിന്റെ എഡിറ്റർ ഇൻ ചീഫ് സെഡേൽ ലെമ്മ ഒരു ട്വീറ്റിൽ സൂചിപ്പിച്ചത്. രാജ്യത്തെ പ്രബലരായ ഒറോമിയ, അംഹാര വിഭാഗക്കാരെ വിശ്വാസത്തിലെടുത്ത് സർക്കാരിന് അടിത്തറ പാകുകയായിരുന്നു അബി ചെയ്യേണ്ടിരുന്നതെന്ന് കേംബ്രിജ് സർവകലാശാലയിലെ എത്യോപ്യൻ വിദഗ്ധൻ ക്രിസ്റ്റഫർ ക്ലാഫമും അഭിപ്രായപ്പെടുന്നു.

അംഹാര മേഖലയിലെ സായുധ സംഘാംഗം. (Photo by EDUARDO SOTERAS / AFP)
അംഹാര മേഖലയിലെ സായുധ സംഘാംഗം. (Photo by EDUARDO SOTERAS / AFP)

പ്രമുഖ ഒറോമോ നേതാവായ ജാവർ മുഹമ്മദിനെ ഭീകരവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് അബിയുടെ വഞ്ചനയായാണ് ഒറോമോക്കാർ കാണുന്നത്. ടിഗ്രെയുമായി പണ്ടുതൊട്ടേയുള്ള ഭൂമിത്തർക്കത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അംഹാര വിഭാഗക്കാർ ഇതുവരെ തയാറായിട്ടില്ല. ഇവരും ഇപ്പോൾ ടിഗ്രെ വിഭാഗത്തിനെതിരെ പോരാടുന്നുവെന്ന സ്ഥിരീകരിക്കാത്ത വിവരം കൂടി പുറത്തുവരുന്നുണ്ട്.

സ്വന്തം രാജ്യത്ത് സമാധാനം കൊണ്ടുവരാനാകാത്ത സമാധാന നൊബേൽ ജേതാവ് – ഈ പേരാകുമോ അബിക്ക് കാലം നൽകുകയെന്നത് കാത്തിരുന്നു കാണാം.

English Summary: How Ethiopia's Abiy Ahmed, a Nobel peace winner became a leader at war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com