ADVERTISEMENT

കൊച്ചി∙ കിഫ്ബിയിലൂടെ സർക്കാർ ‘പ്ലാനിങ്ങി’നെ ദുർബലപ്പെടുത്തിയിരിക്കുകയാണെന്ന് സിഎംപി ജനറൽ സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവുമായ സി.പി. ജോണിന്റെ വിലയിരുത്തൽ. കേരളത്തിൽ ഇടതുപക്ഷ സർക്കാർ ‘പ്ലാനിങ് പ്രോസസി’ൽ നിന്ന് ‘പ്രോജക്ട് പ്രോസസി’ലേയ്ക്ക് മാറ്റിയിരിക്കുന്നതാണ് ഇപ്പോൾ കാണുന്നതെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോട് പറഞ്ഞു. 

പ്രോജക്ട് പ്രോസസിലേക്കു മാറുകയെന്നത് അടിസ്ഥാനപരമായി ഇടതുപക്ഷ നിലപാടിൽ നിന്നുള്ള വ്യതിയാനമാണ്. ഒരു പ്ലാൻ ഉണ്ടാക്കുക എന്നത് വലിയ പ്രോസസാണ്. അതത് ഡിപ്പാർട്മെന്റുകൾ പ്ലാനിങ് ബോർഡിൽ വന്ന് ചർച്ച ചെയ്ത്, മന്ത്രിയുമായി ചർച്ച ചെയ്ത് സെക്രട്ടറിമാരുമായി ചർച്ച ചെയ്ത് അത് മന്ത്രിസഭയിൽ പോയി, നിയമസഭയിൽ പോയാണ് പ്ലാനുകൾ നടപ്പാക്കുന്നത്. ഇവിടെ വിവിധ സെക്ടറുകൾക്ക്, കൃഷി, വ്യവസായം, വിദ്യാഭ്യാസം, എസ്ഇഎസ്ടി എന്നിങ്ങനെ എത്ര ശതമാനം വീതം തുക മാറ്റിവയ്ക്കണം എന്നതിലൂടെയാണ് ഒരു സർക്കാരിന്റെ വികസനം സംബന്ധിച്ച രാഷ്ട്രീയ നിലപാട് വ്യക്തമാകുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്നത് ധനകാര്യ വകുപ്പ് മറ്റ് വകുപ്പുകളോട് സംസാരിക്കുന്നു. പ്ലാനിങ് വകുപ്പല്ല, ധനകാര്യ വകുപ്പാണ് വികസനമുണ്ടാക്കുന്നത്. പദ്ധതികൾ നടപ്പാക്കുന്നതിനെ ഹൈജാക് ചെയ്തിരിക്കുയാണ് ധനകാര്യ വകുപ്പ്. ഇതു തന്നെയാണ് മോദി പ്ലാനിങ് കമ്മിഷൻ പിരിച്ചു വിട്ടുകൊണ്ട് കേന്ദ്രത്തിലും ചെയ്തിരിക്കുന്നത്. 

ധനകാര്യ വകുപ്പിനും മന്ത്രിക്കും ഇഷ്ടമുള്ളവർക്ക് മാത്രം പണം നൽകുന്നതാണ് ഇവിടെ നടക്കുന്നത്. ഇടതു സർക്കാരിന് വികസന പ്ലാനിങ് എന്ന സങ്കൽപം ഇല്ലാതാകുന്നു. മണ്ഡല അടിസ്ഥാനത്തിൽ എംഎൽഎമാർ വന്നു ചോദിക്കുന്നു, പ്രപ്പോസ് ചെയ്യുന്നു, അവരത് ഡിപ്പാർട്മെന്റിന് കൊടുക്കുന്നു, ഡിപ്പാർട്മെന്റ് സെക്രട്ടറിമാർക്കു കൊടുക്കുന്നു, ധനമന്ത്രി കിഫ്ബിയുടെ അലോക്കേഷൻ നൽകുന്ന കുറെ പ്രോജക്ടുകൾ നടപ്പാകുന്നു ഇതാണ് ഇവിടെ നടക്കുന്നത്. സർക്കാർ ഇപ്പോൾ കൊട്ടിഘോഷിക്കുന്ന പദ്ധതികൾ വെറും 560 മാത്രമാണ് എന്ന് മനസിലാക്കണം. 

കിഫ്ബി കടം വാങ്ങിയ പണം ആര് തിരികെ നൽകും എന്ന ചോദ്യത്തിന് മന്ത്രി തോമസ് ഐസക് വ്യക്തമായി ഉത്തരം നൽകുന്നില്ല. സർക്കാരിൽ നിന്നല്ലാതെ കിഫ്ബിക്ക് വേറെ വരുമാനമില്ല. അതായത് കടം വാങ്ങുന്ന തുക സർക്കാർ തിരിച്ചടയ്ക്കണം. കടവും നികുതി വരുമാനവും മാത്രമാണ് കിഫ്ബിക്ക് വരുമാനം. അതുകൊണ്ടു തന്നെ കടം വാങ്ങുന്ന തുക സർക്കാർ തിരിച്ചടയ്ക്കണം.

മോട്ടർ വാഹന നികുതിയിൽ നിന്ന് കിട്ടുന്നത് വർഷാവർഷം നൽകി തീർക്കാമെന്നാണ് പറയുന്നത്. ഇതു നികുതി തന്നെയാണ്. കൂടുതൽ പണത്തിനാണ് കിഫ്ബി മസാല ബോണ്ടിലേയ്ക്ക് പോയത്. പക്ഷേ നാഷനൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ പണം എടുത്തത് കേന്ദ്ര സർക്കാരിന്റെ ഗാരന്റി വച്ചാണ്. കേന്ദ്ര സർക്കാരിന്റെ അധികാരങ്ങൾ ഉപയോഗിച്ചാണ്. ഭരണഘടന 292ാം വകുപ്പ് അധികാരം നൽകുന്നുണ്ട്. എന്നാൽ ഭരണഘടനയുടെ 293ാം വകുപ്പ് വിദേശത്തു നിന്ന് സംസ്ഥാനങ്ങൾ കടമെടുക്കുന്നതിനെ തടയുന്നുമുണ്ട്. ഇതിനൊരു മാറ്റം വരണമെന്നാണ് ഇടതു മുന്നണി വാദിക്കുന്നതെങ്കിൽ മനസിലാക്കാം. 

കേന്ദ്രത്തിന്റെ അനുവാദത്തോടു കൂടി സംസ്ഥാനങ്ങൾക്ക് വിദേശത്തു നിന്ന് കടം വാങ്ങാൻ കഴിയണമെന്നാണ് അഭിപ്രായം. പക്ഷെ തിരിച്ചടയ്ക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ സ്പെഷൽ പർപസ് വെഹിക്കിൾ(എസ്പിവി) വേണം. അതായത് കൊച്ചി മെട്രോയെ പോലെ, സിയാൽ കൊച്ചി വിമാനത്താവളം അതിലും നല്ല മാതൃകയാണ്. സിയാൽ സ്ഥിരമായി സർക്കാരിന് ലാഭവിഹിതം അടയ്ക്കുകയാണ്. 

സർക്കാർ പണം തിരിച്ചടയ്ക്കുമ്പോൾ ഓഡിറ്റ് നിർബന്ധമാണ്. അത് സിഎജിയുടെ സമ്പൂർണ ഓഡിറ്റായാൽ കിഫ്ബിയിൽ നിക്ഷേപിക്കുന്നവരുടെ ആത്മവിശ്വാസം(ഇൻവെസ്റ്റർ കോൺഫിഡൻസ്) വർധിക്കുകയാണ് ചെയ്യുക. മറിച്ച് സംഭവിക്കും എന്നു കരുതുന്ന കേരള സർക്കാർ സമീപനം കാണുമ്പോൾ കിഫ്ബിയിൽ എന്തോ ചീഞ്ഞ് നാറുന്നുണ്ട് എന്ന ്സംശയിച്ചവരെ വിമർശിക്കാനാവില്ല. യുഡിഎഫിന്റെ മാതൃക എസ്പിവി എന്ന ധനകാര്യ സംവിധാനം ഉപയോഗിച്ച് ട്രഷറിക്ക് പുറത്തു തന്നെ ലോണെടുക്കുകയും അത്തരം പദ്ധതികളിൽ നിന്നുണ്ടാകുന്ന വരുമാനം കൊണ്ട് അടച്ചു തീർക്കുകയും ചെയ്യുക എന്നതായിരുന്നു. 

കിഫ്ബി കമ്പനി ആയതുകൊണ്ട് നല്ലതും അതോറിട്ടിയായതുകൊണ്ട് മോശവും ആവില്ല. പക്ഷെ സിഎജി ഉയർത്തുന്ന പ്രസക്തമായ ചോദ്യങ്ങൾക്ക് സമയാസമയം മറുപടി നൽകണം. അവസാന റിപ്പോർട്ടിനെ കരട് റിപ്പോർടായി തെറ്റിദ്ധരിക്കുന്ന ഡോ.തോമസ് ഐസക്കിന് എന്തു പറ്റി എന്നു മാത്രമേ തൽക്കാലം ചോദിക്കുന്നുള്ളൂ.. 

മസാല ബോണ്ടിലേത് ഉയർന്ന പലിശ

മസാല ബോണ്ട് ഇറക്കിയിരിക്കുന്നത് 9.723ശതമാനം പലിശയ്ക്കാണ്. ഇന്ത്യൻ ആഭ്യന്തര മാർക്കറ്റിൽ എട്ട്, എട്ടേകാൽ ശതമാനത്തിന് പണം ലഭിക്കുമെന്നിരിക്കെയാണ് ഇത്. കേരളത്തിലെ സഹകരണ സംഘങ്ങൾക്ക് ഈ ബോണ്ട് നൽകിയിരുന്നെങ്കിൽ ഇതിലും അധികം പണം സമാഹരിക്കാമായിരുന്നു. വിദേശത്തു നിന്ന് പണം ലഭിച്ച ആദ്യ സസംസ്ഥാന സർക്കാർ സ്ഥാപനമാണ് കിഫ്ബി എന്നു വരുത്തിത്തീർക്കാനുള്ള ആവേശമായിരുന്നു തോമസ് ഐസക്കിന്റേത്.

അല്ലെങ്കിൽ ഇത്ര ഉയർന്ന പലിശയ്ക്ക് ഇംഗ്ലണ്ടിൽ പോകേണ്ടതിന്റെ ആവശ്യമെന്താണ്. ഡോളറിൽ കണക്കാക്കിയൽ 4.6 ശതമാനത്തിലെന്നാണ് വിശദീകരണം. ഡോളറിൽ മെട്രോ രണ്ടു ശതമാനത്തിന് ലോണെടുത്തിടത്താണ് ഇത്ര ഉയർന്ന നിരക്ക് എന്ന് മനസിലാക്കണം. ഒന്നരയ്ക്കും രണ്ടിനുമെല്ലാം ഡോളറിൽ കിട്ടാനുണ്ട്. അതിനു പുറമേ അടയ്ക്കാനുള്ള കാലാവധിയും ദീർഘമാണ്. ഇത് എടുത്ത പിറ്റേ ദിവസം മുതൽ പലിശ അടച്ചു തുടങ്ങിയിരിക്കുകയാണ്.

ഇനി ഇത്രയ്ക്ക് വലിയ പലിശയ്ക്ക് വേറെ ദുരുദ്ദേശം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ ഐസക്കിന് നിഷേധിക്കാനാവില്ല. ഗവൺമെന്റ് എടുക്കുന്ന കടം സംസ്ഥാന ജിഡിപിയുടെ നിശ്ചിത ശതമാനത്തിൽ അധികമാകരുതെന്ന നിയമം(എഫ്ആർബിഎം ആക്ട്)  മറികടക്കുക എന്നതാണ് കിഫ്ബിയുടെ ലക്ഷ്യം. പക്ഷെ സർക്കാർ ഗാരന്റി നിൽക്കുന്ന കടങ്ങൾ സർക്കാരിന്റെ തന്നെ കടങ്ങളായി കണക്കാക്കിയാൽ ഈ എളുപ്പവഴി സാധ്യമല്ലാതാകുമെന്ന് ആലോചിക്കുന്നവർക്ക് അറിയാം.

ഇന്ധന സെസും വാഹന നികുതിയും കൊണ്ട് കടം അടച്ചു തീർക്കാമെന്നാണ് മന്ത്രി പറയുന്നത്. ശരിയാണ്. പെട്രോളിന് മൂന്നു രൂപ വച്ച് കൂട്ടിയാൽ കാര്യങ്ങൾ വിചാരിച്ച പോലെ നടത്താം. അഞ്ചു രൂപ വച്ച് കൂട്ടിയാൽ കുറച്ചു കൂടി നന്നായി നടപ്പാക്കാം. ഇപ്പോഴത്തെ വരുമാനത്തിൽ ഇത് നടപ്പാക്കാനാവില്ല എന്നാണ് പറയുന്നത്. മന്ത്രി അത് സമ്മതിച്ചാൽ മതി.

സത്യം പലപ്പോഴും മറച്ചു വയ്ക്കാൻ അദ്ദേഹത്തിന് ഇഷ്ടമാണ്. ഒരു ധനമന്ത്രി ലഘുലേഖാകാരന്റെ(pamphleteer) കൗശലം കാണിക്കരുത്. കാര്യങ്ങൾ തുറന്നു പറയണം. ദൗർഭാഗ്യവശാൽ ഇന്ന് ധനശാസ്ത്രത്തിൽ സാമാന്യത്തിലധികം അറിവുള്ള  ഡോ. തോമസ് ഐസക് ആർക്കോവേണ്ടി വിഢിവേഷം കെട്ടിയാടുകയാണോ? സി.പി. ജോൺ ചോദിക്കുന്നു.

Content Highlights: CP John, Minister Thomas Issac, KIFFB, Loan, Allegations, Masala Bond

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com