ADVERTISEMENT

വാഷിങ്ടൻ∙ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അട്ടിമറിച്ച് ജോ ബൈഡൻ വൈറ്റ് ഹൗസിലേക്കെത്തുമ്പോൾ പ്രതീക്ഷകൾക്കൊപ്പം ഒരുപിടി അഭ്യൂഹങ്ങളും ശക്തമാകുകയാണ്. നാളെ ബൈഡന്റെ 78–ാം ജന്മദിനമാണ്. യുഎസിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റായ ബൈഡൻ അധികാരമേൽക്കും മുമ്പേ തന്നെ നാല് വർഷത്തിനു ശേഷം വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമോയെന്ന ചോദ്യവും സജീവമാകുകയാണ്. ബൈഡൻ ഒറ്റത്തവണ മാത്രം പ്രസിഡന്റായേക്കും എന്ന ചർച്ചകളും ഡെമോക്രാറ്റുകൾക്കിടയിലും രാഷ്ട്രീയവൃത്തങ്ങളിലും സജീവമാകുന്നു.

വീണ്ടും മത്സരിച്ചാൽ 2029ല്‍ മാത്രമേ അടുത്ത ടേം പൂർത്തിയാകൂ, അപ്പോൾ 86 വയസ്സാകും ബൈഡന്. പ്രായാധിക്യം മൂലം ഇനിയൊരു അങ്കത്തിനു ബൈഡൻ തയാറാകില്ലെന്നു രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നു. എട്ടുവർഷവും വൈറ്റ്ഹൗസിൽ താനുണ്ടാകുമെന്നായിരുന്നു ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ നേരത്തെ ബൈഡൻ പറഞ്ഞത്. എന്നാൽ അടുത്തിടെ ബൈഡൻ സ്വരം മാറ്റി. ഒറ്റത്തവണ മാത്രം പ്രസിഡന്റാകുമെന്നു സൂചന നൽകുകയും ചെയ്തു. 2024ൽ യുവനേതൃത്വത്തിനായി ബൈഡൻ വഴിമാറുമെന്നു കരുതുന്നവരാണു നിരവധി. 

ഒരു നേതാവും ഒറ്റത്തവണത്തേക്കു മാത്രം വൈറ്റ്ഹൗസിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും അത്തരമൊരു നീക്കം ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാൽ അയാൾ ദുർബലനാണെന്നു ജനം കരുതുമെന്നു രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. അടുത്ത തവണയും ജോ ബൈഡൻ മത്സരരംഗത്തുണ്ടാകുമെന്നു സഹോദരിയടക്കമുള്ളവർ സൂചിപ്പിക്കുമ്പോഴും ജോ ബൈഡൻ അതിനു തയാറാകുമോയെന്നു കാത്തിരുന്നു കാണേണ്ടി വരുമെന്നു രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. 

biden-kamala
കമല ഹാരിസ്, ജോ ബൈഡൻ (ഫയൽ ചിത്രം)

യുഎസ് രാഷ്ട്രീയത്തിലെ ചിരപരിചിത മുഖമായ ബൈഡനു രാജ്യാന്തര, പാർലമെന്ററി പ്രവർത്തനങ്ങളിൽ വളരെ വലിയ അനുഭവസമ്പത്തുമുണ്ട്. പുരോഗമനവാദിയും പ്രായോഗികവാദിയുമാണ്. ബറാക് ഒബാമ യുഎസ് പ്രസിഡന്റ് ആയിരുന്ന 2009 മുതൽ 2017 വരെ വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. അന്നത്തെ അനുഭവ പരിചയവും ജനസമ്മതിയും ഭരണത്തിൽ തുണയാകുമെന്നു ബൈഡനും പാർട്ടിയും വിശ്വസിക്കുന്നു. യുഎസ് ജനത ആ വിശ്വാസത്തെ മുഖവിലയ്ക്കെടുത്തുവെന്നാണ് തിര‍ഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതും.

സ്ത്രീപക്ഷക്കാരനായി അറിയപ്പെടുന്ന ബൈഡന്‍, 36 വര്‍ഷം സെനറ്റ് അംഗമായിരുന്നു. ഇന്ത്യൻ വംശജ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയതു ബൈഡന്റെ താൽപര്യമായിരുന്നു. സ്ത്രീകളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പല നിയമ നിര്‍മാണങ്ങളിലും നിര്‍ണായക പങ്കു വഹിച്ചു. ബൈഡൻ ലൈംഗികമായി ശല്യപ്പെടുത്തിയെന്നും ലൈംഗികാസക്തി പ്രകടിപ്പിക്കുന്ന വിധത്തില്‍ പെരുമാറിയെന്നും ആരോപിച്ച് ഇതിനിടെ ചില സ്ത്രീകൾ രംഗത്തു വന്നെങ്കിലും അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നാണു ഫലം തെളിയിക്കുന്നത്.

joe-jill-biden-3
ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും (ഫയൽ ചിത്രം)

1942 നവംബർ 20 നാണ് ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ ജനിച്ചത്; വടക്കുകിഴക്കൻ പെൻസിൽവേനിയയിലെ സ്ക്രാന്റൻ പട്ടണത്തിൽ. തൊഴിലാളികളായിരുന്നു അവിടെ ഭൂരിപക്ഷം. പഴയ കാറുകളുടെ കച്ചവടക്കാരനായ ജോസഫ് ബൈഡൻ സീനിയറായിരുന്നു പിതാവ്. ചൂള വൃത്തിയാക്കുന്ന ജോലിക്കും അദ്ദേഹം പോയിരുന്നു. അമ്മ കാതറിൻ യുജീനിയ ഫിന്നെഗൻ. കരുത്തരായ മാതാപിതാക്കളാണ് തന്നെ കഠിനാധ്വാനിയും സ്ഥിരോൽസാഹിയും പ്രതിസന്ധികളിൽ തളരാത്ത ആളുമായി വളർത്തിയതെന്ന് ബൈഡൻ പറഞ്ഞിട്ടുണ്ട്.

English Summary: Will Biden be One-term President? His 'I'm Transition Candidate' Phrase Raises Eyebrows, Age a Factor Too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com