നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി, ആവശ്യം തള്ളി

High-Court-of-Kerala
SHARE

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ഇരയുടെയും സർക്കാരിന്റെയും ആവശ്യം ഹൈക്കോടതി തള്ളി. വിചാരണക്കോടതി മാറ്റേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയ കോടതി അപ്പീൽ നൽകാൻ വിചാരണയ്ക്കുള്ള സ്റ്റേ ഒരാഴ്ച കൂടി നീട്ടി നൽകണമെന്ന ആവശ്യവും അംഗീകരിച്ചില്ല. യഥാർഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെങ്കിൽ കോടതിയും പ്രോസിക്യൂഷനും പ്രതിഭാഗവും ഒരുമിച്ച് പ്രവർത്തിക്കണം എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി.ജി. അരുൺ ആണ് ഹർജിയിൽ വിധി പ്രഖ്യാപിച്ചത്.

ഉത്തരവിൽ എതിർപ്പുണ്ടെങ്കിൽ തിങ്കളാഴ്ച കോടതിയെ സമീപിക്കാം. സർക്കാരും ഇരയും ഉയർത്തിയ ആശങ്കകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉത്തരവിൽ വ്യക്തമാണെന്നും അത് പരിശോധിച്ച ശേഷം തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു. അതേ സമയം ഉത്തരവ് പുറപ്പെടുവിക്കുന്ന സാഹചര്യത്തിലും കോടതി നിലപാടിനെ എതിർത്തുകൊണ്ടാണ് സർക്കാർ അഭിഭാഷകൻ വിധി പ്രസ്താവം കേട്ടത്. ഇതേ കോടതിയിൽ വിചാരണ തുടരുന്നത് നടപടികൾ സ്തംഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എറണാകുളം അഡീഷണൽ സ്പെഷൽ സെഷൻസ് കോടതിയിൽ (സിബിഐ കോടതി) നടന്നു വന്ന വിചാരണ ഹൈക്കോടതി ഇന്നു വരെ സ്റ്റേ ചെയ്തിരിക്കുകയായിരുന്നു.

വിചാരണക്കോടതിയുടെ നിഷ്പക്ഷതയെ പൂർണമായും ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹൈക്കോടതിയിൽ കേസിലെ വാദം നടന്നത്. പക്ഷപാതപരമായി പെരുമാറുന്നതിനാൽ വിചാരണക്കോടതി മാറ്റണമെന്നു കാണിച്ചായിരുന്നു ഇരയും പ്രോസിക്യൂഷനും ഹൈക്കോടതിയിലെത്തിയത്. ഇരയുടെ ക്രോസ് വിസ്താരം പൂർത്തിയായ നിലയ്ക്ക് വിചാരണ പൂർത്തിയാക്കാൻ ഇനി വനിതാ ജഡ്ജി വേണമെന്നില്ലെന്ന് സർക്കാരും നടിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ക്രോസ് വിസ്താരത്തിനിടെ നടി കരയുന്ന സാഹചര്യം പോലുമുണ്ടായി. മാന്യമല്ലാത്ത ചോദ്യങ്ങൾ ഇരയ്ക്കു നേരിടേണ്ടി വന്നു തുടങ്ങിയ കാര്യങ്ങളാണ് വിചാരണക്കോടതി മാറ്റണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇരയും സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തിയും ചൂണ്ടിക്കാട്ടിയത്. 

കോടതി മാറ്റം അനുവദിച്ചില്ലെങ്കിൽ പ്രോസിക്യൂഷനു കേസ് തുടരാനാവാത്ത സാഹചര്യമുണ്ടാകുമെന്നായിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചത്. 11 ദിവസം നടിയുടെ ക്രോസ് വിസ്താരം നടന്നു. പലപ്പോഴും രാത്രി 7 വരെ നീണ്ടു. രഹസ്യ വിചാരണയ്ക്കു നിരക്കാത്ത മട്ടിൽ 15– 19 അഭിഭാഷകർ വരെ കോടതിയിലുണ്ടായിട്ടും കോടതി തടഞ്ഞില്ല. പരിശോധനാ റിപ്പോർട്ടിനു വേണ്ടി ലാബിലേക്കു നേരിട്ടു ഫോൺ ചെയ്തു. പ്രോസിക്യൂഷന്റെ അറിവില്ലാതെ രഹസ്യ രേഖകൾ പ്രതിഭാഗത്തിനു കൈമാറി. കുറ്റപത്രം ഭേദഗതി ചെയ്യാനുള്ള അപേക്ഷയുൾപ്പെടെ പരിഗണിച്ചില്ല. തുടങ്ങിയ കാര്യങ്ങളും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു..

വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കിയ സാഹചര്യത്തിൽ വിചാരണക്കോടതി മാറ്റണമെന്നായിരുന്നു നടിയുടെ അപേക്ഷ. ക്രോസ് വിസ്താരത്തിനിടെ ബുദ്ധിമുട്ടും സമ്മർദവും തനിക്ക് നേരിടേണ്ടി വന്നെങ്കിലും കോടതി ഫലപ്രദമായി ഇടപെട്ടില്ല. കോടതിയുടെ നിലപാടിൽ സാക്ഷികൾക്കും അതൃപ്തിയുണ്ട്. പല ചോദ്യങ്ങളും അനുവദിച്ചതു പക്ഷപാതപരമാണ്. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ തുറന്നു പറയാൻ കഴിയുമെന്നു കരുതിയാണു വനിതാ ജഡ്ജിയെ ആവശ്യപ്പെട്ടതെങ്കിലും മറിച്ചുള്ള അനുഭവമാണുണ്ടായതെന്നും നടി കോടതിയെ ബോധിപ്പിച്ചിരുന്നു.

English Summary : Change of court issue in actress attack case, vedict today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA