ADVERTISEMENT

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രദീപ് കോട്ടത്തലയ്ക്കെതിരെയുള്ളത് ഗുരുതര കണ്ടെത്തലുകള്‍. ജനുവരിയില്‍ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസ് അട്ടിമറിക്കാന്‍ കോടികള്‍ ചെലവഴിക്കാന്‍ ശേഷിയുള്ളവരാണ് പ്രതികളെന്ന് അന്വേഷണസംഘം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് അനുകൂലമായി, സാക്ഷികളെക്കൊണ്ടു മൊഴി മാറ്റുന്നതിന് വേണ്ടി ഒരുസംഘം ജനുവരി 20ന് എറണാകുളത്ത് യോഗം ചേര്‍ന്നു. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാലിന് പുറമെ മറ്റു സാക്ഷികളെയും ദിലീപിന് അനുകൂലമായി മൊഴി നല്‍കുന്നതിന് വേണ്ടി സ്വാധീനിക്കാന്‍ ശ്രമിച്ചു. ദിലീപിന്‍റെ ഡ്രൈവര്‍ അപ്പുണ്ണി എന്നു വിളിക്കുന്ന സുനില്‍ രാജുമായി ഫോണില്‍ പ്രദീപ് ബന്ധപ്പെട്ടതായി സംശയിക്കുന്നു.

സാക്ഷിക്ക് കോള്‍ വന്ന ദിവസം പ്രദീപിന്‍റെ പഴ്സനല്‍ നമ്പരും സാക്ഷിയെ വിളിച്ച നമ്പരും കൊല്ലം ജില്ലയിലെ വിളക്കുടി എന്ന ടവര്‍ ലൊക്കേഷനിലാണ്. തിരുനെല്‍വേലിയില്‍നിന്ന് സിം കാര്‍ഡ് എത്തിച്ചത് പ്രദീപിന്‍റെ സുഹൃത്ത് മനോജ് വഴി മുത്തുപാണ്ഡ്യന്‍ എന്നയാളാണ്. ദിലീപ് ജയിലിലായിരുന്നപ്പോള്‍ ആലുവ സബ് ജയിലില്‍ ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കൊപ്പം പ്രദീപ് സന്ദര്‍ശിച്ചിട്ടുണ്ട്. സോളര്‍ കേസിന്‍റെ വിചാരണയ്ക്കിടെ പ്രതിയെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് കമ്മിഷന്‍ വിസ്തരിച്ചിരുന്നു.

ജനുവരി 24ന് കാസര്‍കോട് എത്തിയ വകയില്‍ മാത്രം 25,000ത്തോളം രൂപ ചെലവാക്കിയ പ്രതി, സാക്ഷിയെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും കോടികള്‍ ചെലവാക്കുമെന്നതില്‍ സംശയമില്ല. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ–സിനിമാ രംഗത്തെ ഉന്നതരുടെ വന്‍ ഗൂഢാലോചന നടന്നതായാണ് നിഗമനം. പ്രദീപിന് സാക്ഷിയെ സ്വാധീനിക്കേണ്ട ആവശ്യമില്ലെന്നും പിന്നില്‍ വന്‍സംഘമുണ്ടെന്നും അവരെ കണ്ടെത്തണമെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു.

English Summary: Malayalam movie actress attack case - follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com