ADVERTISEMENT

ന്യൂഡൽഹി ∙ തമിഴകത്തു വേരുറപ്പിക്കാനുള്ള ബിജെപി തന്ത്രങ്ങൾക്കു രൂപം നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയില്‍. അണ്ണാ ഡിഎംകെ സഖ്യം തുടരണമോയെന്നതു സംബന്ധിച്ചു നിർണായക ചർച്ചകൾ അമിത് ഷായുടെ സാന്നിധ്യത്തിൽ നടക്കുമെന്നാണു സൂചന. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ത്രിശങ്കുവിൽ നിൽക്കുന്ന സൂപ്പർതാരം രജനീകാന്തിനെ അമിത് ഷാ സന്ദർശിച്ചേക്കില്ല.

രാജ്യത്തെ വലിയ സംസ്ഥാനങ്ങളിൽ ബിജെപിക്കു സ്വാധീനം ഏറ്റവും കുറഞ്ഞ ഇടമാണു തമിഴ്നാട്. പാർട്ടിക്കു വളരാൻ അനുകൂല സാഹചര്യങ്ങളുണ്ടെങ്കിലും അതു മുതലെടുക്കാനാവുന്നില്ലെന്ന വികാരം കേന്ദ്ര നേതൃത്വത്തിനുണ്ട്. വെട്രിവേൽ യാത്രയുൾപ്പെടെ ഹിന്ദുത്വ അജൻഡ ഉയർത്തിക്കൊണ്ടുവന്നത് സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകളുടെ മുഖ്യധാരയിലേക്കു പാര്‍ട്ടിയെ എത്തിച്ചെന്നാണു വിലയിരുത്തല്‍.

ഈ മുന്നേറ്റം വോട്ടാക്കി മാറ്റുന്നതു ചര്‍ച്ചയാകും. സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍, മണ്ഡലം ഭാരവാഹികൾ എന്നിവരുമായി ഷാ ചർച്ച നടത്തും. അണ്ണാ ഡിഎംകെയുമായുള്ള സഖ്യത്തെ കുറിച്ചും ചര്‍ച്ചകളുണ്ടാകുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ പറയുന്നത്. ഷായുടെ സാന്നിധ്യത്തിൽ പ്രമുഖർ പാർട്ടിയിൽ ചേരുമെന്നു നേതാക്കൾ പറയുന്നുണ്ടെങ്കിലും ആരൊക്കെയെന്നു വ്യക്തമാക്കിയിട്ടില്ല.

രാഷ്്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിൽ നിൽക്കുന്ന രജനീകാന്തിനെ അമിത് ഷാ കാണാന്‍ സാധ്യതയില്ല. പാർട്ടി രൂപീകരിച്ചു രജനീകാന്ത് എൻഡിഎ സഖ്യത്തിൽ ചേരണമെന്നാണു ബിജെപിയുടെ താൽപര്യം. അതിനു സാഹചര്യം അനുകൂലമല്ലെങ്കിൽ രജനിയുടെ പരസ്യ പിന്തുണയെങ്കിലും  ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.

English Summary : Amit Shah to visit Tamil Nadu today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com