ജീവനാംശമായി ചോദിച്ചത് 5 കോടി, 3 പേരെ കൊന്നുതള്ളി; പ്രതി ജയമാല പിടിയിൽ

SHARE

ചെന്നൈ ∙ സൗക്കാർപേട്ടിൽ വൃദ്ധ ദമ്പതികളെയും മകനെയും വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതിയായ മരുമകള്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഒളിസങ്കേതത്തില്‍നിന്നാണു മരുമകള്‍ ജയമാലയെയും അഭിഭാഷകനായ സഹോദരനെയും തമിഴ്നാട് പൊലീസ് പിടികൂടിയത്. ജീവനാംശം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നു ജയമാല ഭര്‍ത്താവിനെയും മാതാപിതാക്കളെയും വെടിവച്ചെന്നാണ് പൊലീസ് ഭാഷ്യം.

കഴിഞ്ഞ പതിനൊന്നിനാണ് ധനകാര്യ സ്ഥാപനം നടത്തുന്ന രാജസ്ഥാന്‍ സ്വദേശികളെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ഇടപാട് സ്ഥാപനം നടത്തുന്ന ദലിചന്ദ് (74), ഭാര്യ പുഷ്പ ഭായ് (70), മകൻ ശീതൾ (42) എന്നിവരെ കഴിഞ്ഞ 11നാണു വീട്ടിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. രാജസ്ഥാനിലെ ജാവൽ സ്വദേശികളായ ഇവർ വർഷങ്ങളായി ചെന്നൈയിലാണു താമസം.

ശീതളിന്റെ ഭാര്യ പുണെ സ്വദേശി ജയമാല ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. ഇവർക്ക് 2 മക്കളുണ്ട്. ജയമാല, ജയമാലയുടെ സഹോദരനും അഭിഭാഷകനുമായ വികാസ്, ഇവരുടെ സഹായി എന്നിവരാണ് വെള്ളിയാഴ്ച പിടിയിലായത്. ആഗ്രയ്ക്ക് അടുത്തുള്ള ഒളിത്താവളത്തില്‍ നിന്നാണു ഇവരെ പിടികൂടിയത്. കൊലയ്ക്കുപയോഗിച്ച രണ്ടു തോക്കുകളും കണ്ടെത്തി.

ഇതില്‍ ഒരു തോക്ക് വിരമിച്ച പട്ടാളക്കാരന്റേതാണ്. കൊലപാതകത്തിനായി ഇയാളില്‍നിന്നു വാങ്ങിയതായിരുന്നു ലൈസന്‍സുള്ള ഈ തോക്ക്. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ തോക്കിൽ സൈലൻസർ ഘടിപ്പിച്ചായിരുന്നു കൃത്യം നടത്തിയത്. ജയമാലയും സഹോദരങ്ങളും പൂണെയില്‍നിന്ന് ചെന്നൈയിലെത്തിയ കാറും പിടിച്ചെടുത്തു.

ശീതളും ജയമാലയും വിവാഹമോചനത്തിനു അപേക്ഷ നൽകിയിരുന്നു. 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു ജയമാല ശീതളിനെതിരെ കേസ് നൽകി. ഇതുമായി ബന്ധപ്പെട്ടു ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ജയമാലയുടെ കുടുംബത്തിനെതിരെ ശീതളും ഭർത്താവിനെതിരെ ജയമാലയും കേസ് നൽകി.

ജീവനാംശ പ്രശ്നം പറഞ്ഞു തീർക്കാനായി ജയമാലയും 2 സഹോദരന്മാരും ബന്ധുക്കളുമുൾപ്പെടെ 5 പേർ ശീതളിന്റെ വീട്ടിലെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. സഹോദരീ ഭര്‍ത്താവിന് മാനസിക വൈകല്യമുണ്ടായിരുന്നുവെന്നും ഇതു മറച്ചുവച്ചു വിവാഹം ചെയ്തു കുടുംബത്തെ വഞ്ചിച്ചതാണ് കൂട്ടക്കൊലയുടെ കാരണമായതെന്നുമാണ് നേരത്തെ അറസ്റ്റിലായ ജയമാലയുടെ സഹോദരന്‍ കൈലാശ് മൊഴി നൽകിയത്.

English Summary :Chennai triple murder case: 3 more accused, including deceased’s wife, nabbed in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA