‘കോവിഡും ഡോണൾഡ് ട്രംപും അമേരിക്കയിൽ ഒരുപോലെ; രണ്ടും വിട്ടുപോകുന്നില്ല’

SHARE

വാഷിങ്ടൻ ∙ കോവിഡും ട്രംപും അമേരിക്കയില്‍ ഒരുപോലെയാണെന്ന് തോന്നുന്നു. രണ്ടും വിട്ടുപോകുന്നില്ല. ട്രംപിനെതിരായി അമേരിക്ക വോട്ടു ചെയ്തതിനു പിന്നാലെ കോവിഡ് അതിരൂക്ഷമായി തിരിച്ചെത്തി. പ്രസിഡന്റ് പദം ഒഴിയില്ലെന്നു ട്രംപും. മാസ്ക് ധരിക്കില്ലെന്നും ആളകലം പാലിക്കേണ്ടെന്നുമൊക്കെയായിരുന്നു ട്രംപിന്റെ നിലപാട്.

ലോക്ഡൗൺ നാളുകളിൽ കേരളത്തില്‍ വിശപ്പിന്റെ വിളിയെ പടിക്കുപുറത്തു നിര്‍ത്തുന്നതിൽ റേഷന്‍ സൗജന്യകിറ്റ് പ്രധാന പങ്കാണ് വഹിച്ചത്. എന്നാല്‍ അമേരിക്കയില്‍ സ്ഥിതി രൂക്ഷമാണ്. നാം അറിയാത്തത്ര രൂക്ഷം. അമേരിക്കയില്‍ സര്‍ക്കാര്‍ കിറ്റില്ല. ഇങ്ങനെ സൗജന്യഭക്ഷണം കിട്ടണമെങ്കില്‍ സന്നദ്ധസംഘടനകള്‍ നല്‍കണം. തിര‍ഞ്ഞെടുപ്പ് കഴിഞ്ഞ അമേരിക്ക തിരഞ്ഞെടുപ്പ് കഴിയാനിരിക്കുന്ന കേരളത്തിന് എങ്ങനെ ഒരു പാഠമാവും? 

കോവിഡിന്റെ മൂന്നാംവരവിലാണ് അമേരിക്ക. ട്രംപ് പോയാലും അമേരിക്കയ്ക്ക് ദുരിതമായി കോവിഡ് ഒപ്പമുണ്ട്. ഇന്ത്യയും ബ്രസീലും കൂടി കൂട്ടിയാലുള്ളതിനേക്കാള്‍ രോഗികളാണ് ഒരുദിവസം. അതേ, ട്രംപ് ദുഷിച്ച വായുവുണ്ടെന്ന് പറഞ്ഞ രാജ്യങ്ങളെക്കാളധികം. ആശുപത്രികളില്‍ സ്ഥലമില്ലാത്തതിനാല്‍ ആശുപത്രി കന്റീനിലും പാര്‍കിങ് ഇടങ്ങളിലും വരെ ചികില്‍സ നല്‍കുന്നു. നമ്മുടെ രാഷ്ട്രീയക്കാര്‍ ചികില്‍സയ്ക്കു പോകുന്ന മയോ ക്ലിനിക്കിലെ 900 ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ച് ചികില്‍സയിലാണ്. 

Covid-test-and-Donald-Trump

കലിഫോര്‍ണിയയില്‍ വീണ്ടും നിരോധനാജ്ഞയാണ്. ന്യൂയോര്‍ക്കില്‍ സ്കൂളുകളിലേക്ക് കുട്ടികള്‍ വരേണ്ടെന്ന് പറഞ്ഞുകഴി‍ഞ്ഞു. വ്യാപാരസ്ഥാപനങ്ങള്‍ ലോക്ഡൗണ്‍ വീണ്ടും വരുമോയെന്ന ആശങ്കയിലാണ്. കഴി‍ഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 50 ശതമാനമാണ് രോഗവര്‍ധന. തൊഴിലില്ലായ്മ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ വല്ലാതെ കൂടി. ഇപ്പോള്‍ രണ്ടുകോടി 30 ലക്ഷം പേരാണ് ആനുകൂല്യം പറ്റുന്നത്. ഏഴുലക്ഷം അപേക്ഷകള്‍ കൂടി എത്തിയതായാണ് റോയിട്ടേഴ്സിന്റെ നിഗമനം. സര്‍ക്കാര്‍ ഫണ്ടുള്ള രണ്ട് പദ്ധതികള്‍ അടുത്തമാസം അവസാനിക്കുന്നതോടെ നിരവധി പേര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാവും.

എന്നിട്ടും ട്രംപ് പിടിവിടുന്നില്ല. ട്രംപിന്റെ പിടിവാശി അമേരിക്കയെ ഇപ്പോഴും വിഭജിച്ചുനിര്‍ത്തിയിരിക്കുന്നു. അധികാരകൈമാറ്റത്തിനുള്ള നടപടി തുടങ്ങിയിട്ടില്ല. മഹാമാരിക്കിടയിലുള്ള അനിശ്ചിതത്വം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്ന് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. മാത്രമല്ല, ട്രംപിന്റെയും ബൈഡന്റെയും സംഘങ്ങള്‍ തമ്മില്‍ സംസാരമില്ല, ആശയങ്ങള്‍ കൈമാറുന്നില്ല. നിയുക്ത പ്രസിഡന്റിനു ലഭിക്കേണ്ട രഹസ്യവിവരങ്ങള്‍ ട്രംപ് ഭരണകൂടം ബൈഡനു നല്‍കുന്നില്ല. അങ്ങനെ തികഞ്ഞ നിരുത്തരവാദിത്തം.

തിരഞ്ഞെടുപ്പും ആഘോഷവും അമേരിക്കയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പക്ഷേ എന്തായാലും അവര്‍ക്ക് തിരഞ്ഞെടുപ്പിലൂടെ ട്രംപിനെ അകറ്റാനായി. വാക്സീന്‍ പരീക്ഷണങ്ങളും വിജയമാണ്. കാര്യങ്ങള്‍ എല്ലാം നേരായി വന്നാല്‍ ൈബഡന്‍ ജനുവരി 20ന് അധികാരമേല്‍ക്കും. ജനുവരിയില്‍ തന്നെ കോവിഡ് വാക്സീനും വിതരണം ചെയ്യും. അങ്ങനെ 2021 അമേരിക്കയ്ക്ക് മാറ്റത്തിന്റെ വര്‍ഷമാണ്. ഇവിടെ കേരളത്തിലും 2021 ഒരു തിരഞ്ഞെടുപ്പിന്റെ കാലവും.

English Summary: Covid and Trump administration affected USA badly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA