ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും മറികടന്നു കേരള ഭാഗ്യക്കുറി വിൽപന മുന്നേറുന്നു. തിങ്കളാഴ്ച നറുക്കെടുക്കുന്ന വിൻവിൻ W 591 ഭാഗ്യക്കുറിയുടെ അച്ചടിച്ച 1,00,20,000 ടിക്കറ്റുകളും ശനിയാഴ്ച ഉച്ചയോടെ ഓഫിസുകളിൽനിന്നും വിറ്റഴിഞ്ഞു. കേരള ഭാഗ്യക്കുറി പ്രതിവാര ടിക്കറ്റ് വില 40 രൂപയായി ഏകീകരിച്ച ശേഷം ആദ്യമായാണ് ഒരു ടിക്കറ്റ് വിൽപന ഒരു കോടി കടക്കുന്നത്.

നേരത്തെ 30 രൂപ വിലയുള്ള ടിക്കറ്റുകൾ ഒരു കോടി എട്ടു ലക്ഷം വരെ വിറ്റു പോയിട്ടുണ്ട്. 2020 ജനുവരി - ഫെബ്രുവരി കാലത്തായിരുന്നു ഇത്. രാജ്യത്തു തന്നെ ഏതെങ്കിലും സംസ്ഥാന ഭാഗ്യക്കുറി ഈ നേട്ടം തുടരെ കൈവരിച്ചിട്ടുണ്ടാകാൻ സാധ്യതയില്ലെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. 40 രൂപ വിലയുള്ള ഒരു കോടി ഇരുപതിനായിരം ടിക്കറ്റുകൾ വിൽക്കുന്നതിലൂടെ സമ്മാനമായി ഏകദേശം 23.5 കോടി രൂപ വിതരണം ചെയ്യും. പുറമെ 28% ജിഎസ്ടി നികുതി കേന്ദ്ര–സംസ്ഥാന സർക്കാർ ഖജനാവുകളിലേക്കും എത്തും.

ബാക്കി ഏജന്റ് കമ്മിഷൻ, ലാഭം തുടങ്ങിയവയാണ്. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളെ തുടർന്ന് മാർച്ച് 23 മുതൽ രണ്ടു മാസത്തോളം ടിക്കറ്റുകൾ റദ്ദാക്കുകയും ഏതാനും നറുക്കെടുപ്പുകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ജൂലൈയിൽ പുനഃരാരംഭിച്ച ഭാഗ്യക്കുറി ഇപ്പോൾ ആഴ്ചയിൽ 3 നറുക്കെടുപ്പാണ് നടത്തുന്നത്. ലോക്ഡൗൺ ഇളവുകൾ വന്നപ്പോൾ ഭാഗ്യക്കുറികൾ ഓരോന്നും മൊത്തം 48 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചു കൊണ്ടാണ് പുനഃരാരംഭിച്ചത്.

ഇതിൽനിന്നു വകുപ്പിന് വലിയ നേട്ടം ഉണ്ടായില്ലെങ്കിലും ഭാഗ്യക്കുറി മേഖലയിൽ നിൽക്കുന്നവരെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുവാൻ കഴിഞ്ഞു. തുടർന്ന് ക്രമാനുഗതമായി ടിക്കറ്റ് വിൽപന 60, 72, 78, 90 ലക്ഷം, ഒരു കോടി എന്ന നിലയിൽ വർധിക്കുകയായിരുന്നു. കച്ചവടം പുനഃരാരംഭിക്കുവാൻ വിൽപനക്കാർക്കു സഹായം നൽകിയതും പ്രതിവാര ടിക്കറ്റ് വില 40 രൂപയായി ഏകീകരിച്ചതും ഈ വർധനയ്ക്ക് ഗുണം ചെയ്തു.

ഈ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ആഴ്ചയിൽ 3 ഭാഗ്യക്കുറി നറുക്കെടുപ്പ് എന്നുള്ളത് ഡിസംബർ 1 മുതൽ ആഴ്ചയിൽ 5 ആക്കി വർധിപ്പിക്കും. തിങ്കൾ- വിൻ വിൻ, ചൊവ്വ - സ്ത്രീശക്തി, ബുധൻ - അക്ഷയ, വെള്ളി - നിർമൽ, ശനി - കാരുണ്യ എന്നീ ലോട്ടറികൾ നറുക്കെടുക്കും. ഇതിനൊപ്പം എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുക്കുന്ന ഒന്നാം സമ്മാനം ഒരു കോടി വീതം അഞ്ചു പേർക്ക് ലഭിക്കുന്ന ഭാഗ്യമിത്ര, ജനുവരി 17ന് നറുക്കെടുക്കുന്ന 12 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ് - പുതുവത്സര ബമ്പർ എന്നീ ടിക്കറ്റുകളും വിപണിയിലുണ്ടാകും.

English Summary: Lottery sale again crosses one crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com