ADVERTISEMENT

വാഷിങ്ടൻ ∙ ബറാക് ഒബാമ ഭരണകൂടത്തിൽ നിർണായക പദവിയും സ്വാധീനവും ഉണ്ടായിരുന്ന ഇന്ത്യന്‍-അമേരിക്കന്‍ വംശജ മാലാ അഡിഗയെ യുഎസിന്റെ നിയുക്ത പ്രഥമ വനിത ജിൽ ബൈഡന്റെ പോളിസി ഡയറക്ടറായി നിയമിച്ചതായി നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.

ജിൽ ബൈഡന്റെ മുതിർന്ന ഉപദേശകയെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന മാലാ അഡിഗ യുഎസ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെയും കമല ഹാരിസിന്റെയും പ്രചാരണ പരിപാടിയുടെ പൊളിസി അഡ്വൈസർ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു. ബൈഡൻ ഫൗണ്ടേഷനിലെ ഉന്നത വിദ്യാഭ്യാസ-മിലിട്ടറി ഫാമിലീസ് ഡയറക്ടറായിരുന്ന മാല, ഒബാമ, ബൈഡൻ എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്.

ബ്യൂറോ ഓഫ് എജ്യുക്കേഷനല്‍ ആന്‍ഡ് കള്‍ചറൽ അഫയേഴ്സിനു കീഴിൽ വരുന്ന അക്കാദമിക് പ്രോഗ്രാമിന്റെ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും ഇവർ പ്രവർത്തിച്ചിരുന്നു. വൈറ്റ്ഹൗസ് ഓഫിസ് ഡയറക്ടറായി കാത്തി റസലിനെയും വൈറ്റ് ഹൗസ് ലെജിസ്ലേറ്റീവ് അഫയേഴ്‌സ് ഡയറക്ടറായി ലൂയിസ ടെറൈലിനെയും നിയമിച്ചതായും ബൈഡൻ അറിയിച്ചു.

കൂടുതൽ ഇന്ത്യൻ വംശജർ ബൈഡന്റെ ടീമിൽ ഇടം പിടിക്കുമെന്നാണ് സൂചന. പരാജയം സമ്മതിക്കാതെ ഡോണൾഡ് ട്രംപ് ലോകത്തിനു തെറ്റായ സന്ദേശം നൽകുന്നതായി ആരോപണമുയർത്തിയ ബൈഡൻ, ലോകാരോഗ്യ സംഘടനയിൽ യുഎസ് വീണ്ടും അംഗമാകുമെന്ന് അറിയിച്ചു.

ചൈനയോട് മൃദുസമീപനം കാട്ടുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് യുഎസ് ലോകാരോഗ്യ സംഘടനയിൽനിന്നു പിന്മാറിയത്. അതേസമയം, പെൻസിൽവേനിയ, മിഷിഗൻ, ജോർജിയ എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായ ക്രമക്കേടു നടന്നെന്നും അതു കോടതിയിൽ ചോദ്യം ചെയ്യുമെന്നും ട്രംപിന്റെ അഭിഭാഷകർ അറിയിച്ചു. ജോർജിയയിൽ നടന്ന റീ കൗണ്ടിങ്ങിലും ട്രംപ് തോറ്റിരുന്നു.

English Summary: Indian-American Mala Adiga Appointed As Jill Biden's Policy Director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com