ADVERTISEMENT

ന്യൂഡൽഹ‍ി∙ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർഥ കണക്ക് സർക്കാർ മറച്ചുവയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്തിയെന്ന് ബിബിസി റിപ്പോർട്ട്. ഡോ. അരുൺ എൻ. മാധവന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് രാജ്യാന്തര മാധ്യമമായ ബിബിസി ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

ഔദ്യോഗിക കണക്ക് പ്രകാരം വ്യാഴാഴ്ച രാത്രി വരെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1,969 ആണ്. എന്നാൽ 3,356 പേർ രോഗം ബാധിച്ചു മരിച്ചുവെന്നാണ് അരുൺ എൻ. മാധവന്റെ പഠനം പറയുന്നത്.

5 വാർത്താ ചാനലുകളും ഏഴു പത്രങ്ങളുടെ പ്രദേശിക എഡിഷനുകളും ദിവസവും വീക്ഷിച്ചാണ് ഇവർ കണക്കുകൾ നിരത്തുന്നത്. ഫലപ്രദമായ രീതിയിലാണ് പഠനം നടത്തിയതെന്ന് ടൊറന്റോ യൂണിവേഴ്സിറ്റിയിലെ പ്രഭാത് ഝാ പറഞ്ഞു.

8.9 ദശലക്ഷം പേർക്കാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചതെന്നാണ് കണക്കുകൾ. യുഎസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ടു ചെയ്തതും ഇന്ത്യയിലാണ്. 1,30,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം മരണ നിരക്ക് 1.5% ആണ്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്.

പല സംസ്ഥാനങ്ങളും യഥാവിധി കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തതാണ് രാജ്യത്തെ മരണനിരക്കിലെ കുറവ് വ്യക്തമാക്കുന്നതെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേക ഓൺലൈൻ കോവിഡ് ഡാഷ്ബോർഡിലൂടെ കണക്കുകൾ ഏറ്റവും സുതാര്യമെന്ന് അവകാശപ്പെടുമ്പോഴും കേരളത്തിൽ കോവിഡ് മരണങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഡോ. അരുൺ അഭിപ്രായപ്പെടുന്നു.

മരണത്തിന് തൊട്ടുമുൻപ് ഒരാൾക്ക് കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചാൽ, കേരളത്തിനു പുറത്തു നിന്നുള്ള ആൾ സംസ്ഥാനത്തു വച്ചു മരിച്ചാൽ ആ മരണം കോവിഡ് മരണമായി കണക്കാക്കുന്നില്ല. 65നും 78നും ഇടയിൽ പ്രായമുള്ള മൂന്നുപേർ കോവിഡ് ലക്ഷണങ്ങളുമായി ക്ലിനിക്കിലെത്തിയെന്നും ഇവർ പിന്നീട് മരിച്ചെന്നും അരുൺ പറഞ്ഞു. എന്നാൽ ഈ മരണങ്ങൾ കോവിഡ് മൂലമാണോ എന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചില്ല.

കോവിഡ് മരണങ്ങളിൽ ‘ചിലത്’ റിപ്പോർട്ട് ചെയ്യാതെ പോകുന്നുണ്ടെന്ന് കോവിഡ് രോഗം ചെറുക്കുന്ന നടപടികളിൽ സർക്കാർ ഉപദേശകനായ രാജീവ് സദാനന്ദനും സമ്മതിച്ചതായും ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് മനഃപൂർവം സംഭവിക്കുന്നതല്ലെന്നും സുതാര്യമായി കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന സമൂഹത്തിൽ വിവരങ്ങൾ മറച്ചുവയ്ക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ കോവിഡ് വ്യാപനം കുത്തനെ കൂടാൻ തുടങ്ങിയ ജൂലൈയിൽ, കോവിഡ് ബാധിതരുടെ മരണം ഔദ്യോഗിക പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തുടങ്ങിയതോടെയാണ് യഥാർഥ കണക്കുകൾ ശേഖരിക്കാൻ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ കൂട്ടായ്മ രൂപം കൊണ്ടത്.

അർബുദമടക്കം ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്ന കോവിഡ് ബാധിതരുടെ മരണം പട്ടികയിൽ നിന്ന് പുറത്തായി. ജൂലൈയിൽ മാത്രം 22 മരണം പട്ടികയ്ക്ക് പുറത്തായിരുന്നു. കോവിഡ് മരണങ്ങൾ രേഖപ്പെടുത്താത്തത് മനപൂർവമാണെന്നും ഇത് പിഴവായി കാണാനാകില്ലെന്നും ഡൽഹി ആസ്ഥാനമായുള്ള ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിലെ ഉമ്മൻ സി. കുര്യൻ പറഞ്ഞു. ഇനിയഥവാ എല്ലാ മരണങ്ങളും കൂട്ടിയാൽ പോലും മരണനിരക്ക് നിയന്ത്രിക്കുന്നതിൽ കേരളം അസാധാരണ മികവാണ് പുലർത്തിയിരിക്കുന്നതെന്നതു ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞതായി ബിബിസിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

Content highlights: Volunteers exposed hidden Covid deaths: BBC report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com