ADVERTISEMENT

ചെന്നൈ∙ തിരഞ്ഞെടുപ്പിലെ സഖ്യം നിയമസഭയിലേക്കും തുടരുമെന്നു പ്രഖ്യാപിച്ചെങ്കിലും അണ്ണാഡിഎംകെ - ബിജെപി കൂട്ടുകെട്ടിനു മറികടക്കാൻ ഇനിയുമേറെ കടമ്പകൾ. ഇരുപക്ഷത്തിനും തൃപ്തികരമായ രീതിയിൽ സീറ്റു വിഭജനം നടത്തുകയെന്നതാണു പ്രധാന വെല്ലുവിളി. പരമാവധി സീറ്റുകളിൽ മത്സരിക്കുകയെന്നതാണു ഇരു പാർട്ടികളുടേയും പ്രധാന തന്ത്രം. ഇരുപക്ഷവും എത്രമാത്രം വിട്ടുവീഴ്ചയ്ക്കു തയാറാകുമെന്നു കണ്ടറിയണം. 

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം ഏതാണ്ടു അടഞ്ഞ അധ്യായമായിരിക്കെ, അണ്ണാഡിഎംകെ സഖ്യം തുടരുകയല്ലാതെ ബിജെപിക്കു മുന്നിൽ വഴികളില്ല. ഒറ്റയ്ക്കു മത്സരിച്ചു ശക്തി തെളിയിക്കുകയെന്ന അഭിപ്രായമുയർന്നെങ്കിലും അതിനു സമയമായിട്ടില്ലെന്നാണു വിലയിരുത്തൽ. ബിഹാറിലേതു പോലെ, സഖ്യ കക്ഷിക്കൊപ്പംനിന്നു പരമാവധി വളരുകയെന്ന തന്ത്രമാണു ബിജെപി തമിഴകത്തും പയറ്റുന്നത്. കേന്ദ്രത്തിൽ ബിജെപി പരമാധികാരത്തോടെ ഭരണം കയ്യാളുമ്പോൾ അണ്ണാഡിഎംകെയ്ക്കു മുന്നിൽ മറ്റു വഴികളില്ല. 

എന്നാൽ, സഖ്യകക്ഷികളുടെ വോട്ടു ചോർത്തി സ്വയം വളരുകയെന്ന ബിജെപി തന്ത്രത്തെക്കുറിച്ച് അണ്ണാഡിഎംകെ ബോധവാന്മാരാണ്. മുരുക ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ വെട്രിവേൽ യാത്രയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് ഈ ബോധ്യത്തിൽ നിന്നാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന ഡിഎംഡികെയും പിഎംകെയും ഇതുവരെ മനസ്സു തുറന്നിട്ടില്ല. സഖ്യത്തിൽ തുടരുമെന്നു പ്രതീക്ഷിക്കുന്ന ഡിഎംഡികെയുടെ നേതാക്കൾ ഇന്നലെ അമിത് ഷായെ കാണാനെത്തി.

വെട്രിവേൽ യാത്രയുമായി ബന്ധപ്പെട്ട് പരസ്പരം വിഴുപ്പലക്കലിലൂടെ ഇരു പാർട്ടികളും തമ്മിൽ മാനസികമായി അകന്നിരുന്നു. അമിത് ഷായെ സ്വീകരിക്കാനായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെ വിമാനത്താവളത്തിലെത്തിയതു ബന്ധത്തിലെ കല്ലുകടി മാറ്റുന്നതിന്റെ ഭാഗമായാണ്. തിരഞ്ഞെടുപ്പിനു 6 മാസം ബാക്കിനിൽക്കെ, സഖ്യത്തിൽ ധാരണയായതു താഴെത്തട്ടിൽ ബന്ധം ദൃഢമാക്കാൻ സഹായിക്കുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച അണ്ണാഡിഎംകെ 136 സീറ്റ് നേടി. 2.87% വോട്ടു നേടിയ ബിജെപിക്കു സീറ്റൊന്നും കിട്ടിയില്ല.

∙ പ്ലക്കാർഡ് വലിച്ചെറിഞ്ഞു, ഒരാൾ അറസ്റ്റിൽ

റോഡ് ഷോയ്ക്കിടെ അമിത് ഷായ്ക്കു നേരെ പ്ലക്കാർഡ് വലിച്ചെറിഞ്ഞയാൾ അറസ്റ്റിൽ. ഷോളിംഗനല്ലൂൽ സ്വദേശിയായ ദുരൈരാജ് (67) ആണു അറസ്റ്റിലായത്. വിമാനത്താവളത്തിനു സമീപത്തെ ജിഎസ്ടി റോഡിലൂടെ ജനങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു നടന്നു പോകുന്നതിനിടെയായിരുന്നു ഗോബാക്ക് അമിത് ഷാ എന്നെഴുതിയ പ്ലക്കാർഡ് ഇയാൾ വലിച്ചെറിഞ്ഞത്. സുരക്ഷാ ജീവനക്കാരന്റെ സമീപമാണു ഇതു വീണത്. ബിജെപി പ്രവർത്തകൾ ദുരൈരാജിനെ ചോദ്യം ചെയ്തെങ്കിലും പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു മാറ്റി.

പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടു ദുരൈരാജ് ഈയിടെ ബിജെപി സംസ്ഥാന ഓഫിസായ കമലാലയത്തിലെത്തി ബഹളം വച്ചിരുന്നു. നങ്കനല്ലൂരിൽ നടന്ന ബിജെപി പൊതുയോഗത്തിനിടെയും ദുരൈരാജ് ബഹളം വച്ചിരുന്നു.

∙ ട്വിറ്ററിലും പോര്

അമിത് ഷായുടെ സന്ദർശനത്തെ അനൂകൂലിച്ചും എതിർത്തും ട്വിറ്റർ പോര്. ‘ടിഎൻ വെൽക്കംസ് ചാണക്യ’ എന്ന ഹാഷ്ടാഗിലായിരുന്നു അനൂകൂല പോസ്റ്റുകൾ. എന്നാൽ, വെള്ളിയാഴ്ച രാത്രി മുതൽ ‘ഗോബാക്ക് അമിത്ഷാ’ ഹാഷ് ടാഗ് ട്രെൻഡായി.

English Summary: AIADMK to continue alliance with BJP for 2021 Tamil Nadu assembly polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com