ADVERTISEMENT

ന്യൂഡൽഹി ∙ സൈബർ ആക്രമണങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തരത്തിൽ പൊലീസ് നിയമത്തിൽ ഭേദഗതി വരുത്തിയ കേരള സർക്കാരിന്റെ തീരുമാനത്തിൽ ഞെട്ടൽ രേഖപ്പെടുത്തി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം. പൊലീസ് ആക്ടിൽ കൂട്ടിച്ചേർത്ത 118എ വകുപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന ആരോപണം ശക്തമാണ്. ഇതുസംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞദിവസം ഒപ്പിട്ടു.

‘കേരളത്തിലെ എൽഡിഎഫ് സർക്കാർ സമൂഹമാധ്യമത്തിലെ ‘കുറ്റകരമായ’ പോസ്റ്റിന് 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമമുണ്ടാക്കിയതു ഞെട്ടിപ്പിക്കുന്നു. അതുപോലെ അന്വേഷണ ഏജൻസി നാലുതവണ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയ സംഭവത്തിൽ (ബാർ കോഴക്കേസ്) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ വീണ്ടും കേസെടുക്കാനുള്ള തീരുമാനവും ഞെട്ടലുണ്ടാക്കുന്നു. ഇത്തരം ക്രൂരമായ തീരുമാനങ്ങളെ എന്റെ സുഹൃത്തായ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എങ്ങനെ പ്രതിരോധിക്കും?’– ചിദംബരം ട്വിറ്ററിൽ ചോദിച്ചു.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ നൽകാനുള്ള വ്യവസ്ഥയാണു നിയമ ഭേദഗതിയിലുള്ളത്. വാറന്റ് ഇല്ലാതെ കേസെടുക്കാൻ കഴിയുന്ന കൊഗ്നിസിബിൾ വകുപ്പാണിത്. ആർക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം. അതേസമയം, ജാമ്യമില്ലാ വകുപ്പല്ല.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നതു തടയാനെന്നു ചൂണ്ടിക്കാട്ടി കൊണ്ടുവന്ന ഭേദഗതി എല്ലാ വിനിമയ ഉപാധികൾക്കും ബാധകമാക്കുകയായിരുന്നു. കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും ഭേദഗതി കൊണ്ടുവന്നതു തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട്, സർക്കാരിനെതിരെ നിലപാട് എടുക്കുന്നവരെ കുടുക്കാനാണെന്ന് ആരോപണമുണ്ട്. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, സോഫ്റ്റ്‍വെയർ ഫ്രീഡം ലോ സെന്റർ, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് തുടങ്ങിയ സംഘടനകൾ ഓർഡിനൻസിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. മുൻപു റദ്ദാക്കിയ ഐടി ആക്ട് 66 എ, പൊലീസ് ആക്ട് 118 ഡി എന്നിവയിലുണ്ടായിരുന്ന അവ്യക്തത ഇതിലും തുടരുന്നതായും ആരോപണമുണ്ട്.

English Summary: Chidambaram expresses dismay over Kerala law seeking to punish offensive posts on social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com