ADVERTISEMENT

ഭോപാൽ∙ രണ്ട് വർഷം പഴക്കമുള്ള പൊലീസ് കേസ് പിൻവലിക്കാൻ വിസമ്മതിച്ചതിന് മധ്യപ്രദേശിലെ ഡാട്ടിയ ജില്ലയിൽ ദലിത് സഹോദരങ്ങളെ ക്രൂരമായി മർദിക്കുകയും കുടിൽ കത്തിക്കുകയും ചെയ്തു.

കൂലി തർക്കവുമായി ബന്ധപ്പെട്ട് സാന്ദ്രം ദോഹാരെ എന്ന ദലിത് യുവാവ് പവൻ യാദവ് എന്നയാൾക്കെതിരെ 2018ൽ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് പൊലീസ് പ്രതിക്കെതിരെ കേസെടുത്തു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പവൻ യാദവിന്റെ കുടുംബം സാന്ദ്രം ദോഹാരെയുടെമേൽ സമ്മർദം ചെലുത്തിയെങ്കിലും നിരസിച്ചു.

ഇതിൽ പ്രകോപിതനായ പവൻ യാദവിന്റെ ആൾക്കാർ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കുടിലിന് തീവയ്ക്കുകയും സാന്ദ്രമിനെയും സന്ദീപിനെയും ക്രൂരമായി മർദിക്കുകയുമായിരുന്നു. അഞ്ച് മോട്ടോർ സൈക്കിളുകളിലായി എത്തിയ 12 ഓളം പേർ ചേർന്നാണ് സാന്ദ്രം ദോഹാരെയുടെ കുടിലിൽ അതിക്രമിച്ച് കയറി ഇരുവരെയും റൈഫിളും കോടാലിയും കൊണ്ട് അടിക്കുകയും വീടിന് തീയിടുകയും ചെയ്തത്. പ്രതികൾ വെടിയുതിർത്തതായും റിപ്പോർട്ട് ഉണ്ട്.

ബഹളം കേട്ട് എത്തിയ ഗ്രാമവാസികൾ അഞ്ച് ബൈക്കുകളിൽ മൂന്നെണ്ണം കത്തിച്ചു. ബാക്കിയുള്ള ബൈക്കുകളുമായി പ്രതികൾ രക്ഷപ്പെട്ടു. പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്രാമവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

English Summary: Dalit Brothers Beaten, House Set Ablaze For Not Withdrawing Police Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com