ADVERTISEMENT

ന്യൂഡൽഹി∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിച്ച് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. പാർട്ടിയിൽ നേതൃത്വ പ്രതിസന്ധിയില്ലെന്നു പറഞ്ഞ സൽമാൻ ഖുർഷിദ്, സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പൂർണ പിന്തുണയും പ്രഖ്യാപിച്ചു. സ്ഥിരം അധ്യക്ഷനില്ലാത്തതു വെല്ലുവിളിയാണെന്നും പാർട്ടി ദുർബലമെന്ന് അംഗീകരിക്കണമെന്നും കപിൽ സിബൽ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ള നേതാവാണു ഖുർഷിദ്. ബിഹാർ തിരഞ്ഞെടുപ്പിലെയും ഉപതിരഞ്ഞെടുപ്പുകളിലെയും പ്രകടനത്തെക്കുറിച്ച് മുതിർന്ന നേതാക്കളായ പി.ചിദംബരവും കപിൽ സിബലും വിമർശിച്ച രീതിയെ ഖുർഷിദ് ചോദ്യം ചെയ്തു. ‘അവർ പറഞ്ഞ കാര്യത്തോടു വിയോജിക്കുന്നില്ല. എന്നാൽ എന്തുകൊണ്ടാണ് എല്ലാവരും പുറത്തുപോയി മാധ്യമങ്ങളോടും ലോകത്തോടും ഞങ്ങൾക്ക് ഇതു ചെയ്യേണ്ടത് ആവശ്യമാണെന്നു പറയുന്നത്? എല്ലാ സമയത്തും പാർട്ടിയിൽ വിശകലനം നടക്കുന്നുണ്ട്. എന്തിലാണു പിശക് പറ്റിയത്, എന്തെല്ലാം തിരുത്തണം തുടങ്ങിയവയെല്ലാം പരിശോധിക്കുന്നതു സ്വാഭാവിക പ്രക്രിയയാണ്. അതൊന്നും പരസ്യമാക്കേണ്ടതില്ല’– കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായ ഖുർഷിദ് പറഞ്ഞു.

കോൺഗ്രസിനു സ്ഥിരം അധ്യക്ഷൻ ഇല്ലെന്ന വിമർശനത്തോടും അദ്ദേഹം പ്രതികരിച്ചു. ‘എല്ലാ നേതാക്കളും ഇവിടെത്തന്നെയുണ്ട്. ആരും എവിടേക്കും പോയിട്ടില്ല. പദവിയുടെ മേൽവിലാസം ഇല്ലെന്നാണു പലരും ഊന്നിപ്പറയുന്നത്. എന്തിനാണ് പദവിയിൽ നിർബന്ധം പിടിക്കുന്നത്. ബിഎസ്പിയിൽ പ്രസിഡന്റ് ഇല്ല. ഇടതു പാർട്ടികളിൽ ചെയർമാൻ ഇല്ല, ജനറൽ സെക്രട്ടറിമാർ മാത്രമേയുള്ളൂ. എല്ലാ പാർട്ടികൾക്കും ഒരേ മാതൃക പിന്തുടരാനാകില്ല. പാർട്ടിക്കു പ്രസിഡന്റ് ഉണ്ട്, ഇടക്കാലത്തേക്ക് ആണെങ്കിലും. സോണിയ ഗാന്ധിയുടെ നിയമനം ഭരണഘടനയ്ക്കു പുറത്തുള്ളതല്ല. ഞങ്ങൾ സന്തുഷ്ടരാണ്. നേതൃത്വ പ്രതിസന്ധി ഇല്ലെന്നു തറപ്പിച്ചു പറയുന്നു.’– ഖുർഷിദ് വ്യക്തമാക്കി.

കോവിഡ‍് കാരണം പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ നീണ്ടുപോവുകയാണ്. രാഹുൽ ഗാന്ധിയാണു നേതാവെന്ന് കോൺഗ്രസിലുള്ളവർ ശക്തമായി വിശ്വസിക്കുന്നുണ്ടെന്ന് അന്ധരല്ലാത്ത എതൊരാൾക്കും വ്യക്തമാണ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും പൂർണ പിന്തുണയാണ് എല്ലാവരും നൽകുന്നത്. അധികാരം നഷ്ടപ്പെടുമ്പോൾ നമ്മൾ എന്തിനാണ് ഇത്ര ആശങ്കപ്പെടുന്നത്. ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ കഴിയുമ്പോൾ അധികാരത്തിൽ തീർച്ചയായും തിരിച്ചെത്തും. അതു സംഭവിച്ചില്ലെങ്കിലും ജോലി തുടരണം. രാഷ്ട്രീയം പ്രത്യേക ലക്ഷ്യത്തോടെയുള്ള അഭിനിവേശമാണ്, അല്ലാതെ അധികാരത്തിനു വേണ്ടിയുള്ള മുൻകൂർ യോഗ്യതയല്ല– ഖുർഷിദ് പറഞ്ഞു.

English Summary: 'No Leadership Crisis in Cong': Salman Khurshid Says Support for Sonia, Rahul Apparent to 'Anyone Not Blind'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com