ADVERTISEMENT

കോട്ടയം ∙ കേരള കോൺഗ്രസ് (ജോസഫ്) വർക്കിങ് ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ.ജോസഫ് എംഎൽഎയുടെ മകൻ ജോമോൻ ജോസഫിന് (ജോക്കുട്ടൻ–34) ആദരാഞ്ജലി അർപ്പിച്ചു തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്.സുദീപ് സമൂഹമാധ്യമത്തിലെഴുതിയ ഹൃദയഹാരിയായ കുറിപ്പ് വൈറലായി. ജോക്കുട്ടന്റെ ദീപ്തമായ ഓർമകൾ പി.ജെ.ജോസഫിനെ ഏറ്റവും മികച്ച മനുഷ്യനും ഏറ്റവും നല്ല പൊതുപ്രവർത്തകനും ആക്കിത്തീർക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നു പറഞ്ഞ് അവസാനിക്കുന്ന കുറിപ്പ് നിരവധി പേരാണു പങ്കുവച്ചത്.

എസ്.സുദീപിന്റെ കുറിപ്പിന്റെ പൂർണരൂപം:

എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്. അതിലൊന്ന് മരണമൊഴി രേഖപ്പെടുത്തലാണ്. ശരീരം മുഴുവൻ വെന്തു കരിഞ്ഞിട്ടുണ്ടാവും. അന്തരീക്ഷത്തിൽ മാംസം വെന്ത മണം കാണും. ശരീരത്തിൽ പേരിനൊരു പുതപ്പു മാത്രവും. അന്നേരവും ഓർമയ്ക്കും ബുദ്ധിക്കും യാതൊരു തകരാറും കാണില്ല. ഒരു ജീവിതം മുഴുവൻ അവർ നിസംഗരായി നമുക്കു മുന്നിൽ തുറന്നു വയ്ക്കും. സ്വർഗവാതിൽപടിയിൽ നിൽക്കുവോർ കള്ളം പറയില്ലെന്നതാണു വിശ്വാസം. ഒടുക്കം ഒപ്പിടാൻ കഴിയാതെ, വിരലടയാളം പതിക്കാൻ വെന്തു കരിഞ്ഞ വിരലുകൾക്കാവതില്ലാതെ. ഏതാനും ദിവസങ്ങൾക്കകം അവർ എന്നേയ്ക്കുമായി ഉറങ്ങും. നമുക്ക് ഉറക്കമില്ലാത്ത രാവുകൾ സമ്മാനിച്ചു യാത്രയാകുന്നവർ.

രണ്ടാമത്തേത് ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ റിട്ടാർഡേഷൻ, മൾട്ടിപ്പിൾ ഡിസബിലിറ്റീസ് എന്നിവ ബാധിച്ചവരുടെ ക്ഷേമത്തിനായുള്ള നാഷനൽ ട്രസ്റ്റ് ആക്റ്റിൻ കീഴിലെ ജില്ലാ തല സമിതിയുടെ യോഗമാണ്. അന്നത്തെ കോട്ടയം ജില്ലാ കലക്ടർ തിരുമേനി സർ അധ്യക്ഷനായ സമിതിയിൽ, ലീഗൽ സർവീസസ് അതോറിറ്റിയുടെ പ്രതിനിധിയെന്ന നിലയിൽ പങ്കെടുത്തിരുന്ന യോഗങ്ങൾ. ഭിന്നശേഷിക്കാരായ മുതിർന്ന മക്കളെ ഉടുത്തൊരുക്കി, ജില്ലയുടെ ഉൾപ്രദേശത്തു നിന്നൊക്കെ ബസിൽ കയറി വന്ന്, ആ മക്കളെ ചേർത്തുപിടിച്ച്, നമ്മുടെ മുന്നിൽവന്ന് നിൽക്കുന്ന ആ നിൽപുണ്ടല്ലോ.

അവരുടെയൊക്കെ കണ്ണുകളിലൊന്നിൽ മക്കളോടുള്ള സ്നേഹം നിറഞ്ഞൊഴുകും. രണ്ടാമത്തെ കണ്ണിൽ ഞങ്ങൾക്കുശേഷം ഞങ്ങളുടെ കുഞ്ഞിന് ആരെന്ന ആധി കവിഞ്ഞൊഴുകും. അവിടെയിരുന്ന്, സി.രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകൾ എന്ന നോവലിലെ റിട്ടയേഡ് ജസ്റ്റിസ് ഭാസ്കര മേനോനെയും ഭിന്നശേഷിക്കാരനായ മകൻ സുകുവിനെയും ഓർത്തു പോകും. ആർക്കും സംശയം തോന്നാത്ത വിധത്തിൽ, ആ വലിയ മകനെ കൊന്നിട്ട്, സ്വയം പ്രോസിക്യൂഷൻ ചാർജും ഡിഫൻസും വിധിയുമെഴുതുന്ന മേനോൻ, തെളിവുകളുടെ അഭാവത്തിൽ സ്വയം വെറുതെ വിട്ട ശേഷം, കുറ്റം സമ്മതിച്ച് എഴുതി വയ്ക്കുന്ന ഒരു സങ്കട ഹർജി കൂടിയുണ്ട്.

സുകു വേദനകളൊന്നും അനുഭവിക്കുന്നുണ്ടായിരുന്നില്ല. മരിച്ചു കിട്ടിയാൽ മതിയെന്നൊരാശയം അവൻ പ്രകടിപ്പിച്ചില്ല. പ്രകടിപ്പിക്കാൻ അവനു കഴിയുമായിരുന്നില്ല. അവന്റെ മനസിൽ അങ്ങനെയൊരാഗ്രഹം എപ്പോഴെങ്കിലുമുണ്ടായിരുന്നുവെന്നു വിശ്വസിക്കാൻ ന്യായമില്ല. ഞാൻ വിശ്വസിക്കുന്നുമില്ല. വേദനയുണ്ടായിരുന്നത് എന്റെ മനസിൽ മാത്രമാണ്. അവനെ കാണുമ്പോഴും അവന്റെ ഭാവി ആലോചിക്കുമ്പോഴുമുള്ള വേദന. അതു തീർച്ചയായും ദുഃസഹമായിരുന്നു. അതൊന്ന് അവസാനിച്ചു കിട്ടിയാൽ മതിയെന്നു ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അവസാനിക്കണമെങ്കിൽ ഒന്നുകിൽ അവന്റെ രോഗം മാറണമായിരുന്നു. അല്ലെങ്കിൽ അവൻ മരിക്കണമായിരുന്നു. രോഗം മാറില്ലെന്നു തീർച്ചയായപ്പോഴാണു ഞാനവനെ കൊന്നത്. സംഗതി മനസിലായില്ലേ? എന്റെ വേദനയ്ക്കു പരിഹാരമുണ്ടാക്കാൻ ഞാനവനെ കൊന്നു!

മകന്റെ മരണത്തോടെ മനസിന്റെ സമനില തെറ്റുന്ന ജസ്റ്റിസ് മേനോനോടൊപ്പം, ആ മക്കൾക്കായി സമനില തെറ്റാതെ ജീവിക്കുന്ന, യഥാർഥ ജീവിതത്തിലെ ചില മുഖങ്ങൾ കൂടി മുന്നിൽ തെളിയും. നാൽപതു കഴിഞ്ഞ ഭിന്നശേഷിക്കാരനായ മകന്റെ താടി വടിച്ചു കൊടുക്കുന്ന അരുൺ ഷൂരിയെന്ന അച്ഛന്റെ അരുമയാർന്ന ചിത്രം നിങ്ങളെ പിന്തുടരാത്ത നിമിഷങ്ങളുണ്ടോ! ആ മകനും അതുപോലത്തെ മക്കൾക്കും അച്ഛനമ്മമാരുടെ കാലശേഷം തുണയാകാൻ ഒരു ട്രസ്റ്റ് രൂപീകരിച്ച ഷൂരി. അതുപോലെ വലിയൊരച്ഛൻ ഞങ്ങളുടെ തൊടുപുഴയിലുണ്ട്. ഭിന്നശേഷിക്കാരനായ മകന്റെ ജനനം തന്നെ കൂടുതൽ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി എന്നു പറഞ്ഞ ഒരച്ഛൻ.

ആ മകനായി മാറ്റിവച്ച സ്വത്തിൽനിന്ന് 84 ലക്ഷം രൂപ കനിവ് എന്ന ചാരിറ്റബിൾ ട്രസ്റ്റിനായി നീക്കിവച്ച അച്ഛൻ. നിർധനരായ എഴുന്നൂറോളം കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകാനായി ആ വസ്തുവിലെ മരങ്ങൾ വെട്ടി വിറ്റ് ആദ്യം പണം കണ്ടെത്തിയ അച്ഛൻ. ആ അച്ഛന്റെ ജീവിതത്തിൽനിന്നു കൊഴിഞ്ഞു വീണതു രണ്ടിലകളായിരുന്നില്ല, മകൻ എന്ന വന്മരമായിരുന്നു. മകൻ മരിച്ചാൽ അച്ഛനോ, അച്ഛൻ മരിച്ചാൽ മകനോ കൂടുതൽ ദുഃഖം എന്ന ഈച്ചരവാര്യർ തൻ ഉത്തരമില്ലാ ചോദ്യം മുഴങ്ങുന്നു. ജോക്കുട്ടൻ, ആ അച്ഛനിലൂടെ ഇനിയും ജീവിക്കുക തന്നെ ചെയ്യും. ട്രസ്റ്റിലൂടെ അനശ്വരനും. ജോസഫ് എന്ന അച്ഛാ, ജോക്കുട്ടന്റെ ദീപ്തമായ ഓർമകൾ അങ്ങയെ ഏറ്റവും മികച്ച മനുഷ്യനും ഏറ്റവും നല്ല പൊതുപ്രവർത്തകനുമാക്കിത്തീർക്കയും ചെയ്യും എന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ജോക്കുട്ടനു മരണമില്ല.

English Summary: S Sudeep memoir about PJ Joseph son Jomon Joseph (Jokuttan)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com