‘ഡൽഹിയിൽ കോവിഡ് കുറയുകയാണ്, പക്ഷേ സ്പാനിഷ് ഫ്ലു പോലെ കയറ്റിറക്കങ്ങൾ വരാം’

Covid-Delhi-India
ഡൽഹിയിലെ തെരുവിലൂടെ മാസ്ക് ധരിച്ച് നടന്നുപോകുന്നയാൾ. ചിത്രം: Jewel SAMAD / AFP
SHARE

ന്യൂഡൽഹി ∙ കോവിഡ് വ്യാപനവും മരണവും വീണ്ടും പിടിമുറുക്കിയതോടെ അതീവ ജാഗ്രതയിലാണു രാജ്യ തലസ്ഥാനം. സ്പാനിഷ് ഫ്ലു പോലെ കോവിഡും ഇടയ്ക്കിടെ വന്നും പോയുമിരിക്കുമെന്നും വാക്സീൻ യാഥാർഥ്യമായാൽ മാത്രമെ പൂർണമായി നിയന്ത്രിച്ചെന്നു പറയാനാവൂ എന്നും ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ ദേശീയമാധ്യമത്തോടു പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.90 ആയ ശനിയാഴ്ച 5879 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്തത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തു മാസ്ക് ധരിക്കാത്തതിനുള്ള പിഴ 2000 രൂപയാക്കിയതിനെ മന്ത്രി ന്യായീകരിച്ചു. വീടിനു പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. മാസ്കില്ലെങ്കിൽ പുറത്തിറങ്ങരുത്. അതൊരു ശീലമാക്കണം. കണ്ണടയുള്ളവർ അതു ധരിക്കാതെയോ വസ്ത്രമിടാതെയോ പുറത്തിറങ്ങാത്തതു പോലെ മാസ്കിനെയും പരിഗണിക്കണം. സ്വന്തം കാറിൽ ഒറ്റയ്ക്കു പോവുകയാണെങ്കിലും മാസ്ക് വേണം. 12 മാർക്കറ്റുകൾ അടച്ചിടുകയാണെന്നത് അഭ്യൂഹം മാത്രമാണ്. മാസ്ക് ധരിക്കുകയും സാധ്യമായ ഇടത്തെല്ലാം പരമാവധി അകലം പാലിക്കുകയും വേണമെന്നു മാർക്കറ്റുകളിൽ ഉൾപ്പെടെ കർശനമായി നിർദേശം നൽകി.

പോസിറ്റിവിറ്റി നിരക്കും കോവിഡ് രോഗികളുടെ എണ്ണവും കുറഞ്ഞു വരികയാണെന്നാണു കണക്കുകൾ കാണിക്കുന്നത്. ചില ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടിയും കുറഞ്ഞുമിരിക്കും. എന്നാൽ ആഴ്ച ശരാശരി എടുക്കുമ്പോൾ കുറവാണ് അനുഭവപ്പെടുന്നത്. ഡൽഹിയിൽ മരണനിരക്ക് 1.58 ശതമാനമാണ്. ഇതു ദേശീയ ശരാശരിയുടെ അടുത്താണ്. ജൂണിൽ മരണനിരക്ക് 3.5-4% വരെയായിരുന്നു. ഇപ്പോഴിതു കുറഞ്ഞിട്ടുണ്ട്. പല സംഘങ്ങളെ നിയോഗിച്ച് കോവിഡ് സാഹചര്യവും നിയന്ത്രണവും ഞങ്ങൾ വിലയിരുത്തുകയാണ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരെയും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ജീവൻ ആപ് എന്നൊരു ആപ്ലിക്കേഷനും അവതരിപ്പിച്ചിട്ടുണ്ട്.

രാജ്യത്തു തന്നെ ഏറ്റവും ഫലപ്രദമായി ഡൽഹിയിലാണു കോവിഡ് പരിശോധന നടക്കുന്നത്. 60,000 പരിശോധനയാണ് ദിവസവുമുള്ളത്. ഇത് ഒരു ലക്ഷം വരെയാക്കാനാണു ലക്ഷ്യമിടുന്നത്. കോവിഡ് പോസിറ്റീവായ ഏതൊരാളെയും കണ്ടുപിടിക്കുകയാണ് ഉദ്ദേശ്യം. കണ്ടെയ്ൻമെന്റ് സോണിലും ഹൈ റിസ്ക് പ്രദേശങ്ങളിലും വീടുവീടാന്തരം കയറി സർവേ നടത്തുന്നുണ്ട്. ലക്ഷണമില്ലാതെ രോഗം ബാധിച്ചവരുണ്ടെങ്കിൽ കണ്ടെത്താൻ സർവേ സഹായിക്കും. കോവിഡ് ബാധിതർക്കായി ഐസിയു അടക്കം കൂടുതൽ കിടക്കകൾ മാറ്റിവച്ചിട്ടുണ്ട്. ലോകമാകെ പതിനായിരത്തിലേറെ പേരാണു പ്രതിദിനം മരിക്കുന്നത്. 1918 മുതൽ 1920 വരെ നീണ്ട സ്പാനിഷ് ഫ്ലു പോലെ കോവിഡും ഇടയ്ക്കിടെ കൂടിയും കുറഞ്ഞും പ്രത്യക്ഷപ്പെടുകയാണ്. എന്നാണു പൂർണമായി നിയന്ത്രണ വിധേയമാവുകയെന്നു പറയാനാവില്ല’–  സത്യേന്ദർ ജയിൻ വിശദീകരിച്ചു.

English Summary: Satyendar Jain Says Delhi's Covid-19 Tally May Fall in a Week, But Reminds of 'Spanish Flu' Fluctuations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA