ഗൂഢാലോചനാവാദം ശരിയോ? കിഫ്ബി വായ്പ സര്‍ക്കാരിന്റെ ബാധ്യതയെന്ന് 2018ലും സിഎജി

Thomas-Issac
SHARE

കോട്ടയം ∙ കിഫ്ബി വായ്പയുമായി ബന്ധപ്പെട്ട് കൺട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാതിരുന്ന ഭാഗങ്ങള്‍ അന്തിമറിപ്പോര്‍ട്ടില്‍ ഡല്‍ഹിയില്‍ എഴുതി ചേര്‍ത്തതാണെന്നും സംസ്ഥാനത്തിന്റെ വികസനം തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നുമുള്ള ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ വാദം ശരിയല്ലെന്നാണു രേഖകള്‍ വ്യക്തമാക്കുന്നത്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സ്റ്റേറ്റ് ഫിനാന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ സിഎജി, കിഫ്ബി മോഡലില്‍ ബജറ്റിനു പുറത്തുള്ള കടമെടുക്കലിനെക്കുറിച്ചു വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടില്‍ ‘ഓഫ് ബജറ്റ് ബോറായിങ്സ്’ (ബജറ്റ് ഇതര വായ്പകൾ) എന്ന തലക്കെട്ടിലാണ് സിഎജി ഇതേക്കുറിച്ച് കൃത്യമായ വിലയിരുത്തല്‍ നടത്തിയിരുന്നത്.

കിഫ്ബി മുഖേന എടുക്കുന്ന വായ്പയുടെ തിരിച്ചടവ് ആത്യന്തികമായി സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാകുമെന്നും സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനങ്ങള്‍ നടത്തുന്ന ധനഇടപാടുകളില്‍ എന്തെങ്കിലും തരത്തിലുള്ള ആശങ്കകളോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ അതു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടാനുള്ള അധികാരം വച്ചാണ് സിഎജിക്ക് റിപ്പോർട്ടു നൽകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വായ്പയെടുക്കലുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ 293(1) അനുച്ഛേദപ്രകാരമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവ എടുക്കുന്ന വായ്പയ്ക്ക് ഈട് നില്‍ക്കുന്നത് (ഗ്യാരന്റര്‍) സര്‍ക്കാരാണ്.

kiifb
2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സ്റ്റേറ്റ് ഫിനാന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കിഫ്ബി മോഡലില്‍ ബജറ്റിനു പുറത്തുള്ള കടമെടുക്കലിനെക്കുറിച്ചു സിഎജി പറയുന്ന ഭാഗം.

ബജറ്റിനു പുറത്തുള്ള പദ്ധതികള്‍ക്കായി ഇത്തരം കമ്പനികളും കോര്‍പ്പറേഷനുകളും വിപണിയില്‍നിന്നും ധനകാര്യസ്ഥാപനങ്ങളില്‍നിന്നും വായ്പയെടുക്കുന്നു. ഇത്തരം കടമെടുക്കലുകള്‍ അന്തിമമായി സര്‍ക്കാരിന്റെ ബാധ്യതയായി മാറുമെന്നും സിഎജി ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാര്‍ 2017-18 കാലയളവില്‍  വിവിധ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഎഫ്ബി) വഴിയാണ് വായ്പയിലൂടെ ധനസമാഹരണം നടത്തിയത്. 1999-ലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നിയമപ്രകാരം ഇത്തരത്തില്‍ കിഫ്ബിയെടുത്ത വായ്പകളുടെ മുതലും പലിശയും തിരിച്ചടയ്ക്കുന്നതിനുള്ള ഗ്യാരന്റര്‍ സംസ്ഥാന സര്‍ക്കാരാണെന്നു റിപ്പോര്‍ട്ടില്‍ സിഎജി പറഞ്ഞിട്ടുണ്ട്.

2017-18ല്‍ നബാര്‍ഡില്‍നിന്ന് എടുത്ത 100.80 കോടി രൂപയുടെ വായ്പയ്ക്ക് 2.65 കോടി പലിശ നല്‍കിയിരുന്നു. 100.80 കോടി രൂപയുടെ ബജറ്റിനു പുറത്തുള്ള കടമെടുക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായി വരുമെങ്കിലും സംസ്ഥാനത്തിന്റെ ഫിനാന്‍സ് അക്കൗണ്ടില്‍ അത് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സിഎജി വ്യക്തമാക്കിയിട്ടുണ്ട്. 

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293 (1)

സംസ്ഥാനങ്ങള്‍ക്കു വായ്പയെടുക്കാനുള്ള അധികാരങ്ങള്‍ സംബന്ധിച്ചാണ് ഈ അനുച്ഛേദത്തില്‍ പ്രതിപാദിക്കുന്നത്. ഇതു പ്രകാരം സംസ്ഥാനത്തിന്റെ നിയമനിര്‍മാണ സഭ നിശ്ചയിക്കുന്ന പരിധിയുണ്ടെങ്കില്‍ ആ പരിധിക്കുള്ളില്‍, സംസ്ഥാനത്തിന്റെ സഞ്ചിതനിധിയുടെ ഈടിന്മേല്‍ ഇന്ത്യക്കുള്ളില്‍നിന്നു വായ്പയെടുക്കാനാണ് സംസ്ഥാനത്തിന് അധികാരം എന്നു എടുത്തുപറയുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു നല്‍കിയ വായ്പയുടെ ഏതെങ്കിലുമൊരു ഭാഗം തിരിച്ചടയ്ക്കാനുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി കൂടാതെ സംസ്ഥാനത്തിനു വായ്പയെടുക്കാനാവില്ലെന്നാണ് അനുച്ഛേദം 293 (3) ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, കിഫ്ബി മറ്റൊരു സ്ഥാപനമാണെന്നും സര്‍ക്കാരുമായി ബന്ധമില്ലെന്നുമുള്ള നിലപാടാണ് ധനമന്ത്രി തോമസ് ഐസക് മുന്നോട്ടു വയ്ക്കുന്നത്. അതുകൊണ്ടു തന്നെ വിദേശത്തുനിന്ന് ഉള്‍പ്പെടെ വായ്പയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. വിദേശത്തുനിന്നു വായ്പയെടുക്കുന്നത് കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണെന്നു സിഎജിയും വ്യക്തമാക്കുന്നു. തോമസ് ഐസക് പറയുന്നതു ശരിയാണെങ്കില്‍ കിഫ്ബി എടുക്കുന്ന വായ്പ തിരിച്ചടയ്ക്കുന്നതിനു സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നു കൂടി പറയാന്‍ അദ്ദേഹം തയാറാകണമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

മസാല ബോണ്ട് വിവാദം

2019 മാര്‍ച്ചിലാണ് കിഫ്ബി വഴി ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ മസാല ബോണ്ടിറക്കി 2150 കോടി സമാഹരിച്ചത്. 9.73 ശതമാനമാണ് പലിശ. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ 3195.23 കോടി രൂപ തിരിച്ചു നല്‍കണം. 2016 വരെ വിദേശത്തുനിന്ന് വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു മാത്രമാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ 2016-ല്‍ ഫെമ നിയമം ഭേദഗതി ചെയ്തതോടെ കമ്പനി നിയമപ്രകാരമുള്ള കോര്‍പ്പറേറ്റുകള്‍ക്കും സ്റ്റാറ്റിയൂട്ടറി നിയമപ്രകാരമുള്ള ബോഡി കോര്‍പ്പറേറ്റുകള്‍ക്കും മസാല ബോണ്ട് ഇറക്കാന്‍ അനുമതിയായി. കിഫ്ബി ബോഡി കോര്‍പ്പറേറ്റ് ആണെന്നു ചൂണ്ടിക്കാട്ടിയാണ് മസാല ബോണ്ടിറക്കാന്‍ റിസര്‍വ് ബാങ്കിനോട് അനുമതി തേടിയത്. 2018 ജൂണില്‍ ആര്‍ബിഐ എന്‍ഒസി നല്‍കി. 

സര്‍ക്കാര്‍ നികുതിപ്പണത്തില്‍നിന്നുള്ള വിഹിതം കിഫ്ബിക്കു നല്‍കുന്നതിനാല്‍ അത് ബോഡി കോര്‍പ്പറേറ്റായി കണക്കാക്കാനാകില്ല മറിച്ച് സര്‍ക്കാര്‍ തന്നെയാണെന്നാണ് സിഎജിയുടെ വാദം. ആ സാഹചര്യത്തില്‍ വിദേശത്തുനിന്നു കടപ്പത്രത്തിലൂടെ പണം സമാഹരിച്ചത് ഭരണഘടനാ വിരുദ്ധവും വിദേശനാണ്യ നിയമ ലംഘനമാണെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. കിഫ്ബി ബോഡി കോര്‍പ്പറേറ്റാണോ സര്‍ക്കാരിന്റെ ഭാഗമാണോ എന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

Content Highlights: KIIFB, CAG, TM Thomas Isaac, LDF Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA