ADVERTISEMENT

തിരുവനന്തപുരം∙ വിവാദമായ പൊലീസ് ഭേദഗതി പിൻവലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തീരുമാനം ഗവർണറെ അറിയിക്കും.  ഭേദഗതി റദ്ദാക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളും പൊതുസമൂഹവും ഉയർത്തിയ പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം. സൈബർ‌ സുരക്ഷയ്ക്കായി പുതിയ ഭേദഗതി വിശദമായ ചർച്ചയ്ക്കുശേഷം കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു. ഓർഡിനൻസ് വിഷയം ചർച്ച ചെയ്യാനാണ് 3.30ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത്.

നിലവിലുള്ള പോലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഒക്ടോബർ 22ന് ചേർന്ന മന്ത്രിസഭ ശുപാര്‍ശ ചെയ്തത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുണ്ടായിരുന്നത്. ഈ മാസം 22ന് ഓർഡിനൻസ് പുറത്തിറങ്ങി.

എന്നാൽ, പൊലീസ് ആക്ടിൽ കൂട്ടിച്ചേർത്ത 118 എ വകുപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന് ആക്ഷേപം ഉയർന്നു. സർക്കാരിനെ വിമർശിക്കുന്നവരെ കുടുക്കാനാണ് പുതിയ നിയമെന്നും വിമർശനമുണ്ടായി. സിപിഎം കേന്ദ്രനേതൃത്വവും പുതിയ നീക്കത്തെ എതിർത്തു. തുടർന്ന്, നിയമഭേദഗതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നിയമസഭയിൽ ചര്‍ച്ച ചെയ്തശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമം നടപ്പിലാക്കരുതെന്ന് ഡിജിപിയും നിർദേശം നൽകി

മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന വിവാദ പൊലീസ് നിയമ ഭേദഗതിയിൽ നിന്ന് രണ്ടു ദിവസം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പിൻവാങ്ങിയത്. ഓർഡിനൻസിനെതിരെ പാർട്ടിയിലും ഇടതുമുന്നണിയിലും സംസ്ഥാനത്താകെയും ശക്തമായ പ്രതിഷേധം ഉയരുന്നതുകണ്ടാണ് തീരുമാനം തിരക്കിട്ടു തിരുത്താൻ മുഖ്യമന്ത്രി തയാറായത്. നിയമഭേദഗതി നടപ്പാക്കില്ലെന്നും നിയമസഭയിൽ വിശദ ചർച്ച നടത്തിയും ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയും തുടർ നടപടി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

പൊലീസ് നിയമത്തിലെ 118എ വകുപ്പിൽ ശനിയാഴ്ച പ്രാബല്യത്തിൽ വന്ന വിവാദ ഭേദഗതി മാധ്യമ മാരണ നിയമമായി മാറുമെന്ന വൻ വിമർശനം ഉയർന്നതോടെയാണു രണ്ടാംദിവസം സർക്കാർ തീരുമാനം തിരുത്തിയത്. ശനിയാഴ്ച ഗവർണർ ഒപ്പുവച്ച ഓർഡിനൻസ് മാധ്യമ– ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കത്തിവയ്ക്കലാണ് എന്ന വ്യാപക വിമർശനം ഉയർന്നപ്പോൾ തന്നെ സിപിഎം കേന്ദ്ര നേതൃത്വം കേരള നേതൃത്വത്തെ ആശങ്ക അറിയിച്ചു. വിവാദ ഭേദഗതി അനുവദിക്കരുതെന്ന വികാരമാണ് ഉന്നത നേതാക്കൾക്കുമുണ്ടായിരുന്നത്.

English Summary: Police Act Amendment cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com