ADVERTISEMENT

പട്ന ∙ ബിഹാർ നിയമസഭയിലേക്ക് എൻഡിഎയും മഹാസഖ്യവും സ്പീക്കർ സ്ഥാനാർഥികളെ നിർത്തി. ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ്. എൻഡിഎയ്ക്കായി ബിജെപിയുടെ മുതിർന്ന നേതാവ് വിജയ് കുമാർ സിൻഹയും മഹാസഖ്യത്തിനായി ആർജെഡിയുടെ അവാധ് ബിഹാരി ചൗധരിയുമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

തങ്ങളുടെ സ്ഥാനാർഥി വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. അഞ്ച് തവണ എംഎൽഎയായ നേതാവാണ് ചൗധരി. 1980 മുതൽ സഭയിലെ സാന്നിധ്യമാണ്. സ്പീക്കർക്ക് വേണ്ട യോഗ്യതകളെല്ലാം അദ്ദേഹത്തിനുണ്ടെന്നും തേജസ്വി ചൂണ്ടിക്കാട്ടി.

സ്പീക്കറെ എംഎൽഎമാർ യോജിപ്പോടെ തിരഞ്ഞെടുക്കുകയല്ലേ കീഴ്‌വഴക്കമെന്ന ചോദ്യത്തോട് തേജസ്വി പ്രതികരിച്ചത് ഇങ്ങനെ – ‘കീഴ്നടപ്പനുസരിച്ച് എല്ലാവരുടെയും പിന്തുണയോടെയാണ് പ്രതിപക്ഷ സ്ഥാനാർഥി ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തെത്തുക. എന്നാൽ കഴിഞ്ഞ നിയമസഭയിൽ ഇക്കാര്യം നിരന്തരം അഭ്യർഥിച്ചിട്ടും പദവി ഒഴിച്ചിടുകയാണ് ചെയ്തത്.’

പ്രതിപക്ഷം പാരമ്പര്യം പിന്തുടരണമെന്നും സ്പീക്കർ പദവിയിലേക്കുള്ള തങ്ങളുടെ സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്നും ഉപമുഖ്യമന്ത്രി താരകിശോർ പ്രസാദ് മാധ്യമങ്ങളോടു പറഞ്ഞു. 243 അംഗ നിയമസഭയിൽ 125 എംഎൽഎമാരാണ് എൻഡിഎയ്ക്കുള്ളത്. മഹാസഖ്യത്തിന് 109ഉം. അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ എൻഡിഎ സ്ഥാനാർഥിതന്നെ സ്പീക്കറാകും.

അസദുദ്ദീൻ‌ ഒവൈസിയുടെ എഐഎംഐഎമ്മിന് അഞ്ചും ബിഎസ്പിക്കും എൽജെപിക്കും ഒന്നു വീതവും എംഎൽഎമാരുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിനോട് എതിർപ്പുണ്ടെങ്കിലും നരേന്ദ്ര മോദിയോടു വിരോധമില്ലെന്നു പറഞ്ഞിട്ടുള്ള ചിരാഗ് പാസ്വാൻ (എൽജെപി) ബിജെപി സ്ഥാനാർഥിക്കു വോട്ടു ചെയ്യുമെന്നാണു വിലയിരുത്തൽ.

English Summary: NDA and Grand Alliance field candidates for Speakers post in Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com