ADVERTISEMENT

കൊച്ചി∙ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ കോടതി അഞ്ചു ദിവസത്തേക്കു കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. കള്ളക്കടത്തിന്റെ രീതികളെക്കുറിച്ചും കൂടുതൽ പേരുടെ പങ്കുകളെക്കുറിച്ചും ചോദ്യം ചെയ്യുന്നതിന് 10 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന ആവശ്യമാണ് കസ്റ്റംസ് കോടതിയിൽ ഉയർത്തിയത്. അന്വേഷണ സംഘത്തിന്റെ ആരോപണത്തിലെ ഗൗരവം പരിഗണിച്ച് 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ തീരുമാനിക്കുന്നതായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. ജയിലിൽനിന്ന് വിഡിയോ കോൺഫറൻസ് വഴി എം. ശിവശങ്കറും കോടതിയിൽ ഹാജരായിരുന്നു.

അതേസമയം ഹർജി പരിഗണിക്കുമ്പോൾ ശിവശങ്കറിനെതിരെ കസ്റ്റംസിന് ബലവത്തായ എന്തു തെളിവാണു ലഭിച്ചിരിക്കുന്നതെന്ന് കോടതി അന്വേഷണ സംഘത്തോടു ചോദിച്ചു. ശിവശങ്കറിനെ കസ്റ്റംസിനു പേടിയാണോ? അന്വേഷണ ഉദ്യോഗസ്ഥൻ ഇതിനു മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ശിവശങ്കറിനെ മനപ്പൂർവം കുടുക്കാൻ ശ്രമിക്കുകയാണെന്നും സ്വപ്നയുടെ മൊഴി പ്രകാരം ഇപ്പോൾ ചോദ്യം ചെയ്യണം എന്നു പറയുന്നതിൽ അടിസ്ഥാനമില്ലെന്നുമുള്ള ശിവശങ്കറിന്റെ അഭിഭാഷകന്റെ വാദം പരിഗണിച്ചായിരുന്നു കോടതിയുടെ ചോദ്യങ്ങൾ.

അറസ്റ്റു ചെയ്ത് ഇത്രനാളായിട്ടും കൃത്യമായ തെളിവുകളൊന്നും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. 9 തവണ ചോദ്യം ചെയ്തിട്ടും കിട്ടാത്ത എന്തു തെളിവാണ് ഇനി ലഭിക്കാനുള്ളത് എന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയെ ചൂണ്ടിക്കാട്ടി. എന്നാൽ പ്രതികളിൽ ചിലരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസ് അഭിഭാഷകരുടെ വാദം.

ഈ 11ാം മണിക്കൂറിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ എന്തു തെളിവാണ് ലഭിച്ചതെന്നും കോടതി കസ്റ്റംസിനോട് ചോദിച്ചു. എന്തിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യണം എന്നതിന് കൃത്യമായ കാരണം വ്യക്തമാക്കാൻ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ലെന്നും വിമർശനം ഉയർത്തി. അദ്ദേഹത്തിന്റെ ഉയർന്ന പദവികൾ ഒന്നും കസ്റ്റഡി അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടില്ല. മാധവൻനായരുടെ മകൻ ശിവശങ്കർ എന്നു മാത്രം രേഖപ്പെടുത്തിയിരിക്കുന്നത് എന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു. പ്രതി ഉന്നത സ്ഥാനത്തിരിക്കുമ്പോൾ കുറ്റകൃത്യം ചെയ്തതായി കസ്റ്റംസ് ചൂണ്ടിക്കാണിച്ചു. ഇത് പരിഗണിച്ച് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു നൽകുന്നതായാണ് കോടതി വ്യക്തമാക്കിയത്.  

English Summary: Court criticises customs over M Sivasankar case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com