ADVERTISEMENT

കൊച്ചി∙ തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ സംവരണം ചെയ്യപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷപദവി ഇത്തവണ പൊതു വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും തിര‍ഞ്ഞെടുപ്പു കമ്മിഷനും ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. എതിർ സത്യവാങ്മൂലം നൽകാൻ സമയം ലഭിച്ചില്ലെന്നു കാണിച്ചാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നതിനാൽ സംവരണ ക്രമം തിരുത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണു കമ്മിഷന്റെ അപ്പീൽ.

കഴിഞ്ഞ 12ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണു ഹൈക്കോടതി സിംഗിൾ ബെഞ്ച് സംവരണ വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. 16നായിരുന്നു ഇത്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പു നടപടി ക്രമങ്ങൾ ആരംഭിച്ചശേഷം കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാനാവില്ല എന്ന വാദമാണു സർക്കാർ അപ്പീൽ കോടതിയിൽ ഉയർത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എത്തിയ ഹർജികളെല്ലാം ഒറ്റബാച്ചുകളായാണ് കോടതി പരിഗണിച്ചത്. ഇത് ശരിയായില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

പൊതു വിഭാഗത്തിനു കൂടി അവസരം ലഭിക്കുന്നതിനാണ് സംവരണ തത്വങ്ങളിൽ പരിവൃത്തി നിശ്ചയിച്ചിരിക്കുന്നത് എന്നതുൾപ്പടെയുള്ള കോടതിയുടെ നീരീക്ഷണത്തിൽ പോരായ്മകളുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യപ്രകാരം കേസ് ഇന്നു പരിഗണിച്ച കോടതി ഇത് ബുധനാഴ്ചയിലേക്കു മാറ്റിവച്ചു.

English Summary: Kerala Government and Election Commission files appeal against LSG reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com