ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന അഹമ്മദ് പട്ടേലിനെ ‘അലുമിനിയം പട്ടേൽ’ എന്ന് അഭിസംബോധന ചെയ്തത് അന്നത്തെ കാലഘട്ടത്തിലെ സാഹചര്യം അനുസരിച്ചായിരുന്നെന്നും പിന്നീടുള്ള സൗഹൃദത്തിന് അതൊന്നും തടസ്സമായില്ലെന്നും കെ.മുരളീധരന്‍ എംപി. കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോഴും പിന്നീട് എൻസിപിയിലെത്തിയപ്പോഴും കെ.മുരളീധരൻ അഹമ്മദ് പട്ടേലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ 3.30നാണ് അഹമ്മദ് പട്ടേൽ അന്തരിച്ചത്. കോവിഡ് ബാധിച്ചശേഷം ആരോഗ്യനില വഷളാവുകയായിരുന്നു.

അഹമ്മദ് പട്ടേലുമായി സൗഹൃദത്തിലായിരുന്നു. രാഷ്ട്രീയത്തിൽ ഇണക്കങ്ങളും പിണക്കങ്ങളും സ്വാഭാവികമാണ്. കോൺഗ്രസ് പാർട്ടിയിൽ മടങ്ങി എത്തിയപ്പോൾ, മുൻപ് നടത്തിയ പരാമര്‍ശത്തിൽ താൻ ഖേദം പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയത്തിൽ ഇതൊക്കെ പതിവാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ പാർട്ടിയിൽ മടങ്ങിയെത്തിയശേഷം സൗഹാർദപരമായ പരാമർശമാണ് അദ്ദേഹത്തിൽനിന്ന് ഉണ്ടായത്. എപ്പോൾ വേണമെങ്കിലും കാണാൻ അനുവാദമുണ്ടായിരുന്നു. 1992 മുതൽ അഹമ്മദ് പട്ടേലിനെ അറിയാം. പാർട്ടിയിൽ ഗ്രൂപ്പിസം ശക്തമായ കാലത്താണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. 

ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ചേർന്ന കോൺഗ്രസ് പാര്‍ലമെന്ററി പാർട്ടിയോഗം നേതാവായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. മുൻപ്രധാനമന്ത്രി മൻമോഹൻസിങ്ങാണ് സോണിയയെ നിർദേശിച്ചത്. താങ്കൾ സോണിയയെ നേതൃസ്ഥാനത്തേക്കു പിന്താങ്ങണം എന്ന് അഹമ്മദ് പട്ടേലാണ് ആവശ്യപ്പെട്ടത്. അവസാനകാലം വരെ അദ്ദേഹവുമായി നല്ല സൗഹൃദത്തിലായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് പാർട്ടിക്കു നികത്താനാകാത്ത നഷ്ടമാണ്. നേതാക്കൾ ബിജെപിയിലേക്കു പോകുന്ന കാലഘട്ടത്തിൽ വർഗീയതയ്ക്കെതിരെ പോരാടുന്ന പടനായകനെയാണ് നഷ്ടമായത്. അധികാരത്തിനു പിന്നാലെ പോകാൻ അദ്ദേഹം ഒരിക്കലും തയാറായിരുന്നില്ല. കാബിനറ്റിൽ ചേരാൻ സോണിയ നിർദേശിച്ചെങ്കിലും മരണംവരെ അധികാരത്തിൽനിന്ന് അദ്ദേഹം മാറിനിന്നെന്നും കെ.മുരളീധരൻ പറഞ്ഞു.

English Summary: K Muraleedharan about Ahmed Patel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com