ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പട്ടയഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്കും കാർഷികേതര പ്രവർത്തനങ്ങൾക്കും എൻഒസി വേണമെന്ന സുപ്രീം കോടതി വിധി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സര്‍ക്കാര്‍ നിർദേശം നല്‍കി. ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി സാധ്യമാണോ എന്നും പരിശോധിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ മുഴുവന്‍ പട്ടയഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്കും കാർഷികേതര പ്രവർത്തനങ്ങൾക്കും എൻഒസി വേണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിക്കേണ്ട തുടർനടപടി സംബന്ധിച്ചു രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണു മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

കര്‍ഷകര്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം കോടതിവിധി സംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളണം. ഭൂവിനിയോഗം സംബന്ധിച്ച പുതിയ നിയമങ്ങളും ചട്ടങ്ങളും പല സംസ്ഥാനങ്ങളിലും വന്നിട്ടുണ്ട്. അവ കൂടി പരിശോധിച്ച ശേഷം വേണം റിപ്പോർട്ട് തയാറാക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. 1964 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി സാധ്യമാണോ അതോ പുതിയ നിയമ നിര്‍മാണം വേണോ എന്നിവ റവന്യു, നിയമ വകുപ്പുകള്‍ പരിശോധിക്കണം.

ഇടുക്കി ജില്ലയിലും പിന്നീട് മൂന്നാർ താലൂക്കിലും മാത്രം നടപ്പാക്കാൻ ഉദ്ദേശിച്ചതായിരുന്നു നിർമാണ, കാർഷികേതര പ്രവർത്തനങ്ങൾക്കുള്ള എൻഒസി. എന്നാൽ ഹൈക്കോടതിയും സുപ്രീം കോടതിയും സംസ്ഥാനത്തെ മുഴുവൻ പട്ടയഭൂമിക്കും ഇത് ബാധകമാക്കുകയായിരുന്നു. മൂന്നാറിന്‍റെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കും വിധമാകണം തുടര്‍നടപടികളെന്നു യോഗം തീരുമാനിച്ചു.

നിയമപരമായി നിലനിൽക്കുന്നതും കോടതി വിധിയുടെ അന്തസത്ത ഉൾക്കൊള്ളുന്നതുമായ പരിഹാരമാണു സർക്കാർ ആലോചിക്കുന്നത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചാലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉടന്‍ മാറ്റങ്ങൾ നടപ്പാക്കാനാവില്ല. പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് സർക്കാർ നടപടി സ്വീകരിക്കും.

English Summary: Kerala Government on land deed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com