ADVERTISEMENT

തിരുവനന്തപുരം∙ മന്ത്രി കെ.ടി.ജലീലിന്റെ ഗവേഷണ പ്രബന്ധത്തിലെ തെറ്റുകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാട്ടിയ പരാതി പരിശോധിക്കാന്‍ തയാറാകാതെ ഗവേഷണ ബിരുദം ചട്ടപ്രകാരം നല്‍കിയതാണെന്ന് കേരള സര്‍വകലാശാല. മന്ത്രിയുടെ പ്രബന്ധം സംബന്ധിച്ച് ലഭിച്ച പരാതി ഗവര്‍ണര്‍, കേരളാ വിസിയുടെ പരിശോധനക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് ബിരുദം ചട്ടപ്രകാരമാണ് നല്‍കിയിട്ടുള്ളതെന്ന വിശദീകരണം വിസി നല്‍കിയിരിക്കുന്നത്. ബിരുദം ചട്ടപ്രകാരമല്ല നല്‍കിയതെന്ന ആക്ഷേപം പരാതിയില്‍ ഉന്നയിച്ചിരുന്നില്ല.

മന്ത്രിയുടെ പ്രബന്ധത്തില്‍ മുഴുവനും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമാണെന്നും പ്രബന്ധവിഷയത്തില്‍ ഗവേഷകന്റെ മൗലിക സംഭാവനകള്‍ ഒന്നുമില്ലെന്നുമായിരുന്നു പരാതി. വിശദമായി പരിശോധിച്ച് നടപടിയെടുക്കാന്‍ ഗവര്‍ണര്‍ കേരള വിസിയെ  ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പരാതിയില്‍ ഉന്നയിച്ചിരുന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കുവാന്‍ വിസി തയാറായില്ലെന്നാണ് ആക്ഷേപം.

മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസലിയാരുടെയും പങ്കിനെ അധികരിച്ചു തയാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് ജലീല്‍ കേരളസര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് ബിരുദം 2006ല്‍ സ്വന്തമാക്കിയത്. പ്രബന്ധത്തില്‍  തെറ്റുകളുണ്ടെങ്കില്‍ പൂര്‍ണമായും തിരുത്തിയതിനുശേഷം മാത്രമേ സര്‍വകലാശാല ബിരുദം നല്‍കുവാന്‍ പാടുള്ളൂ. ഈ പ്രബന്ധങ്ങള്‍ പില്‍ക്കാലത്ത് ഗവേഷണവിദ്യാര്‍ത്ഥികള്‍ റഫറന്‍സിന് ഉപയോഗിക്കുമ്പോള്‍ പ്രസ്തുത തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണ് സര്‍വകലാശാല ഈ നിബന്ധന വച്ചിട്ടുള്ളത്. എന്നാല്‍ ജലീലിന്റെ പ്രബന്ധത്തില്‍ ഇത് പാലിച്ചിട്ടില്ലെന്നു മാത്രമല്ല പരാതി പരിശോധിക്കാനോ പ്രബന്ധത്തിലെ തെറ്റുകള്‍ നീക്കം ചെയ്യിക്കാനോ സര്‍വകലാശാല തയാറായിട്ടില്ല.

യുജിസി നിര്‍ദ്ദേശപ്രകാരം പ്രബന്ധങ്ങള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. മന്ത്രിയുടെ പ്രബന്ധം നാളിതുവരെ അപ്‌ലോഡ് ചെയ്തിട്ടില്ല. അപ്‌ലോഡ് ചെയ്യുന്നതിന് മുന്‍പ് തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ സര്‍വകലാശാലയുടെ സല്‍പേരിനു കളങ്കമാവുമെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രബന്ധം  പരിശോധിക്കുവാന്‍ അദ്ദേഹം തന്നെ പ്രോ ചാന്‍സിലറായ സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറെ ചുമതലപ്പെടുത്തിയ ഗവര്‍ണറുടെ നടപടി യുക്തിസഹമല്ലെന്നും അതുകൊണ്ട് പ്രബന്ധം പരിശോധിക്കാന്‍ നിഷ്പക്ഷമായ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും  കമ്മിറ്റി ഗവര്‍ണറോട് ആവശ്യപ്പെട്ടു.

English Summary: Kerala University Clean chit for KT Jaleel in PhD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com