ADVERTISEMENT

സോൾ∙ കോവിഡ് വാക്സീന്‍ വികസിപ്പിക്കുന്ന ദക്ഷിണ കൊറിയൻ കമ്പനികളെ ലക്ഷ്യമിട്ട് ഉത്തര കൊറിയൻ ഹാക്കർമാർ നടത്തിയ സൈബർ ആക്രമണം ഇന്റലിജൻസ് ഏജൻസി പരാജയപ്പെടുത്തിയതായി ദക്ഷിണ കൊറിയ. നാഷണൽ ഇന്റലിജൻസ് സർവീസിനെ (എൻഐഎസ്) ഉദ്ധരിച്ച് പാർലമെന്ററി കമ്മിറ്റി അംഗമാണ് വിവരം പുറത്തുവിട്ടത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. ഏതൊക്കെ കമ്പനികളെയാണ് ഹാക്കർമാർ നോട്ടമിട്ടതെന്ന കാര്യത്തിലും വ്യക്തത വരുത്തിയില്ല. 

റഷ്യ, ഉത്തര കൊറിയ സർക്കാരുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഹാക്കർമാർ ഇന്ത്യ, കാനഡ, ഫ്രാൻസ്, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏഴ് കോവിഡ് വാക്സീൻ നിർമാണ കമ്പനികളെയും ഗവേഷകരെയും ലക്ഷ്യമിട്ട് സൈബറാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന മൈക്രോസോഫ്റ്റ് മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ് ഉത്തര കൊറിയയ്ക്കെതിരെ ഗുരുതര ആരോപണവുമായി ദക്ഷിണ കൊറിയ രംഗത്തെത്തുന്നത്. 

കോവിഡ് 19 വിഷയമാക്കി വ്യാപകമായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരെ ഇമെയിൽ വഴി ഫിഷിങ് ആക്രമണങ്ങൾക്ക് (സൈബർ ആക്രമണം) സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഔദ്യോഗികമായി ഒരു കോവിഡ് കേസ് പോലും രേഖപ്പെടുത്താത്ത ഉത്തര കൊറിയയിൽ അതിർത്തികളിൽ ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണു തുടരുന്നത്. 

രാജ്യത്ത് കോവിഡ് കേസുകൾ ഇല്ലെന്നാണ് ജനുവരി മുതൽ ഭരണാധികാരി കിം ജോങ് ഉൻ ആവർത്തിക്കുന്നത്. കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ അസാധാരണവും സാമാന്യ ബുദ്ധിക്കു നിരക്കാത്തതുമായ കാര്യങ്ങളാണ് ഉത്തര കൊറിയയിൽ കിം നടപ്പാക്കുന്നതെന്നു ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു.

അയൽരാജ്യമായ ചൈനയിൽനിന്നുള്ള ശക്തമായ പൊടിക്കാറ്റ് ‘യെല്ലോ ഡെസ്റ്റ്’ കൊറോണ വൈറസിനെ വഹിച്ചെത്തുമെന്ന ഭയത്തിൽ ജനങ്ങൾ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും വീടിനുള്ളിൽത്തന്നെ കഴിയണമെന്നും കിം ഉത്തരവിട്ടിരുന്നു. ചൈനയിലെയും മംഗോളിയയിലെയും മരുഭൂമികളിൽനിന്നു പ്രത്യേക ഋതുക്കളിൽ എല്ലാ വർഷവും വീശിയടിക്കുന്ന മണൽക്കാറ്റാണ് ‘യെല്ലാ ഡെസ്റ്റ്’.

സമുദ്രജലത്തിലൂടെ കോവിഡ് പടരുമെന്ന വിശ്വാസത്തിൽ മീൻപിടുത്തതിനും ഉപ്പ് ഉൽപാദത്തിനും കിം ജോങ് ഉൻ നിയന്ത്രണം ഏർപ്പെടുത്തിയെന്നും ദക്ഷിണ കൊറിയ ചൂണ്ടിക്കാണിക്കുന്നു. ഈ കാരണം ചൂണ്ടിക്കാട്ടി ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത 110,000 അരി വിതരണത്തിനെത്തിക്കാതെ നശിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. 

English Summary: S.Korea foils N.Korea attempt to hack COVID-19 vaccine makers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com