ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയില്‍ കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. അടിയന്തര ഉപയോഗത്തിന് കേന്ദ്രാനുമതി ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കുന്നത്. അനുമതി ലഭിക്കാനായി രണ്ടാഴ്ചയ്ക്കകം അപേക്ഷിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല  വ്യക്തമാക്കി. 

ഓക്സഫഡ‍് സർവകലാശാലയും അസ്ട്രാസെനക്കും ചേർന്ന് വികസിപ്പിച്ച വാക്സീന്‍ ആണ് സിറം ഉല്‍പാദിപ്പിക്കുന്നത്. നാലുകോടി ഡോസ് കോവിഷീല്‍ഡ് വാക്സീന്‍ തയാറെന്ന് സിറം അദാർ പൂലെവാല പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അറിയിച്ചു. സർക്കാർ എത്ര ഡോസുകൾ വാങ്ങുമെന്ന് വ്യക്തമല്ലെന്നും എന്നാൽ 2021 ജൂലൈയോടെ 300–400 ദശലക്ഷം ഡോസുകൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നതെന്നും പൂനാവാല പറഞ്ഞു. 

വാക്സീന്റെ കാര്യക്ഷമതയെ കുറിച്ചും സുരക്ഷയെ കുറിച്ചും പൂനാവാല പറഞ്ഞു. നിലവിലെ പരീക്ഷണങ്ങളിൽ വാക്സീൻ കാര്യക്ഷമമാണ്. നിലവിൽ മാസം 50–60 ദശലക്ഷം ഡോസ് വാക്സീനുകളാണ് വികസിപ്പിക്കുന്നത്. ജനുവരിക്കു ശേഷം അത് 100 ദശലക്ഷം ആകുമെന്ന് പൂനാവാല പറഞ്ഞു.  

കോവിഡ് വാക്സീനുകളുടെ നിര്‍മാണപുരോഗതി നേരിട്ട് വിലയിരുത്താനായി  പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പ്രധാന മൂന്ന് വാക്സീൻ നിർമാണ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. ഗുജറാത്തിലെ പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സൈഡസ് കാഡില, ഹൈദരാബാദിലെ ഭാരത് ബയോടെക്, പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളാണ് മോദി സന്ദർശനം നടത്തിയത്. മൂന്ന് പരീക്ഷണകേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞരുമായി സംസാരിച്ചുവെന്നും അവരുടെ കഠിനാധ്വാനത്തെ പ്രശംസിക്കുന്നതായും മോദി ട്വീറ്റ് ചെയ്‍തിരുന്നു.

English Summary : Applying For Emergency Use Of Covid Vaccine In 2 Weeks: Serum Institute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com