ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തെക്കന്‍ കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി. ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തുമെന്നാണ് മുന്നറിയിപ്പുള്ളത്. അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്. കേരളത്തില്‍ കാറ്റിന്‍റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാനുള്ള തയാറെടുപ്പുകളാണ് പുരോഗമിക്കുന്നത്.

മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ സുരക്ഷയെ കരുതി തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനത്തിന് പൂര്‍ണ്ണമായി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. നിലവില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയവരിലേക്കു വിവരം കൈമാറാനും അവരോട് ഉടനെ തന്നെ അടുത്തുള്ള സുരക്ഷിത തീരത്ത് എത്താന്‍ നിര്‍ദേശം നല്‍കാനുമുള്ള നടപടി സ്വീകരിച്ചു. കരയില്‍ ശക്തമായ കാറ്റിനും അതിതീവ്ര മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലര്‍ട്ടുമാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 2 മുതല്‍ പൊതുവെ കേരളത്തില്‍ മഴ ശക്തിപ്പെടുമെന്നും കുറച്ച് ദിവസം തുടരുമെന്നുമാണ് പ്രവചനം. അതിതീവ്ര മഴ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാക്കാനുള്ള സാഹചര്യവും സൃഷ്ടിക്കും. നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതിനും ഇടയാക്കും.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ക്യാംപുകള്‍ സജ്ജമാക്കി വെക്കുന്നത് ഉള്‍പ്പെടെയുള്ള തയാറെടുപ്പ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുവാന്‍ നേവിയോടും കോസ്റ്റ്ഗാര്‍ഡിനോടും കേരള തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമസേനയോട് ഹെലികോപ്ടറും ഫിക്സഡ് വിങ് എയര്‍ക്രാഫ്റ്റും സജ്ജമാക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 7 ടീമുകളെ കൂടി അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ കേരളത്തില്‍ നദികളിലെ ജലനിരപ്പ് അപകടാവസ്ഥയില്‍ അല്ല. അണക്കെട്ടുകളുടെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ട സാഹചര്യം ഉണ്ടായേക്കും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയാറെടുപ്പുകള്‍ നടത്തേണ്ടതാണ്. ശബരിമലയില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Chief Minister Pinarayi Vijayan about cyclone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com