ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നടന്നത് ആദ്യത്തെ വിജിലൻസ് പരിശോധനയല്ലെന്നും മുൻപും പരിശോധന നടന്നിട്ടുണ്ടെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി അവയോരോന്നും അക്കമിട്ട് നിരത്തി. വിജിലൻസ് പരിശോധനയെന്നാൽ ഉടൻ നടപടിയെന്നല്ല അർഥമെന്നു മുഖ്യമന്ത്രി പറ‍ഞ്ഞു. പരിശോധനാ റിപ്പോർട്ട് സർക്കാരിന് അയച്ചു തരും. സർക്കാരാണ് നടപടി സ്വീകരിക്കണ്ടത്. മിന്നൽ പരിശോധന നടത്താൻ വിജിലൻസിന് അധികാരമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെഎസ്എഫ്ഇ ഓഫിസുകളിൽ ചില പോരായ്മകൾ ഉണ്ടെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു. അതു കെഎസ്എഫ്ഇയുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്ന ആശങ്ക വിജിലൻസിന് ഉണ്ടായി. ഒക്ടോബർ 19നു മലപ്പുറം വിജിലൻസ് സെൽ ഡിവൈഎസ്പി ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 27ന്, മിന്നൽ പരിശോധന നടത്തുന്നതാണ് നല്ലതെന്നു കാട്ടി വിജിലൻസ് എസ്‌പി സോഴ്സ് റിപ്പോർട്ട് ആസ്ഥാനത്തേക്ക് അയച്ചു. ആസ്ഥാനം ഇത് പരിശോധിച്ചശേഷം നവംബർ 10നു വിജിലൻസ് ഡയറക്ടർ ഉത്തരവ് പരിശോധനയ്ക്ക് അനുമതി നൽകി. 40 കെഎസ്എഫ്ഇ ശാഖകളിൽ പരിശോധന നടത്തി. ഇതിന്റെ റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് വിശദമായ റിപ്പോർട്ട് സർക്കാരിന്റെ നടപടിക്കായി അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ് നടത്തുന്നത്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തും. റിപ്പോർട്ട് ശരിയാണെന്നു കണ്ടാൽ യൂണിറ്റ് മേധാവി സോഴ്സ് റിപ്പോർട്ട് തയാറാക്കി എസ്പി വഴി വിജിലൻസ് ആസ്ഥാനത്തേക്ക് അയയ്ക്കും. മിന്നൽപരിശോധനയ്ക്കു തീയതി നിശ്ചയിച്ച് വിജിലൻസ് ഡയറക്ടർ അനുമതി നൽകും. പുറത്തുള്ള വകുപ്പിലെ ഉദ്യോഗസ്ഥനും വിജിലൻസ് ഉദ്യോഗസ്ഥനും ജോയിന്റ് മഹസർ തയാറാക്കും. തുടർ പരിശോധന നടത്തി റിപ്പോർട്ട് വിജിലൻസ് ആസ്ഥാനത്ത് സമർപിക്കും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി, കേസെടുക്കൽ തുടങ്ങിയവ നടത്തും. സ്ഥാപനത്തിൽ മാറ്റേണ്ട കാര്യങ്ങളിൽ സർക്കാരിനു ശുപാർശകൾ നൽകും.

കെഎസ്എഫ്ഇ പരിശോധനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ബെനാമി കഥകൾ തെറ്റാണെന്നു മുഖ്യമന്ത്രി പറ‍ഞ്ഞു. വടകര സ്വദേശിയായ സത്യൻ 2018 മാർച്ചു മാസത്തിൽ ഈടുവച്ച് 6,58,000 രൂപ വായ്പയെടുത്തിരുന്നു. കെഎസ്എഫ്ഇ മാനേജരുടെ ഒത്താശയോടെ സത്യന്റെ ബിസിനസ് പങ്കാളിക്ക് ഈ ഈട് ഉപയോഗിച്ച് 2018 മെയ് 15ന് 9,28,000 രൂപ ലോൺ അനുവദിച്ചു. ഇത് അന്വേഷിക്കണമെന്നു സത്യൻ പരാതി നൽകി. ഇതനുസരിച്ച് അന്വേഷണം നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.

‘താനും തോമസ് ഐസക്കും ആനത്തലവട്ടം ആനന്ദനും തമ്മിൽ അഭിപ്രായഭിന്നതയില്ല’

കെഎസ്എഫ്ഇ വിഷയത്തിൽ താനോ തോമസ് ഐസക്കോ ആനത്തലവട്ടം ആനന്ദനോ തമ്മിൽ ഭിന്നത ഉണ്ടെന്നു വരുത്താൻ ശ്രമിച്ചാൽ അത്രവേഗം നടക്കില്ലെന്നും അത് മനസിൽവച്ചാൽ മതിയെന്നും മുഖ്യമന്ത്രി. കെഎസ്എഫ്ഇ ശാഖകളിലെ പരിശോധന സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസ് ഉപദേശകനായ രമൺ ശ്രീവാസ്‌തവയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളെയും മുഖ്യമന്ത്രി പ്രതിരോധിച്ചു. പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കുന്നതിൽ ശ്രീവാസ്തവ എന്തോ തെറ്റായ കാര്യം ചെയ്തു എന്ന് മാധ്യമങ്ങൾ പറ‍ഞ്ഞു. കെഎസ്എഫ്ഇയുടെ കാര്യത്തിലും ശ്രീവാസ്തവയെ കുറ്റപ്പെടുത്തി. ശ്രീവാസ്തവയ്ക്ക് വിജിലൻസ് പരിശോധനയിൽ പങ്കില്ല. പൊലീസിന്റെ ദൈനംദിന നടത്തിപ്പിൽ ഉപദേശകന് നേരിട്ട് ഇടപെടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

English Summary: Chief Minister Pinarayi Vijayan's response about vigilance raid in KSFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com