ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, പടനായകനായ മുഖ്യമന്ത്രിയുടെ ഓഫിസും വകുപ്പുകളും കേന്ദ്രീകരിച്ചുയരുന്ന വിവാദങ്ങൾ പാർട്ടിക്കും മുന്നണിക്കും തലവേദനയാകുന്നു. പാർട്ടിയിൽ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയുടെ വകുപ്പുകളിലാണ് ഈ സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വിവാദമുണ്ടായതും.

സ്വർണക്കടത്തു വിഷയം രാഷ്ട്രീയ പ്രേരിതമാണെന്നു ചൂണ്ടിക്കാട്ടി പാർട്ടി മുഖ്യമന്ത്രിക്കൊപ്പം നിന്നെങ്കിലും പൊലീസ് നയങ്ങളിലടക്കം മറ്റു വിഷയങ്ങളിൽ ആ പിന്തുണ കുറയുകയാണ്. പൊലീസ് ഉപദേശകനായ രമൺ ശ്രീവാസ്തവ, ഡിജിപി ലോക്നാഥ് ബെഹ്റ, ചില ഐഎഎസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയാണ് പാർട്ടിയിൽ പടയൊരുക്കും. ഭരണം നാലര വർഷം പൂർത്തിയാക്കുമ്പോൾ, പൊലീസ് നയങ്ങളുടെ പേരിൽ മുഖ്യമന്ത്രിക്കെതിരെ തുറന്ന വിമർശനങ്ങളുയരുന്ന കാഴ്ചയാണ് കാണുന്നത്.

പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയുടെ ഉപദേശങ്ങൾ പാടേ പിഴയ്ക്കുന്നു എന്ന വിമർശനമാണ് പാർട്ടിയിലുള്ളത്. മുഖ്യമന്ത്രിക്കെതിരെ പാർട്ടിക്കുള്ളിൽ ആദ്യമായി വിമർശനമുയർന്ന പൊലീസ് ഭേദഗതി ബില്ലിനു പിന്നിലും രമൺ ശ്രീവാസ്തവയാണെന്നായിരുന്നു ആക്ഷേപം. ശ്രീവാസ്തവയ്ക്കു പറ്റിയ ചെറിയ തെറ്റാണ് ആക്ഷേപങ്ങൾക്കിടയാക്കിയതെന്നു മുഖ്യമന്ത്രിക്കും മന്ത്രിസഭയിൽ സമ്മതിക്കേണ്ടിവന്നു. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിനു പിന്നിലും പൊലീസ് ഉപദേശകന്റെ തെറ്റായ തീരുമാനങ്ങളാണെന്നാണ് വിമർശനം. കെഎസ്എഫ്ഇ റെയ്ഡിനെതിരെ ധനമന്ത്രി ടി.എം.തോമസ് ഐസക്കും സിപിഎമ്മിന്റെ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദനും രംഗത്തെത്തി കഴിഞ്ഞു.

ഒരിക്കൽ ശക്തമായി എതിർത്ത രമൺ ശ്രീവാസ്തവയെ ഉപദേശകനാക്കിയ നടപടി പാർട്ടിയിലെ പലരെയും അദ്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ, പരസ്യമായി പ്രതികരിക്കാൻ ആരും ധൈര്യപ്പെട്ടില്ല. പൊലീസ് ഭേദഗതി നിയമം തയാറാക്കാൻ ശ്രീവാസ്തവ നേതൃത്വം നൽകുകയും നിയമത്തിനെതിരെ ദേശീയ നേതൃത്വം തന്നെ രംഗത്തുവരികയും ചെയ്തതോടെയാണ് സംസ്ഥാന നേതാക്കളും വിമർശനവുമായി രംഗത്തെത്തിയത്. കെഎസ്എഫ്ഇ റെയ്ഡോടെ അത് രൂക്ഷമായി. 

റെയ്ഡിൽ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷത്തിന് ആയുധം നൽകാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും പാർട്ടി നേതൃത്വം വിമർശിക്കുന്നു. എൽഡിഎഫ് ഭരിക്കുമ്പോൾ നയങ്ങളിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ സാധാരണ അനുവദിക്കാറില്ല. അടിക്കടി വീഴ്ചകളുണ്ടായിട്ടും ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്കു കഴിയുന്നില്ലെന്ന വിലയിരുത്തലും പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. ലൈഫും സ്പ്രിൻക്ലറും പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ വിമർശനം.

സേനയിലുള്ളവരും പൊലീസ് നയങ്ങളിൽ അതൃപ്തരാണ്. പൊലീസ് ഉപദേഷ്ടാവിനു പ്രിയപ്പെട്ടവർക്കു മാത്രമാണ് പ്രധാന സ്ഥാനങ്ങൾ നൽകുന്നതെന്ന ആക്ഷേപം നേരത്തെയുണ്ട്. തുടക്കത്തിൽ ഡിജിപിയുടെ പ്രവർത്തനങ്ങളിൽ ഇടപെടാതിരുന്ന ശ്രീവാസ്തവ പിന്നീട് പൂർണ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾക്കു വിലകൽപ്പിക്കാറില്ലെന്നും തീരുമാനങ്ങൾ ഉപദേഷ്ടാവും ഡിജിപിയും ചേർന്നെടുത്ത് താഴേത്തട്ടിൽ നടപ്പിലാക്കുകയാണെന്നും ആക്ഷേപമുണ്ട്. 

ഇന്റലിജൻസ് മേധാവിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും നിർദേശങ്ങൾ വകവയ്ക്കാതെയാണ് പല തീരുമാനങ്ങളും പുറത്തുവരുന്നത്. ഇന്റലിജൻസ് വിഭാഗത്തിന്റെ നിർദേശങ്ങൾ പരിഗണിച്ചിരുന്നെങ്കിൽ സ്വർണക്കടത്തു വിവാദം ഒഴിവാക്കാമായിരുന്നു എന്നു കരുതുന്ന ഉദ്യോഗസ്ഥർ സേനയിലുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരെ തന്ത്രപ്രധാന പോസ്റ്റുകളിൽ നിയമിക്കുന്നതും ശ്രീവാസ്തവ നേരിട്ടാണെന്ന് ആക്ഷേപമുണ്ട്. ചീഫ് സെക്രട്ടറിയുടെ പദവി ഉള്ളതിനാൽ ഏത് ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്താനും ഫയലുകൾ പരിശോധിക്കാനും ശ്രീവാസ്തവയ്ക്കു കഴിയും.

ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് ഐഎഎസിനു പുറമേ പ്രിൻസിപ്പൽ സെക്രട്ടറിയായി സഞ്ജയ് എം. കൗളിനെ നിയമിച്ചതിനു പിന്നിലും ശ്രീവാസ്തവയാണെന്നാണ് വിവരം. ഇതോടെ ആഭ്യന്തരവകുപ്പിനു രണ്ടു തലവൻമാരായി. ചുമതലകൾ വിഭജിക്കപ്പെട്ടു. അടുത്തിടെ ഉണ്ടായ വിവാദ തീരുമാനങ്ങൾക്കു പിന്നിൽ സഞ്ജയ് എം. കൗളാണെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

English Summary: Controversies related to CM Pinarayi Vijayan's office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com