ADVERTISEMENT

പോങ്യാങ്∙ രാജ്യത്ത് കോവിഡ് പടരാതിരിക്കാനുള്ള നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി ഉത്തര കൊറിയ. ചൈനയുമായുളള വാണിജ്യബന്ധം പൂര്‍ണമായി ഒഴിവാക്കാന്‍ കിം ജോങ് ഉന്‍ തീരുമാനിച്ചു. ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്കു വിധേയനാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വധിച്ചതെന്ന് ദക്ഷിണ കൊറിയന്‍ അധികൃതര്‍ പറഞ്ഞു. 

ഒക്‌ടോബറില്‍ ചൈനയില്‍നിന്ന് 253,000 ഡോളറിന്റെ കയറ്റുമതി മാത്രമാണ് ഉത്തരകൊറിയയിലേക്കു നടന്നത്. തലേ മാസത്തേതില്‍നിന്ന് 99% കുറവാണിതെന്ന് ചൈനീസ് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഉത്തര കൊറിയയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയാണു ചൈന. മറ്റു രാജ്യങ്ങളില്‍നിന്നൊന്നും ഉത്തര കൊറിയ കൂടുതലായി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നില്ല.

ഇറക്കുമതി പുര്‍ണമായി വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതോടെ രാജ്യത്ത് ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധനത്തിന്റെയും കടുത്ത ക്ഷാമം അനുഭവപ്പെടുമെന്നാണു വിലയിരുത്തല്‍. ചൈനയില്‍ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിരിക്കുന്ന ഈ സമയത്ത് വാണിജ്യ നിയന്ത്രണം കര്‍ശനമാക്കേണ്ടിയിരുന്നില്ലെന്നാണു വ്യവസായ പ്രമുഖരുടെ വിലയിരുത്തല്‍. തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും ഉത്തര കൊറിയ തീരുമാനിച്ചു.

ഏറ്റവും ദുര്‍ബലമായ ആരോഗ്യ, പരിചരണ സംവിധാനങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. ആ സാഹചര്യത്തില്‍ കോവിഡ് പടര്‍ന്നുപിടിച്ചാല്‍ ആയിരക്കണക്കിനു പേര്‍ മരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് ദക്ഷിണ കൊറിയ പറയുന്നു. അനസ്‌തേഷ്യ പോലും നല്‍കാതെയാണ് ഉത്തര കൊറിയയില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതെന്ന് തൊണ്ണൂറുകളില്‍ അവിടെനിന്നു പലായനം ചെയ്തവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആഹാരത്തിനു വേണ്ടി ഡോക്ടര്‍മാര്‍ മരുന്നു വില്‍ക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

English Summary: Kim Jong Un is cutting off his economic lifeline, China, to stave off Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com