ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്എഫ്ഇയിൽ വിജിലന്‍സ് റെയ്ഡ് നടന്നത് വിജിലന്‍സ് സെക്രട്ടറി സഞ്ജയ് കൗളിന്റെ അറിവോടെ. വെള്ളിയാഴ്ച നടന്ന റെയ്ഡ് ദിവസങ്ങള്‍ നീണ്ട രഹസ്യപരിശോധനയില്‍ ക്രമക്കേടുകള്‍ പൂര്‍ണ ബോധ്യമായതിനു ശേഷം. റെയ്ഡ് ഉത്തരവ് മനോരമ ന്യൂസിന് ലഭിച്ചു.

കെഎസ്എഫ്ഇയുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന ക്രമക്കേടെന്ന ആമുഖത്തോടെയാണ് മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ആസ്ഥാനത്തു നിന്നും നിര്‍ദേശമെത്തിയത്. ക്രമക്കേടുകളെ കുറിച്ചുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയ്ക്ക് ശേഷമാണ് മിന്നല്‍ പരിശോധനയിലേക്ക് കടന്നത്. 

കൂടുതല്‍ ക്രമക്കേടു നടന്നെന്നു ബോധ്യപ്പെട്ട ശാഖകളെയാണ് പരിശോധനയ്ക്ക് തിരഞ്ഞെടുത്തതും. ചിട്ടിപ്പണം ട്രഷറിയില്‍ നിക്ഷേപിക്കുന്നില്ല, ചിട്ടിയില്‍ ക്രമക്കേട് നടത്തുന്നു, ബെനാമി പേരുകളില്‍ ഉദ്യോഗസ്ഥന്മാര്‍ ചിട്ടി പിടിക്കുന്നു, പൊള്ളച്ചിട്ടി നടത്തുന്നു, ചിട്ടിയിലൂടെ ചിലര്‍ കള്ളപ്പണം വെളുപ്പിക്കുന്നു, തുടങ്ങിയ അഞ്ച് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതായി യൂണിറ്റുകള്‍ക്ക് കൈമാറിയ റെയ്ഡ് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. 

ഇക്കാര്യം വിജിലന്‍സിന്‍റെ ചുമതലയുള്ള സെക്രട്ടറിയേയും അറിയിച്ചിരുന്നു. സഞ്ജയ് കൗളിന്‍റെ കൂടി അനുമതിയോടെയാണ് റെയ്ഡ് നടത്തിയത്. ഒരു കെഎസ്എഫ്ഇ ശാഖയിലെങ്കിലും റെയ്ഡ് നടത്തണമെന്ന നിര്‍ദേശവും എല്ലാ വിജിലന്‍സ് യൂണിറ്റുകള്‍ക്കും ആസ്ഥാനത്തു നിന്നും നല്‍കിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റെയ്ഡുമായി ബന്ധപ്പെട്ട വിശദീകരണം  വിജിലന്‍സ് സര്‍ക്കാരിനു ഉടന്‍ കൈമാറും.

വിജിലൻസിന് പിടിവീഴും

കെഎസ്എഫ്ഇ റെയ്ഡിൽ തുടർനടപടി ആവശ്യപ്പെടാതിരിക്കാൻ വിജിലൻസിനു മേൽ കടുത്ത സമ്മർദം. 20 ശാഖകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു സർക്കാരിനു പ്രാഥമിക റിപ്പോർട്ട് നൽകാനായിരുന്നു വിജിലൻസ് നീക്കം. എന്നാൽ കൂടിയാലോചനകൾക്കു ശേഷം റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്നും റെയ്ഡ് വിവരങ്ങൾ പുറത്തുവിടരുതെന്നും വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. അവധിയിലുള്ള സുധേഷ് കുമാർ ഉടൻ തിരിച്ചെത്തണമെന്നു സർക്കാരും ആവശ്യപ്പെട്ടു.

റെയ്ഡ് വിവാദമാവുകയും ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവ‍ർ രൂക്ഷമായി പ്രതികരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണു വിജിലൻസിന്റെ ചുവടുമാറ്റം. കെഎസ്എഫ്ഇ മന്ത്രി തോമസ് ഐസക്കിന്റെയും വിജിലൻസ് മുഖ്യമന്ത്രി പിണറായി വിജയന്റെയും കീഴിലാണ്. റെയ്ഡിൽ ഗൂഢാലോചന നടന്നെന്നു മുതിർന്ന സിപിഎം നേതാക്കൾ തന്നെ ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പു കാലത്തു പ്രതിപക്ഷത്തിനു സർക്കാരിനെ വിമർശിക്കാൻ ആയുധം നൽകിയെന്നും വിലയിരുത്തലുണ്ടായി. 

ഇതോടെയാണ്, തുടർനടപടി ഉടൻ വേണ്ടെന്ന തീരുമാനത്തിൽ വിജിലൻസ് എത്തിയത്. വിജിലൻസ് ഡയറക്ടർ അവധിയിൽ പോയപ്പോൾ ഐജി എച്ച്. വെങ്കിടേഷിനായിരുന്നു ചുമതല. റെയ്ഡിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ അതൃപ്തരാണെന്നാണു സൂചന. 

സിപിഎം ചർച്ചയ്ക്ക്

റെയ്ഡ് വിവാദം എത്രയും വേഗം ചർച്ചയ്ക്കെടുക്കാൻ സിപിഎം തീരുമാനം. ഒരുപക്ഷേ, ഇന്നു തന്നെ അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് ചർച്ച നടത്തും. മന്ത്രി തോമസ് ഐസക്കിനു പിന്നാലെ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ഇന്നലെ റെയ്ഡിനെതിരെ രംഗത്തെത്തി. എ.വിജയരാഘവൻ സംസ്ഥാന സെക്രട്ടറിയായ ശേഷം തുടർച്ചയായി രണ്ടാമത്തെ വിഷയത്തിലാണു പാർട്ടിയിൽ പരസ്യ വിമർശനം ഉയരുന്നത്. തിരഞ്ഞെടുപ്പു കാലത്ത് ആഭ്യന്തര വകുപ്പ് വിവാദങ്ങളുടെ പ്രഭവകേന്ദ്രമാകുന്നതിൽ ഒരു വിഭാഗത്തിനു കടുത്ത അതൃപ്തിയുണ്ട്.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമോ അദ്ദേഹത്തിന്റെ അനുവാദത്തോടെയോ റെയ്ഡ് നടന്നതായി നേതാക്കൾ വിലയിരുത്തുന്നില്ല. എന്നാൽ, പൊലീസിൽ രാഷ്ട്രീയ നിയന്ത്രണം ചോർന്നോ എന്നതാണു ചോദ്യം. പരാതികളുടെ അടിസ്ഥാനത്തിൽ പല സ്ഥാപനങ്ങളിലും നടന്നുവരുന്ന റെയ്ഡിന്റെ ഭാഗമായാണു കെഎസ്എഫ്ഇയിലും പരിശോധന നടന്നതെന്നു വിജിലൻസ് കേന്ദ്രങ്ങൾ പറയുന്നു. മന്ത്രി തന്നെ അതിനെതിരെ ആഞ്ഞടിക്കുമെന്ന് അവരും കരുതിയില്ല. 

English Summary: CPM takes a severe view of KSFE raid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com