ADVERTISEMENT

കൊച്ചി∙ റെയ്ഡിന്റെ വിവരങ്ങൾ ചോർത്തിയത് കൈക്കൂലി വാങ്ങിയിട്ടാണോ എന്നു പോലും സംശയിക്കണമെന്ന് കെഎസ്എഫ്ഇ ഡയറക്ടർ ബോര്‍ഡ് അംഗം വി.കെ. പ്രസാദ്. സ്ഥാപനത്തിന് എതിരെ ഉയർത്തിയിട്ടുള്ള ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്.

കൊള്ളപ്പലിശ വാങ്ങിയുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ സ്വർണപ്പണയത്തിൽ നിന്ന് സാധാരണ ജനങ്ങളെ മോചിപ്പിക്കുന്നതിനാണ് സ്വർണപ്പണയം ഉൾപ്പടെയുള്ള കാര്യങ്ങളിൽ കെഎസ്എഫ്ഇ ഊന്നൽ നൽകിയത്. ഇത് വൻ വിജയമാണ് കണ്ടത്. 3000 കോടി രൂപയാണ് ഒന്നര വർഷംകൊണ്ട് സ്വർണപ്പണയം നൽകിയിരിക്കുന്നത്. ഇത് പുതിയ ബോർഡ് വന്നതിനു ശേഷമുള്ള ബോധപൂർവമുള്ള തീരുമാനമാണ്.

ഇന്ന് കേരളത്തിലെ മൊത്തം ചിട്ടിയുടെ 80 ശതമാനം കെഎസ്എഫ്ഇയുടെ കയ്യിലാണ്. 22 ലക്ഷത്തോളം ഇടപാടുകാരുണ്ട് കെഎസ്എഫ്ഇയ്ക്ക്, 55000 കോടി രൂപയുടെ ബിസിനസുണ്ട്, ഇങ്ങനെ ഒരു സ്ഥാപനത്തെ തകർത്തതുകൊണ്ട് ആർക്കാണ് ഗുണം എന്ന് ചിന്തിച്ചാൽ ആർക്കു വേണ്ടിയാണ് ഈ വ്യാജപ്രചരണങ്ങളെന്ന് മനസിലാകുമെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു.

ഹോംവർക് ചെയ്തിട്ടു വരാമായിരുന്നു

കെഎസ്എഫ്ഇയുടെ 36 ബ്രാഞ്ചുകളിലാണ് വിജിലൻസ് റെയ്ഡ് നടന്നത്. കുറഞ്ഞത് കെഎസ്എഫ്ഇയുടെ നിയമങ്ങൾ എന്തെല്ലാമാണെന്ന് ഒരു ഹോംവർക്കെങ്കിലും ചെയ്തിട്ടു വേണമായിരുന്നു വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡിനു വരാനും പുറത്ത് പറയാനും. റെയ്ഡ് നടത്തിയതിൽ ഒരു പ്രശ്നവുമില്ല. സർക്കാർ സ്ഥാപനമാണ്, റെയ്ഡ് നടത്താം. ഒരു സ്ഥാപനത്തിൽ റെയ്ഡ് നടത്തുമ്പോൾ ആ സ്ഥാപനത്തിന്റെ നിയമങ്ങളെന്താണ്, വ്യവസ്ഥകളെന്താണ് എന്ന് ഹോം വർക്ക് ചെയ്യണം. സംശയങ്ങൾ ചോദിച്ച് മനസിലാക്കണം. ഇതൊന്നും ചെയ്യാതെയായിരുന്നു റെയ്ഡ്. ഇതു സംബന്ധിച്ച് കെഎസ്എഫ്ഇക്കാരോട് വിജിലൻസ് ഒരു വാക്ക് ചോദിച്ചിട്ടില്ല, പറഞ്ഞിട്ടില്ല, ഇതുവരെ റിപ്പോർട്ട് തന്നിട്ടുമില്ല. ഇവർ പറഞ്ഞു എന്ന പേരിൽ വാർത്തകളായി വന്ന കാര്യങ്ങൾ വളരെ ബാലിശമാണ്. 

കെഎസ്എഫ്ഇ പണം വകമാറ്റി ചെലവഴിക്കുന്നു, ട്രഷറിയിൽ അടയ്ക്കുന്നില്ല എന്നതാണ് ഒരു കുറ്റം. കെഎസ്എഫ്ഇയുടെ പണം ട്രഷറിയിൽ അടയ്ക്കാൻ വ്യവസ്ഥയില്ല. ഒരു ദിവസം പരമാവധി 20000 രൂപ മാത്രമാണ് പണമായി ഓഫിസിൽ വയ്ക്കാൻ സാധിക്കൂ. ബാക്കി ബാങ്കിലടയ്ക്കണമെന്നാണ്. ബാങ്കുകളിൽ നിന്ന് അതതു ദിവസം ഓരോ ബ്രാഞ്ചും തൃശൂരുള്ള പ്രധാന അക്കൗണ്ടിലേക്കു പണം ട്രാൻസ്ഫർ ചെയ്യും.

കെഎസ്എഫ്ഇ ട്രഷറിയിലേയ്ക്ക് മാറ്റുന്നത് ചിട്ടിയുടെ രജിസ്ട്രേഷനു വേണ്ട പണമാണ്. ബാക്കിയുള്ളത് ചിട്ടിക്ക് റോൾ ചെയ്യുന്നതിന് വേണം, ചിട്ടി കിട്ടുന്നവർക്ക് പണം കൊടുക്കണം. ഇതാണ് കെഎസ്എഫ്ഇയുടെ സംവിധാനം. എഫ്ഡി ഇല്ലാതെ ചിട്ടി രജിസ്റ്റർ ചെയ്യുന്നു എന്നാണ് ഉയർത്തിയിരിക്കുന്ന മറ്റൊരു ആരോപണം. അത് കെഎസ്എഫ്ഇ വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല, രജിസ്ട്രേഷൻ വകുപ്പാണ് ചിട്ടി രജിസ്റ്റർ ചെയ്യുന്നത്. എഫ്ഡി ഇല്ലാതെ അവർ രജിസ്റ്റർ ചെയ്യില്ല. 

ജീവനക്കാർക്ക് ചിട്ടി ചേരാം

ജീവനക്കാർക്ക് കെഎസ്എഫ്ഇയുടെ ചിട്ടി ചേരുന്നതിൽ വിലക്കില്ല. വരുമാനത്തിന്റെ പരിധിക്ക് അനുസരിച്ച് ചെയ്യാം. വരുമാനത്തേക്കാൾ വലിയ ചിട്ടിയിൽ ചേർന്നാൽ അത് പ്രശ്നമാണ്. ആകെ പറയുന്ന സംഗതി പൊള്ളചിട്ടിയുടെ കാര്യമാണ്. 40 പേരുള്ള ഒരു ചിട്ടി തുടങ്ങുമ്പോൾ 39 പേർ പണമടച്ച് ചേരുന്നു. ഒരാളുടെ കുറവ് വരുമ്പോൾ ആ ഒരാളെ ചിട്ടിയിലേക്കു നിർബന്ധിച്ച് ചേർക്കാറുണ്ട്. അത് ചിട്ടി എന്ന ഉൽപന്നത്തിന്റെ പോരായ്മയാണ്. ഇവരുടെ ചെക്ക് ചില സാഹചര്യത്തിൽ മടങ്ങിയെന്നു വരാം.

ഈ സാഹചര്യത്തിൽ കെഎസ്എഫ്ഇയുടെ പണം ഇവിടെ നിക്ഷേപിക്കുന്നു. ഇങ്ങനെ നിക്ഷേപിക്കുന്ന പണത്തിന് കെഎസ്എഫ്ഇയ്ക്ക് പലിശ ലഭിക്കുന്നുണ്ട്.  ഈ ചിട്ടി പിന്നീട് അദ്ദേഹം തുടരുമ്പോൾ പലിശ സഹിതമാണ് തിരിച്ചു വാങ്ങുന്നത്. അത് പലപ്പോഴും ബിസിനസ് നിലനിൽപ്പിനു പ്രായോഗികമായി ചെയ്യേണ്ടി വരുന്ന കാര്യമാണ്. ഈ സാഹചര്യം പോലും ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളാണ് ബോർഡ് നടത്തിവരുന്നത്. ഇത് സെൻട്രലൈസ് ചെയ്യുന്നതിനുള്ള ഒരു സോഫ്ട്‍വെയറിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. 

ഒരു ചിട്ടിയിൽ ഒന്നോ രണ്ടോ എണ്ണമാണ് ഇത്തരത്തിൽ വരാറുള്ളത്. ഇതിന്റെ മറവിൽ ജീവനക്കാർ വൻ ക്രമക്കേട് നടത്തുകയോ ബോധപൂർവമായ തട്ടിപ്പു നടത്തുകയോ ചെയ്താൽ നടപടി എടുക്കാറുണ്ട്. എത്രയോ ജീവനക്കാരുടെ പേരിൽ കർശന നടപടി എടുത്തിട്ടുണ്ട്. എന്തെങ്കിലും ക്രമക്കേട് നടത്തിയിട്ടുള്ള ജീവനക്കാരെ പിന്നെ സാമ്പത്തിക ഇടപാടുള്ളിടത്ത് പോസ്റ്റ് ചെയ്യാറില്ലെന്നതാണ് നയം. കടുത്ത ക്രമക്കേട് നടത്തിയവരെ അച്ചടക്ക നടപടിക്ക് വിധേയമാക്കി പിരിച്ചു വിടും. ഇങ്ങനെ ഒരു സ്ഥാപനത്തെയാണ് മുന്നും പിന്നും നോക്കാതെ കുറ്റപ്പെടുത്തുന്നത്. 

സ്വർണം സുരക്ഷിതമാണ്

ഇവിടെ സ്വർണപ്പണയം സുരക്ഷിതമല്ലെന്നാണ് ഒരു ആരോപണം. സ്വർണം എടുത്ത് ലോക്കറിൽ വയ്ക്കുന്നതു വരെ ബന്ധപ്പെട്ട ഓഫിസറുടെ മേശയിൽ ഇരിക്കുന്നു. ബാങ്കിലും ഇതു തന്നെയാണ് ചെയ്യാറുള്ളത്. ബാങ്കിൽ ജോലി ചെയ്തയാൾ എന്ന നിലയിൽ അതറിയാം. ഇങ്ങനെയുള്ള കാര്യങ്ങളെ എടുത്ത് പെരുപ്പിച്ച് കാണിച്ച് ഇവിടെ വലിയ കുംഭകോണമാണ് എന്നു വരുത്തിത്തീർക്കുന്നത് മറ്റാർക്കോ വേണ്ടി ചെയ്തതു പോലെയാണ് തോന്നുന്നത്.

വിജിലൻസ് റെയ്ഡ് ആർക്കെങ്കിലും വേണ്ടി നടത്തി എന്നു പറയില്ല. പക്ഷെ റെയ്ഡിനെ തുടർന്ന് വിജിലൻസ് കൊടുത്തതായി വന്ന വാർത്തകളുമായി ബന്ധപ്പെട്ടാണ് ഇത് പറയുന്നത്. വിജിലൻസാണ് റിപ്പോര്‍ട്ട്‌ കൊടുത്തതെങ്കിൽ അത് സർക്കാരിന് കൊടുക്കണം, കെഎസ്എഫ്ഇയ്ക്ക് കൊടുക്കണം, അല്ലെങ്കിൽ അത് ഊഹാപോഹമേ ആകൂ.

ക്രമക്കേട് ഇല്ലെന്ന് 100 ശതമാനം ഉറപ്പ്

ഒരു കാര്യം തറപ്പിച്ചു പറയാനാകും, കെഎസ്എഫ്ഇയിൽ യാതൊരു വിധത്തിലുമുള്ള ക്രമക്കേടും നടക്കുന്നില്ല. ഏതെങ്കിലും ബ്രാഞ്ചുകളിൽ വ്യക്തിപരമായി ഏതെങ്കിലും ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായാൽ ഇനിയാണെങ്കിലും അത് അന്വേഷിക്കും, നടപടി എടുക്കും. 36 ബ്രാഞ്ചുകളിൽ റെയ്ഡ് നടത്തി ഒരു ബ്രാഞ്ചിലെ ജീവനക്കാരൻ 20 ചിട്ടി ചേർന്നു എന്ന് പറയുന്നു. അത് ഏത് ബ്രാഞ്ചിലാണെന്ന് പറഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിൽ വസ്തുത എന്താണെന്ന് അറിയാൻ ഈ ബ്രാഞ്ചുകളിൽ എല്ലാം ഇന്ന് ആഭ്യന്തര ഓഡിറ്റിന് ആളുകളെ അയച്ചിട്ടുണ്ട്. കെഎസ്എഫ്ഇയിൽ നടന്ന റെയ്ഡ് മുഖ്യമന്ത്രിയുടെ ഉപദേശകരിൽ ഒരാളുടെ അറിവോടെ ഒരു സ്വകാര്യ സ്ഥാപനത്തെ സഹായിക്കാനാണ് എന്ന തരത്തിൽ പുറത്തു വരുന്ന വാർത്തകളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary : KSFE Director VK Prasad speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com