ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിക്ക് പലരില്‍ നിന്നായി 30 ലക്ഷത്തിലധികം രൂപ കിട്ടാനുണ്ടെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം. ജോളി ആദ്യഘട്ടത്തില്‍ നല്‍കിയ മൊഴിയില്‍ റിയല്‍ എസ്റ്റേറ്റുകാരെക്കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു. 

പണം നല്‍കാനുള്ളവര്‍ക്ക് കേസുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണസംഘം സമാന്തരമായി പരിശോധിക്കും. പണം പിരിച്ചെടുക്കാന്‍ തനിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ബി.എ.ആളൂരിന്റെ ഹര്‍ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.

ജോളി ജയിലിലായതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള അനുമതി നല്‍കണമെന്ന അഭിഭാഷകന്‍ ബി.എ.ആളൂരിന്റെ നീക്കമാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചത്. കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയതുമായ പണമാണ് ജോളിക്ക് ലഭിക്കാനുള്ളതെന്നാണ് വിവരം. വിചാരണ തടവുകാരിയായി കഴിയുന്നതിനാല്‍ പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പരാതി. 

സാമ്പത്തിക കാര്യങ്ങളില്‍ പ്രതിയുടെ അഭിഭാഷകന്‍ ഇടപെടുന്നത് പ്രോസിക്യൂഷനും ശ്രദ്ധയോടെയാണ് കാണുന്നത്. കാരണം കൊലപാതക പരമ്പരയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ജോളിയുടെ സാമ്പത്തിക നേട്ടമായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.ജയിലിന് പുറത്ത് അഭിഭാഷകനുമായി സംസാരിക്കാനുള്ള അവസരമൊരുക്കണമെന്ന ആവശ്യവും ജോളി ഉന്നയിച്ചിട്ടുണ്ട്. 

English Summary: Police Probe on new revelation regarding Koodathayi Cyanide Murders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com