ന്യൂഡൽഹി∙ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയെയും കേന്ദ്ര സർക്കാരിനെയും വിറപ്പിച്ചു രാജ്യത്തെ കർഷകർ നടത്തുന്ന ശക്തമായ സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ പാർട്ടികളുടെ കൊടിയോ മുദ്രാവാക്യമോ ഒന്നുമില്ലാതെ സമരമിരിക്കുന്ന കർഷകർക്കു സഹായം ചെയ്യാൻ രാഹുൽ കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടു.
കർഷകർക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും എത്തിച്ചു നൽകണമെന്നു രാഹുൽ പറഞ്ഞു. ‘ഈ തണുപ്പിൽ രാജ്യത്തെ കർഷകർ വീടും വയലും ഉപേക്ഷിച്ച് ഡൽഹിക്ക് വന്നിരിക്കുന്നതു കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ കരിനിയമത്തിനെതിരെ പ്രതിഷേധിക്കാനാണ്. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പമാണ്? അന്നദാതാക്കളായ കര്‍ഷകര്‍ക്ക് ഒപ്പമോ അതോ പ്രധാനമന്ത്രിയുടെ മുതലാളിത്ത സുഹൃത്തുക്കള്‍ക്കൊപ്പമോ?’– രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കര്‍ഷക പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. ഡല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും അടയ്ക്കുമെന്നു ഭീഷണി മുഴക്കി ആയിരക്കണക്കിനു കര്‍ഷകരാണു പ്രതിഷേധിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണു കര്‍ഷകര്‍. ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്കു മാറിയാല്‍ ചര്‍ച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം കര്‍ഷകര്‍ തള്ളി. നിബന്ധനകൾവച്ചുള്ള ചർച്ചയ്ക്കു തയാറല്ലെന്നാണു കർഷകരുടെ നിലപാട്.
English Summary: Rahul Gandhi urges Cong workers to provide food, help to protesting farmers