ADVERTISEMENT

ന്യൂഡൽഹി∙ പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസ് അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കേസ് രേഖകൾ എത്രയും വേഗം പൊലീസ് സിബിഐക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. കോടതി വിധി ദൈവാനുഗ്രഹമെന്ന് കൊല്ലപ്പെട്ട ശരത്‌ലാലിന്റെ അച്ഛൻ സത്യനാരായണൻ പ്രതികരിച്ചു. സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞു. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും തിരിച്ചടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.

2019 ഫെബ്രുവരി 17 നാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതി കുറ്റപത്രം റദ്ദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു കുറ്റപത്രം റദ്ദാക്കിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. 

കേസ് ഡയറി പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മാത്രം പരിഗണിച്ചാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നു സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നു. ഹര്‍ജിക്കാര്‍ ആവശ്യപ്പെടാതെയാണു കുറ്റപത്രം റദ്ദാക്കിയത്. അനുമാനങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിധി നിയമപരമായി നിലനില്‍ക്കില്ല. ഭരണമുന്നണി അംഗങ്ങളായ പാര്‍ട്ടിക്കാരാണു പ്രതികള്‍ എന്നതുകൊണ്ടു മാത്രം അന്വേഷണം ശരിയല്ലെന്നു പറയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

പെരിയ കേസ് സിബിഐക്ക് കൈമാറിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്ക് എതിരെ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം തടസ്സഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും കേസ് ഡയറി സിബിഐക്കു കൈമാറാത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ കോടതിയലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. സര്‍ക്കാര്‍ വാദം മാത്രം കേട്ടു സിബിഐ അന്വേഷണം സ്റ്റേ ചെയ്യരുതെന്നും തങ്ങള്‍ക്കു പറയാനുള്ളതു കൂടി കേള്‍ക്കണമെന്നുമാണ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

English Summary: Supreme Court Rejects Kerala Government's Plea in Periya Twin Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com