ADVERTISEMENT

തിരുവനന്തപുരം∙ബുറെവി ചുഴലിക്കാറ്റ് സംബന്ധിച്ച് സംസ്ഥാനം സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ഡിസംബര്‍ 4നു തിരുവനന്തപുരത്ത് കൂടി കടന്നു പോകാനുള്ള സാധ്യതയാണ് കാണുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡിസംബര്‍ 3-ാം തീയതി മുതല്‍ 5-ാം തീയതി വരെ ഇത് തുടരുമെന്നാണ് കരുതുന്നത്. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറില്‍ 60 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. എറണാകുളം, ഇടുക്കിയിലെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കി.മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യം താഴ്ന്ന പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിച്ചേക്കാം. മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

പത്തനംതിട്ട ജില്ലയ്ക്ക് അതിതീവ്ര മഴക്കും ശക്തമായ കാറ്റിനുമുള്ള  മുന്നറിയിപ്പുള്ളതിനാല്‍ ചുഴലിക്കാറ്റ് കടന്നുപോകുന്നത് വരെ ശബരിമല തീർഥാടനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. ഡിസംബര്‍ 3 മുതല്‍ 5 വരെ തീയതികളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. സ്കൂളുകളും കോളജുകളും ഇപ്പോള്‍ തന്നെ അവധിയിലാണ്. ജാഗ്രത പാലിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനാവശ്യമായ സജ്ജീകരണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണം.

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ 3നു മഴയുടെ തീവ്രത അതിശക്തമാകുമെന്ന സൂചനയുണ്ട്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഡിസംബര്‍ 5 വരെയാണ് വിലക്ക്. ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം. എന്‍ഡിആര്‍എഫിന്‍റെ എട്ട് ടീമുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എയര്‍ഫോഴ്സിന്‍റെ സജ്ജീകരണങ്ങള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ എയര്‍ഫോഴ്സ് ബേസിലാണ് ഒരുക്കിയിരിക്കുന്നത്. നാവികസേനയും സജ്ജമാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി ഇതിനകം യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നെയ്യാര്‍, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകളില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടേണ്ട സാഹചര്യം ഉണ്ടായേക്കും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നു. ചുഴലിക്കാറ്റ് കാരണം മാറ്റി പാര്‍പ്പിക്കേണ്ടിവരുന്നവര്‍ക്കായി സംസ്ഥാനത്ത് 2849 ക്യാംപുകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് ആകെ 13 ക്യാംപുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മെഴുകുതിരി, തീപ്പെട്ടി, സാധ്യമെങ്കില്‍ റേഡിയോ, ചാർജ് ചെയ്ത മൊബൈലുകള്‍, മരുന്ന്, അത്യാവശ്യ ആഹാര സാധനങ്ങള്‍ എന്നിവ കരുതണം. വിലപ്പെട്ട രേഖകളും മറ്റുള്ളവയും പ്രത്യേകം സൂക്ഷിക്കണം. സഹായത്തിനായി കണ്‍ട്രോള്‍ റൂമിലെ 1077 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കും.

English Summary : CM Pinarayi Vijayan on buravi cyclone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com