ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ പാസാക്കിയ 3 കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി അതിർത്തിയിൽ ലക്ഷക്കണക്കിനു കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ രാഷ്ട്രീയക്കാർക്കു പ്രവേശനമില്ല! രാഷ്ട്രീയമില്ലാത്ത ജീവിത സമരമാണു തങ്ങളുടേതെന്നു പ്രഖ്യാപിച്ചാണു രാഷ്ട്രീയ നേതാക്കൾ സമരസ്ഥലത്തേക്കെത്തുന്നതിനു കർഷകർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

രാഷ്ട്രീയം പടിക്കു പുറത്ത്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സമരവേദിയിലെത്താൻ താൽപര്യം അറിയിച്ചെങ്കിലും ആരും വരേണ്ടെന്ന മറുപടിയാണു കർഷക സംഘടനാ നേതാക്കൾ നൽകിയത്. തങ്ങളിലൊരാളായി സമരസ്ഥലത്തു വന്നിരിക്കുന്നതിൽ എതിർപ്പില്ല; പക്ഷേ, സമരത്തിന്റെ മറവിലുള്ള രാഷ്ട്രീയ പ്രസംഗങ്ങൾ വേണ്ടെന്നാണു സംഘടനകളുടെ നിലപാട്.

ഇക്കാര്യം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെയും അവർ അറിയിച്ചു. രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം തങ്ങളുടെ സമരത്തിനു രാഷ്ട്രീയ നിറം നൽകുമെന്നും അതു മുതലാക്കി കേന്ദ്ര സർക്കാർ പ്രചാരണം നടത്തുമെന്നും വിലയിരുത്തിയാണ് ‘ഇവിടെ രാഷ്ട്രീയം പറയരുതെന്ന’ നയം സ്വീകരിക്കാൻ കർക്കാർ തീരുമാനിച്ചത്.

amarinder-rahul
അമരീന്ദർ സിങ്, രാഹുൽ ഗാന്ധി

‌യോഗേന്ദ്ര യാദവിനു സംഭവിച്ചതെന്ത്?

സാമൂഹിക പ്രവർത്തകനും സ്വരാജ് അഭിയാൻ എന്ന രാഷ്ട്രീയ, സാമൂഹിക സംഘടനയുടെ നേതാവുമായ യോഗേന്ദ്ര യാദവ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരും കർഷക സംഘടനാ നേതാക്കളും തമ്മിലുള്ള യോഗത്തിൽ പങ്കെടുക്കാതിരുന്നതിനു പിന്നിലും കർഷകരുടെ രാഷ്ട്രീയ വിരോധം പ്രകടം. യോഗേന്ദ്ര യാദവ് തങ്ങളുടെ നേതാവ് ചമയുന്നതിൽ കർഷക നേതാക്കളിൽ ചിലർ കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നെത്തിയ ലക്ഷക്കണക്കിനു കർഷകരുടെ ‘നേതാവാകാൻ’ യാദവ് സ്വയം മുന്നോട്ടു വന്നതാണു സംഘടനാ നേതാക്കളെ ചൊടിപ്പിച്ചത്.

ചൊവ്വാഴ്ച കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കാനുള്ള പ്രതിനിധി സംഘത്തിൽ യാദവിന്റെ പേരും ആദ്യം ഉൾപ്പെട്ടിരുന്നു. ഇതിനെതിരെ സംഘടനാ നേതാക്കളിൽ ചിലർ രംഗത്തുവന്നു. രാഷ്ട്രീയ ബന്ധമുള്ള യാദവിനെ പങ്കെടുപ്പിക്കാനാവില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിലപാടെടുത്തതിനാൽ, അദ്ദേഹത്തിന്റെ പേര് പട്ടികയിൽ നിന്നൊഴിവാക്കിയെന്നു പിന്നാലെ സംഘടനകൾ അറിയിച്ചു. യാദവിനെ ഒഴിവാക്കാൻ കർഷകർ തന്നെ പ്രയോഗിച്ച തന്ത്രമായിരുന്നു ഇതെന്നും അമിത് ഷായ്ക്ക് സംഭവവുമായി ഒരുവിധ ബന്ധവുമില്ലെന്നും സംഘടനാ നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു.

1200-yogendra-yadav-protest
യോഗേന്ദ്ര യാദവ്

വെടിയേൽക്കാനും തയാർ!

സമീപകാലത്തൊന്നും രാജ്യതലസ്ഥാനം കണ്ടിട്ടില്ലാത്ത വിധമുള്ള വൻ പ്രക്ഷോഭത്തിന് കർഷകർ അരങ്ങൊരുക്കിയതെങ്ങനെ? പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ നാൽപതോളം കർഷക സംഘടനകൾ തമ്മിലുള്ള ഐക്യമാണ്, ഇത്രയുമധികം ആളുകളെ അണിനിരത്താൻ സഹായിച്ചത്. രണ്ടര ലക്ഷത്തോളം കർഷകരാണു ഡൽഹിയുടെ അതിർത്തി മേഖലകളിലുള്ള സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ അണിനിരന്നത്. ഇതിൽ അര ലക്ഷത്തോളം പേർ ഭാര്യയും മക്കളുമടക്കം കുടുംബസമേതമാണ് എത്തിയിരിക്കുന്നത്.

പൊലീസിന്റെ ഏതു ബലപ്രയോഗവും നേരിടാൻ തയാറായാണു കർഷകർ എത്തിയിരിക്കുന്നത്. ഭക്ഷണമുണ്ടാക്കുന്നതും റോഡുകൾ വൃത്തിയാക്കുന്നതും താമസിക്കാൻ സ്ഥലമൊരുക്കുന്നതുമടക്കം ഓരോരുത്തർക്കും വ്യക്തമായ ജോലികൾ നിശ്ചയിച്ചിട്ടുണ്ട്. അതിരുവിട്ട ബലപ്രയോഗത്തിനൊടുവിൽ പൊലീസ് വെടിവയ്പിനു മുതിർന്നാൽ, മറ്റുള്ളവർക്കു സുരക്ഷാ കവചമൊരുക്കി വെടിയുണ്ടകൾക്കു മുന്നിൽ നിൽക്കാനും കർഷകരിൽ ഒരു സംഘം തയാർ!

English Summary: No Politics in Farmers Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com